”എനിക്ക് ദില്‍ഷയുമായി പ്രശ്‌നങ്ങളൊന്നുമില്ല, നന്നായി തന്നെ പോകട്ടെ”: വിവാഹത്തെക്കുറിച്ച് റോബിന്‍
ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുത്തു എന്ന ഒരൊറ്റ കാരണം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ റോബിനു കഴിഞ്ഞു. റോബിന്‍ മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിന്നിരുന്ന താരം എഴുപത് ദിവസങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ മത്സരിച്ചു.
സീസണ്‍ തുടങ്ങി അധികം വൈകാതെ തന്നെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും റോബിന്‍ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ കലിപ്പന്‍ ഇമേജിന്റെ പേരില്‍ അകത്തും പുറത്തും നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും റോബിന്റെ ആരാധകപിന്തുണ വര്‍ധിച്ചു കൊണ്ടിരുന്നു. മത്സരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും വന്‍ ജനപിന്തുണയാണ് റോബിന് ലഭിച്ചത്.
നിലവില്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് റോബിന്‍. മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം ഈ വര്‍ഷം നടക്കുമെന്ന് റോബിന്‍ അറിയിച്ചിരുന്നു. പൊതുപരിപാടികളിലും മറ്റും സജീവമായ താരം ഒരു അഭിമുഖത്തിലൂടെയാണ് ആരതിയെ പരിചയപ്പെട്ടത്. സിനിമാതാരം കൂടിയായ ആരതിയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു ശേഷം വിവാഹമുണ്ടാകുമെന്നാണ് ഇരുവരും പറഞ്ഞത്.
എന്നാല്‍ തന്റെ വിവാഹത്തിന് ദില്‍ഷയെ വിളിക്കുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റോബിന്‍. എന്താണെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, ഇല്ലാത്ത കാര്യം ഇല്ലെന്നല്ലേ പറയാന്‍ പറ്റുകയുള്ളൂവെന്നും റോബിന്‍ പറയുന്നു.
ദില്‍ഷയെ താന്‍ സുഹൃത്തായി തന്നെയാണ് കാണുന്നതെന്നും എന്നാല്‍ ചില കാര്യങ്ങള്‍ വേണ്ട എന്നാണെന്നും റോബിന്‍ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് ദില്‍ഷയോട് പ്രശ്നങ്ങളൊന്നുമില്ലെന്നും നന്നായിട്ടു തന്നെ പോകട്ടെയെന്നും റോബിന്‍ വ്യക്തമാക്കി.