“ബിഗ് ബോസിനോട് എനിക്ക് പരമ പുച്ഛമാണ്, അഞ്ച് മിനുറ്റ് പോലും ഞാൻ ബിഗ് ബോസ് കണ്ടിട്ടില്ല”; പുതിയ സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ ബിഗ് ബോസ് മത്സരാർത്ഥി അഖിൽ മാരാരുടെ പഴയ അഭിമുഖം വൈറലാകുന്നു| Akhil Marar| Bigg boss


സംവിധായകൻ അഖിൽ മാരാർ ബി​ഗ് ബോസ് സീസൺ അഞ്ചിൽ ഉണ്ടാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതിന് കാരണമായത് സിനിമാ നിരൂപകൻ അശ്വന്ത് കോക്കിന്റെ വാക്കുകളും. തന്നെപ്പറ്റി ഇല്ലാവചനങ്ങൾ പറഞ്ഞ് പരത്തി അതിലൂടെ സമൂഹശ്രദ്ധ നേടി ബി​ഗ് ബോസിൽ കയറിപ്പറ്റുക എന്നതാണ് അഖിലിന്റെ ലക്ഷ്യം എന്നായിരുന്നു അശ്വന്ത് പറഞ്ഞിരുന്നത്.

ഒടുവിൽ കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിലെ മത്സരാർത്ഥികളിലൊരാളായി മാറിയിരിക്കുകയാണ് അഖിൽ. ഇതിനിടെ അഖിൽ മാരാർ നേരത്തേ നൽകിയ അഭിമുഖങ്ങളിൽ ബി​ഗ് ബോസിനെക്കുറിച്ച് പറഞ്ഞ വാചകങ്ങൾ വൈറലാവുകയാണ് ഇപ്പോൾ. ബി​ഗ് ബോസിലേക്ക് വിളിച്ചാൽ പോകില്ലെന്നും തനിക്ക് ഷോയോട് പുച്ഛമാണ് എന്നുമായിരുന്നു ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ പറഞ്ഞത്.

”അഞ്ച് മിനിറ്റ് തികച്ച് പോലും ഞാൻ ബി​ഗ് ബോസ് കണ്ടിട്ടില്ല. എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിലില്ല. അതിനേക്കാൾ ഭേദം ഞാൻ ലുലു മാളിൽ പോയി നടു റോഡിൽ മുണ്ട് പൊക്കി നല് പേരെ കൂട്ടുന്നതല്ലേ. അത് കാണാനും കുറെ പേർ വരത്തില്ലേ”- ബി​ഗ് ബോസിൽ പോകുന്നതിനെക്കുറിച്ച് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി അഖിൽ മാരാർ പറഞ്ഞതായിരുന്നു ഇത്.

ഇതിനിടെ അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയും വൈറലാവുന്നുണ്ട്. താൻ ഒരു വലത് പക്ഷക്കാരനാണെന്നും തന്നെ ബി​ഗ് ബോസിലെത്തിച്ചത് അയ്യപ്പൻ ആണ് എന്നല്ലാമാണ് ആ വീഡിയോയിൽ പറയുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5 ലോഞ്ചിന് മുന്നോടിയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് അഖിൽ മാരാർ ഇക്കാര്യം വ്യക്തമാക്കുന്നത്.

”ഞാൻ എന്റെ ലൈഫിൽ ഈ പ്രോഗ്രാമിന്റെ അഞ്ച് മിനിറ്റ് എപ്പിസോഡ് പോലും കണ്ടിരുന്ന ആളല്ല. അല്ലെങ്കിൽ ഇത്തരം പ്രോഗ്രാമുകളിലേക്ക് പോകണം എന്ന് ചിന്തിച്ചിരുന്ന ആളല്ല. സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാനും മികച്ച സിനിമകൾ ചെയ്യാനും വേണ്ടിയിട്ടുള്ള പഠനവും മറ്റ് കാര്യങ്ങളും ഒക്കെ തന്നെയായിരുന്നു. ഒന്ന് രണ്ട് പ്രോജക്ടുകൾ ഈ വർഷം അനൗൺസ് ചെയ്തതായിരുന്നു. ഈ വർഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോൾ അവിചാരിതമായിട്ട് ഈ മാളികപ്പുറം സിനിമയുടെ ചർച്ച വരികയും അത് വലിയ വിവാദങ്ങളായി മാറുകയും അതിനെ തുടർന്ന് ബിഗ് ബോസിലേക്ക് ഒരു വിളി വരികയും ചെയ്തു.

അപ്പോൾ ഞാൻ ജോജു ചേട്ടനോട് ഡിസ്‌കസ് ചെയ്തു. ജോജു ചേട്ടനാണ് പറഞ്ഞത് എടാ നീ ഉറപ്പായിട്ടും ബിഗ് ബോസിൽ പോകണം എന്ന്. നീ ഒരു ബിഗ് ബോസ് മെറ്റീരിയൽ ആണ്. ജോജു ചേട്ടനും ഉണ്ണിമുകുന്ദനും വിജയ് ബാബുവും ഒക്കെയായാണ് പുതിയ പ്രൊജക്ട് ഡിസ്‌കസ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവരെല്ലാവരും പറഞ്ഞു നീ ബിഗ് ബോസിനുള്ള മെറ്റീരിയൽ ആണ് എന്ന്”- അഖിൽ പറയുന്നു.