ദാസേട്ടൻ കോഴിക്കോട്, സ്വീറ്റി ബർണാഡ്, ഒമർ ലുലു, വൈബർ ഗുഡ്…. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മാറ്റുരയ്ക്കാനെത്തുന്നവരുടെ സാധ്യതാ പട്ടിക ഇതാ, പട്ടികയിൽ മലയാളികളുടെ പ്രിയതാരങ്ങളും


മലയാളികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയുടെ നാല് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. കോവിഡ് കാരണം ഒരു സീസണ്‍ പാതിവഴിയില്‍ നിന്നെങ്കിലും എല്ലാ സീസണുകളെയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണില്‍ വിജയിയായത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നനായിരുന്നു. വിജയിയായ ദില്‍ഷയെ പോലെ തന്നെ കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളെല്ലാവരും തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോള്‍ മലയാളികള്‍ കാത്തിരിക്കുന്നത് ബിഗ് ബോസിന്റെ അടുത്ത സീസണിനായാണ്. സീസണ്‍ അഞ്ചിനെ കുറിച്ചുള്ള സ്ഥിരീകരിച്ച പല വാര്‍ത്തകളും ഇതിനകം തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. മത്സരാര്‍ത്ഥികള്‍ ആരെല്ലാമാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ബിഗ് ബോസ് ആരാധകര്‍. ഓരോ സീസണിലും വ്യത്യസ്തരായ മത്സരാര്‍ത്ഥികളെയാണ് കൊണ്ടുവരുന്നത് എന്നതിനാല്‍ പ്രവചനം പോലും അസാധ്യമായിരിക്കുകയാണ്.

പുതിയ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ച് അവതാരകനായ മോഹന്‍ലാല്‍ നല്‍കിയ സൂചന പോലും ഒന്നും വിട്ടുപറയാത്ത തരത്തിലുള്ളതാണ്. ആരൊക്കെയാകും മത്സരാര്‍ത്ഥികള്‍ എന്നതിന് ‘ഒറിജിനല്‍’ (original) എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍ നല്‍കിയത്. സാധാരണക്കാരായ ആളുകളാകും മത്സരാര്‍ത്ഥികള്‍ എന്നാണ് പലരും മോഹന്‍ലാലിന്റെ ഉത്തരത്തെ വ്യാഖ്യാനിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മുന്നോട്ട് പോകവെ ബിഗ് ബോസ് അഞ്ചാം സീസണ്‍ മത്സരാര്‍ത്ഥികളെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അനൗദ്യോഗികമായി പുറത്തുവന്നു. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഈ സൂചനകള്‍ ലഭിച്ചത്. ബിഗ് ബോസിന്റെ ക്ഷണം ലഭിച്ചവരും ഓഡിഷന്‍ കഴിഞ്ഞവരുമായവരുടെ പട്ടികയില്‍ മലയാളികളുടെ പ്രിയതാരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന നടന്‍ ബാലയാണ് ഇതില്‍ ഏറ്റവും പ്രമുഖനായ വ്യക്തി. ബാല ബിഗ് ബോസിലെത്തുമോ ഇല്ലയോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ഇപ്പോഴില്ലെങ്കിലും അദ്ദേഹത്തിന് ക്ഷണം ലഭിച്ചുവെന്ന കാര്യത്തിന് സ്ഥിരീകരണമുണ്ട്. വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ശ്രീനാഥ് ഭാസിയാണ് അടുത്തയാള്‍. ഭാസിയെയും മത്സരാര്‍ത്ഥിയാവാനായി ബിഗ് ബോസ് സമീപിച്ചിട്ടുണ്ട്.

ട്രാന്‍സ്‌ജെന്ററായ സ്വീറ്റി ബെര്‍ണാഡ് ആണ് ബിഗ് ബോസിന്റെ ക്ഷണം ലഭിച്ച അടുത്തയാള്‍. സ്വീറ്റിയുടെ രണ്ടാം റൗണ്ട് ഓഡിഷന്‍ ഉള്‍പ്പെടെ കഴിഞ്ഞുവെന്നാണ് ബിഗ് ബോസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മത്സരാര്‍ത്ഥിയായി സ്വീറ്റി ഉണ്ടാകുമോ എന്ന് സീസണ്‍ അഞ്ച് ആരംഭിച്ചാലേ അറിയാന്‍ സാധിക്കൂ. മറ്റൊരു ട്രാന്‍സ്‌ജെന്ററായ ദയ ഗായത്രിയാണ് ക്ഷണം ലഭിച്ച അടുത്തയാള്‍. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ ദയയെയും ബിഗ് ബോസ് വിളിച്ച് കഴിഞ്ഞു.

സീരിയല്‍ താരം ഉമ നായര്‍, സംവിധായകന്‍ ഒമര്‍ ലുലു, യൂട്യൂബ് താരം മല്ലു ജെ.ഡി, നടിയും നര്‍ത്തകിയുമായ പാര്‍വ്വതി നമ്പ്യാര്‍, അശ്വന്ത് കോക്കുമായി അടുത്തിടെ കൊമ്പ് കോര്‍ത്ത അഖില്‍ മാരാര്‍ എന്നിവരെയും ബിഗ് ബോസ് സമീപിച്ചിട്ടുണ്ട്. കൂടാതെ ജീവ നമ്പ്യാര്‍, ജിഷിന്‍ മോഹന്‍, ദിയ കൃഷ്ണ, വൈബര്‍ ഗുഡ്, അശ്വതി നായര്‍, അമൃത സജു, അഞ്ജലി റീമ, സിനി ജോസഫ് എന്നിവരും പട്ടികയില്‍ ഉണ്ട്. ഇവരില്‍ പലരുടെയും രണ്ടാം റൗണ്ട് ഓഡിഷന്‍ കഴിഞ്ഞിട്ടുണ്ട്.

കിടിലന്‍ ഡാന്‍സ് വീഡിയോകളിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച ദാസേട്ടന്‍ കോഴിക്കോടിന്റെ ആദ്യ ഒഡീഷന്‍ കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ഡോ. ക്രോം മെന്റല്‍, സന്ദീപ് മോഹന്‍, ആര്‍.ജെ ശംഭു എന്നിവര്‍ക്കും ബിഗ് ബോസിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇരുനൂറിലേറെ പേരെയാണ് ഈ സീസണിനായി ബിഗ് ബോസ് വിളിച്ചിട്ടുള്ളത്. ആരൊക്കെയാകും ബിഗ് ബോസ് ഹൗസിലെത്തുക എന്നറിയാനായി സീസണ്‍ അഞ്ച് ആരംഭിക്കുന്നത് വരെ കാത്തിരിക്കാം.

Content Highlights / English Summary: Bigg Boss Malayalam Season 5 possible candidates list is here