ദിൽഷാ പ്രസന്നനും റംസാൻ മുഹമ്മദും പ്രണയത്തിലോ? മനസ് തുറന്ന് റംസാൻ


മാസ്മരികമായ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരജോഡിയാണ് ദില്‍ഷ പ്രസന്നനും റംസാന്‍ മുഹമ്മദും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാവുന്നത്. ബിഗ് ബോസ് നാലാം സീസണ്‍ വിജയകിരീടം അണിഞ്ഞ ശേഷം ദില്‍ഷ റംസാനൊപ്പം നിരവധി നൃത്ത വീഡിയോകള്‍ ചെയ്തിരുന്നു.

പ്രണയത്തിന്റെ തീവ്രത വിളിച്ചോതുന്ന ഭാവങ്ങളും ചുവടുകളുമുള്ള ഇരുവരുടെയും നൃത്ത വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഓരോ വീഡിയോ പുറത്ത് വരുമ്പോഴും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ അവയെല്ലാം സ്വീകരിക്കാറ്. യഥാര്‍ത്ഥ കമിതാക്കളാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ ഓരോ പെര്‍ഫോമന്‍സും എന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

അതേസമയം ദില്‍ഷയും റംസാനും യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യവും പല ആരാധകരും ചോദിക്കുന്നുണ്ട്. അടുത്തിടെ ഒരു ഉദ്ഘാടന ചടങ്ങിലും ദില്‍ഷയും റംസാനും ഒന്നിച്ചെത്തിയിരുന്നു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടുവെന്ന അഭ്യൂഹവും ശക്തമായിരുന്നു.

റംസാനൊപ്പമല്ലാതെ ദില്‍ഷയെ ഇപ്പോള്‍ കാണാനില്ലല്ലോ എന്ന കമന്റിട്ടവര്‍ നിരവധിയാണ്. റംസാനുമായുള്ള അഭിമുഖം ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ സാനിയയെയോ ദില്‍ഷയെയോ വിളിക്കാനായി അവതാരക റംസാനോട് ആവശ്യപ്പെട്ടപ്പോള്‍ ദില്‍ഷയെയാണ് റംസാന്‍ വിളിച്ചത്. ഇതും ആരാധകരുടെ സംശയങ്ങള്‍ക്ക് ബലം നല്‍കി.

റംസാനെ കുറിച്ച് ദില്‍ഷ പറഞ്ഞ കാര്യങ്ങള്‍ കൂടെ കേട്ടതോടെ ഇരുവരും തമ്മില്‍ അഗാധമായ പ്രണയത്തിലാണെന്ന് പലരും ഉറപ്പിച്ചു.

‘ഞങ്ങള്‍ പണ്ട് മുതലേ നല്ല ഫ്രണ്ട്‌സാണ്. ഇപ്പോള്‍ കുറച്ച് കൂടി ക്ലോസായി എന്ന് പറയാം.’ -ഇതായിരുന്നു ദില്‍ഷയുടെ വാക്കുകള്‍. ക്ലോസ് എന്ന് പറയുമ്പോള്‍ പ്രേമമാണോ എന്നാണ് പലരും താഴെ കമന്റിട്ടത്.

എന്നാല്‍ ഈ സംശയങ്ങള്‍ക്കെല്ലാം അറുതി വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ റംസാന്‍. താനും ദില്‍ഷയും നല്ല കൂട്ടുകാര്‍ മാത്രമാണ് എന്നാണ് റംസാന്‍ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഇഷ്ട ജോഡികള്‍ പ്രണയത്തില്ല എന്നറിഞ്ഞതിന്റെ നിരാശയിലാണ് ഇപ്പോള്‍ ആരാധകര്‍. എങ്കിലും ഇരുവര്‍ക്കുമിടയില്‍ എന്നെങ്കിലും പ്രണയം പൂത്തുലയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight / English Summary: Fans ask if Dilsha Prasannan and Ramzan Muhammed are in love and Ramzan makes it clear.