അശ്വന്ത് കോക്കിന്റെ പ്രവചനം തെറ്റിയില്ല, ഒടുവിൽ അഖിൽ‌ മാരാർ ബി​ഗ് ബോസിൽ കയറി, ഇനിയാണ് യഥാർത്ഥ യുദ്ധം| Akhil Marar| Aswanth kok | bigg boss


യൂട്യൂബർ അശ്വന്ത് കോക്കും സംവിധായകൻ അഖിൽ മാരാരും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധത്തിനിടെ അശ്വന്ത് പറഞ്ഞിരുന്നു, ബി​ഗ് ബോസ് സീസൺ അഞ്ച് ലക്ഷ്യമിട്ടാണ് അഖിൽ മാരാരുടെ കളികളെന്ന്. തനിക്കെതിരെ നിന്ന് മീഡിയ പബ്ലിസിറ്റി നേടുകയും അതിലൂടെ ബി​ഗ് ബോസിൽ കയറിപ്പറ്റാൻ വേണ്ടിയുമാണ് അഖിൽ ശ്രമിക്കുന്നതെന്നും അശ്വന്ത് ആരോപിച്ചു. ഒടുവിൽ പ്രവചനം യാഥാർത്ഥ്യമാക്കി അഖിൽ മാരാർ ബി​ഗ് ബോസിലെ മത്സരാർത്ഥിയായിരിക്കുകയാണ്.

‘ബിഗ് ബോസിൽ കയറണമെങ്കിൽ വിവാദങ്ങൾ വേണം. ലൈം ലൈറ്റിൽ നിൽക്കണം. അതിനുവേണ്ടി കളിക്കുകയാണ്. പുള്ളിക്ക് ഇപ്പോൾ സിനിമയില്ല. പ്രൊഡ്യൂസറെ കിട്ടുന്നില്ല.’ ബിഗ് ബോസിൽ പോയാൽ വാചകമടികൊണ്ട് അയാൾക്ക് പിടിച്ചുനിൽക്കാനാവുമെന്നുമായിരുന്നു അശ്വന്ത് കോക്ക് പറഞ്ഞിരുന്നത്.

”അഖിൽ മാരാർക്ക് ഒന്നും അറിയില്ല. അഖിൽ മാരാർ ഒരു കഴിവില്ലാത്തയാളാണ്. ഡയറക്ടർ എന്ന നിലയ്ക്ക് ഒരു കഴിവുമില്ലാത്തയാളാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ആരും കണ്ടിട്ടില്ല. നാട്ടിലെ കുറച്ചു സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ വിട്ട് ഒരാഴ്ച ഓടിച്ചുവെന്നല്ലാതെ ഒരാളും കണ്ടിട്ടില്ല.”- അശ്വന്തിന്റെ വാക്കുകളായിരുന്നു ഇത്.

ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖിൽ മലയാള സിനിമാ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. ഒരു പക്കാ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമെന്ന രീതിയിൽ സിനിമ ചർച്ച ചെയ്യപ്പെട്ടു. 2021ലാണ് അഖിലിന്റെ സിനിമ റിലീസാകുന്നത്. ജോജു ജോർജ്, അജു വർ​ഗീസ്, ഷമ്മി തിലകൻ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

ചിത്രത്തിന്റെ തിരക്കഥയും അഖിലിന്റേതായിരുന്നു. സിനിമക്ക് ശേഷവും മുമ്പും തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് അഖിൽ മാരാർ. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിലും പുറത്തും നിരവധി വിവാദങ്ങളും സൃഷ്ടിച്ചു. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ, ടി വി പ്രേക്ഷകർക്കിടയിലും സുപരിചിതനാണ്. സ്ത്രീപക്ഷ രാഷ്ട്രീയത്തിലടക്കം അഖിലിന്റെ അഭിപ്രായങ്ങൾ ചർച്ചകൾക്ക് വഴിവെച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും അഖിൽ മാരാർ സജീവമാണ്.