”അങ്ങനെയൊരു വാക്ക് മലയാളത്തിലുണ്ടോ കുട്ടീ, കോമണർ എന്ന് ഇനി പറയരുത് നിങ്ങളും അതേ സ്റ്റാറ്റസ് ഉള്ളയാളാണ്”; ​ഗോപികയോട് കടുപ്പിച്ച് മോഹൻലാൽ| Bigg Boss| Mohanlal | Gopika


ബി​ഗ്ബോസ് മലയാളം ചരിത്രത്തിൽ തന്നെ സാധാരണക്കാരിൽ നിന്നുള്ള ആദ്യത്തെ പ്രതിനിധിയാണ് ​ഗോപിക. ഷോ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ തർക്കങ്ങൾ വ്യത്യസ്ത തലങ്ങളിലേക്ക് പോവുകയാണ്. സംഘർഷഭരിതവും ആവേശകരവുമായ ഒരു രണ്ടാം വാരമാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ഒരു മോണിംഗ് ആക്റ്റിവിറ്റിയെ തുടർന്ന് ഗോപിക തൻറെ എതിരഭിപ്രായം ഉയർത്തി രം​ഗത്ത് വന്നത് വലിയ പ്രശ്നമായിട്ടുണ്ടായിരുന്നു.

മോഡലിംഗ് രംഗത്ത് നിന്നും വന്ന സെറീനയോട് ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാർഥികളെ വിളിച്ച് വേണ്ട നിർദേശങ്ങൾ നൽകാനാണ് അന്നത്തെ മോണിംഗ് ആക്റ്റിവിറ്റിയിൽ ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സെറീന ആദ്യം ​ഗോപികയെ ആണ് വിളിച്ചത്. തുടർന്ന് ബിഗ് ബോസിൽ വന്നത് മുതൽ ഗോപികയുടെ പ്രകടനം വിലയിരുത്തുന്നതിനിടെ അവർ കോൺഷ്യസ് ആണെന്ന് സെറീന പറഞ്ഞു.

കോൺഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിനെ സെറീന മലയാളീകരിച്ചത് അവകർഷണബോധം എന്നായിരുന്നു. അപകർഷതാ ബോധം എന്ന മലയാളം വാക്ക് തെറ്റിച്ച് പറഞ്ഞതായിരുന്നു അവർ. അതിൻറെ അർഥം ഇൻറഫീരിയോറിറ്റി കോംപ്ലക്സ് ആണെന്ന് ചില മത്സരാർത്ഥികൾ പറഞ്ഞപ്പോൾ താൻ ഉദ്ദേശിച്ചത് അതല്ലെന്നും കോൺഷ്യസ് എന്നതിൻറെ മലയാളമാണെന്നും സെറീന വിശദീകരിച്ചു.

സെറീനയുടെ വിശദീകരണം ​ഗോപിക മുഖവുരയ്ക്കെടുത്തില്ല. അപകർഷതാബോധത്തിൻറെ അർഥം പലപ്പോഴും വിശദീകരിക്കാൻ ശ്രമിച്ചത് ശരിയായി ആണെങ്കിലും അവകർഷണബോധമെന്നാണ് ഗോപിക എല്ലായ്പ്പോഴും ഉച്ചരിച്ചത്. അതിന് വലിയ അർഥങ്ങളാണ് ഉള്ളതെന്നും വാക്കുകൾ അർഥം മനസിലാക്കി ഉച്ചരിക്കണമെന്നും ഗോപിക പറയുന്നുണ്ടായിരുന്നു. മാത്രമല്ല താനൊരു കോമണർ ആയത് കൊണ്ടാണ് തന്നോട് ഇത്തരത്തിലുള്ള പെരുമാറ്റമെന്നും അവർ പറയുന്നുണ്ടായിരുന്നു.

ഞായറാഴ്ച ഷോയിൽ എത്തിയ മോഹൻലാൽ ഇങ്ങനെയൊരു വാക്ക് മലയാളത്തിൽ ഇല്ലെന്ന് ഗോപികയോടും സെറീനയോടുമായി പറഞ്ഞു. അപകർഷതാബോധം എന്ന് ഗോപികയോട് ശരിയായി ഉച്ചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്കൂൾ കാലത്ത് തന്നോട് അപകർഷതയെക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗോപികയോട് അതൊക്കെ ഇപ്പോഴും ഭാരമായി ചുമന്ന് നടക്കുന്നത് എന്തിന് എന്നായിരുന്നു മോഹൻലാലിൻറെ ചോദ്യം. മാത്രമല്ല കോമണർ എന്ന വാക്ക് ഉപയോ​ഗിക്കരുത്, ഈ ഷോയിൽ വന്നതിൽപ്പിന്നെ എല്ലാവരും സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരാണെന്നും ​മോഹൻലാൽ ​ഗോപികയോട് പറഞ്ഞു.