ഊഹാപോഹമല്ല, ലാലേട്ടന്‍ തന്നെ വെളിപ്പെടുത്തിയതാണ്; ഇത്തവണ ബിഗ് ബോസില്‍ ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍സ്റ്റാര്‍ | Bigg Boss Malayalam Season 5 | Mohanlal


ബിഗ് ബോസ് സീസണ്‍ അഞ്ച് തുടങ്ങാന്‍ ഇനി വെറും ആറ് ദിവസങ്ങള്‍ മാത്രം. ചാനല്‍ പുറത്തുവിടുന്ന ഓരോ പ്രമോയ്ക്ക് വേണ്ടിയും ആവേശത്തോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍. ഏറ്റവും ഒടുവിലായി പുറത്തുവിട്ട പ്രമോയില്‍ ഒരു മത്സരാര്‍ത്ഥിയെക്കുറിച്ച് സൂചന നല്‍കുകയാണ് ലാലേട്ടന്‍.

‘ഇനി ആറ് ദിവസങ്ങളേയുള്ളൂ ഷോ തുടങ്ങാന്‍. ബിഗ് ബോസ് വീട് കീഴ്‌മേല്‍ മറിയാന്‍. പിന്നെ ഒരു കാര്യം ബിഗ് ബോസില്‍ ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍സ്റ്റാര്‍ കൂടിയുണ്ട്. ആരോടും പറയല്ലേ’ എന്നാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്.

പ്രമോ വീഡിയോ പുറത്തുവന്നതോടെ ആ താരം ആരെന്ന ഊഹാപോഹങ്ങളും വ്യാപകമാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അമല ഷാജിയാണ് ഈ സോഷ്യല്‍ മീഡിയ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. യൂട്യൂബറും ബിഗ് ബോസ് റിവ്യൂവറുമായ രേവതി കഴിഞ്ഞദിവസം പുറത്തുവിട്ട 50% ഉറപ്പായ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ലിസ്റ്റിലും അമല ഇടംനേടിയിരുന്നു. ഇതാണ് ഊഹാപോഹങ്ങള്‍ ശക്തമാകാന്‍ കാരണം. അമല വന്നാല്‍ സീസണ്‍ ഫൈവിന് തമിഴ്‌നാട്ടില്‍ നിന്ന് കൂടി ആരാധകരെ ലഭിക്കുമെന്നാണ് രേവതിയുടെ വിലയിരുത്തല്‍.

മാര്‍ച്ച് 26 ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ ഗ്രാന്റ് ലോഞ്ച്. ഏഷ്യാനെറ്റിന് പുറമേ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഇരുപത്തിനാല് മണിക്കൂറും ബിഗ് ബോസിന്റെ സംപ്രേക്ഷണമുണ്ടാവും. ബാറ്റില്‍ ഓഫ് ദി ഒറിജിനല്‍സ് തീ പാറും എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈന്‍.

ബിഗ് ബോസിന്റെ സീസണ്‍ ഫൈവ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചര്‍ച്ചകളില്‍ ഷോ സജീവമാണ്. അഞ്ചാം സീസണിന്റെ തീം പ്രഖ്യാപിക്കുന്ന ഒരു ടീസര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ആ ടീസറിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോയും കഴിഞ്ഞദിവസം ഏറെ ശ്രദ്ധനേടിയിരുന്നു.

മോഹന്‍ലാലും സംഘവും ടീസറിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും തുടര്‍ന്നുള്ള ചിത്രീകരണവുമാണ് വീഡിയോയിലുള്ളത്. മൂന്ന് വ്യത്യസ്ത ലുക്കിലാണ് താരം ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ടീസര്‍ ഇറങ്ങിയ ഉടന്‍ തന്നെ താരത്തിന്റെ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുന്‍ സീസണുകളിലെന്നപോലെ, സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീനാണ് നടന് വേണ്ടി സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്.