ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങിയപ്പോഴേക്കും മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടവും തുടങ്ങി; മത്സരാർത്ഥികളെ പരിജയപ്പെടാം| Bigg Boss | Contestants


ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ പുതിയ സീസണിന് പ്രഖ്യാപന സമയം മുതൽ ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പല യൂട്യൂബർമാരും മത്സരാർത്ഥികൾ ആരാണെന്ന് വരെ പ്രവചിക്കുകയുണ്ടായി. പരിപാടിയുടെ അവതാരകനായ മോഹൻലാൽ ഈ സീസണിലെ മത്സരാർഥികളെ ഓരോരുത്തരെയായി പ്രഖ്യാപിച്ച നിമിഷങ്ങളോരോന്നും അതീവ ഉത്കണ്ഠയോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടത്.

റെനീഷ റഹിമാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്ണു ജോഷി, ആഞ്ജലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ് വി.പി, അഖിൽ മാരാർ, അഞ്ജുസ് റോഷ്, മനീഷ കെ എസ്, അനിയൻ, മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലക്ഷ്മി, ഷിജു അബ്ദുൾ റഷീദ്, ശ്രുതി ലക്ഷ്മി തുടങ്ങിയവരാണ് സീസൺ അഞ്ചിലെ മത്സരാർത്ഥികൾ‌.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് റെനീഷ റഹ്‌മാൻ താരമാകുന്നത്. നായികയായും സഹനടിയായുമെല്ലാം റനീഷ കയ്യടി നേടിയിട്ടുണ്ട്. റെനീഷയാണ് ബിബി വീട്ടിലേക്ക് ആദ്യം കടന്നു വന്നത്. നടനും റാപ്പ് ഗായകനുമായ റിനോഷ് ജോർജാണ് ബിഗ് ബോസ് വീട്ടിലേക്ക് വന്ന മറ്റൊരു താരം. നോൺസെൻസ് എന്ന സിനിമയിലടേയും അയാം എ മല്ലു എന്ന തന്റെ പാട്ടിലൂടേയുമൊക്കെ പ്രശസ്തനാണ് റിനോഷ്.

മോഡലായ സെറീന ആൻ ജോൺസണാണ് ബിഗ് ബോസിലെത്തിയ മറ്റൊരു മത്സരാർത്ഥി. ദുബായിക്കാരിയാണ് സെറീന. സംരംഭകയാണ് ബി​ഗ് ബോസിലെത്തിയ ശോഭ വിശ്വനാഥ്. തനിക്കെതിരെ കള്ളകേസ് കൊടുത്തയാളെ പിടി കൂടി നിയമത്തിന് മുന്നിൽ ഹാജരാക്കിയാണ് ശോഭ വിശ്വനാഥ് വാർത്തകളിൽ നിറയുന്നത്. ദാമ്പത്യ ജീവിതത്തിലും ശോഭയ്ക്ക് ധാരാളം വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിരുന്നു.

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ താരമാകുന്നത്. പിന്നീട് കുരുതി എന്ന ചിത്രത്തിലൂടെയും കയ്യടി നേടി. തന്റെ അമ്മയോടുള്ള സാഗർ സൂര്യയുടെ ആത്മബന്ധമൊക്കെ ആരാധകർക്ക് അടുത്തറിയുന്നതാണ്. ഫിറ്റ്നസ് ട്രെയിനറായ വിഷ്ണു ജോഷിയും ബിഗ് ബോസ് അഞ്ചിൽ മാറ്റുരയ്ക്കാൻ എത്തിയിട്ടുണ്ട്. ബി​ഗ് ബോസ് വീട്ടിലുള്ളവരുടെ ബോഡി ബിൽഡറായി മാറുമെന്ന് പ്രതീക്ഷിക്കാം.

എം അടിക്കും എന്ന ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ താരമായ നടിയാണ് ഏയ്ഞ്ചലിൻ മറിയ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ എംഡിഎംഎയുടെ ഉപയോഗത്തെക്കുറിച്ച് ഏയ്ഞ്ചലിൻ പറഞ്ഞ വാക്കുകൾ വിവാദമായി മാറിയിരുന്നു. എന്നാൽ താൻ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രശസ്തിയ്ക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നുമാണ് താരം പറഞ്ഞത്.

സോഷ്യൽ മീഡിയയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി മേനോൻ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മോട്ടിവേഷൻ നൽകുന്ന വീഡിയോകളുമൊക്കെയാണ് ദേവുവിനെ താരമാക്കുന്നത്. സോഷ്യൽ മീഡിയ താരമായത് കൊണ്ടു തന്നെ വിവാദങ്ങളും ദേവുവിനെ തേടിയെത്തിയിട്ടുണ്ട്.

തന്റെ കോമഡി റീലുകളിലൂടെയാണ് ജുനൈസ് വിപി സോഷ്യൽ മീഡിയയിലെ താരമാകുന്നത്. താത്തയായി എത്തിയാണ് ജുനൈസ് ആളുകളെ ചിരിപ്പിക്കുന്നത്. സംവിധായകനായ അഖിൽ മാരാർ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. യൂട്യൂബർ അശ്വന്ത് കോക്കുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ അഖിൽ മാരാരുടെ പേര് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അളിയാ എന്ന് സോഷ്യൽ മീഡിയയും ആരാധകരും വിളിക്കുന്ന അഞ്ചു റോഷ് സമൂഹമാധ്യമങ്ങളിൽ വേണ്ടോളം ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് മനീഷ കെഎസ്. തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ് മനീഷ താരമാകുന്നത്.

വുഷുവിൽ രാജ്യാന്തര നേട്ടങ്ങളും റെക്കോർഡുകളുമെല്ലാം കരസ്ഥമാക്കിയ താരമാണ് അനിയൻ മിഥുൻ. സിനിമ താരങ്ങളിൽ ഒരുപാട് പേർ അനിയൻ മിഥുന്റെ ശിഷ്യരായിട്ടുണ്ട്. ട്രാൻസ് വുമണായ നദീറ മെഹ്‌റിൻ ആണ് എൽജിബിടിക്യു സമൂഹത്തിന്റെ പ്രതിനിധിയായി ബിഗ് ബോസിലെത്തുന്നത്.

ഐശ്വര്യ സുരേഷിന്റെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയാണ് ലച്ചു ഗ്രാം എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. സിനിമാ സീരിയൽ നടനാണ് ഷിജു. സീ കേരളം ചാനലിലെ ഞാനും നീയും എന്ന വ്യത്യസ്തമായ പരമ്പരയിലാണ് ഷിജു അവസാനമായി അഭിനയിച്ചത്.

മലയാള സിനിമയിലും സീരിയിൽ രംഗത്തുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ശ്രുതി ലക്ഷ്മി. ശ്രുതിയുടെ സഹോദരി ശ്രുതിലയയും അഭിനേത്രിയാണ്. പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. ഇപ്പോൾ താരം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ബിഗ് ബോസ് ശ്രുതിയ്ക്ക് തിരിച്ചു വരാനുള്ള അവസരമായിരിക്കും.