” അത് ലാഭമായിരുന്നു… ആ ഒരു പരിപാടി ഒഴിച്ച് തൊട്ടതെല്ലാം നഷ്ടം” ബിഗ് ബോസ് ഹൗസിലെ കൂട്ടാളികളെ പൊട്ടിച്ചിരിപ്പിച്ച അഖില്‍മാരാരുടെ നഷ്ടക്കച്ചവടങ്ങളുടെ കഥ | Bigg boss season 5 | Akhil Marar


ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഇതുവരെ ഒട്ടേറെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതകഥ പറഞ്ഞിട്ടുണ്ട്. പലതും പ്രേക്ഷകരെ മനസിനെ തൊട്ടുനോവിക്കുന്നതായിരുന്നു. എന്നാല്‍ പ്രേക്ഷകരെയും ഹൗസിലെ കൂട്ടാളികളെയും ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഒരു കഥയാണ് മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് പറയാനുണ്ടായിരുന്നത്.

ജീവിതത്തില്‍ പല ബിസിനസുകളും ചെയ്ത് പാളിപ്പോയ കഥയാണ് നര്‍മ്മം കലര്‍ത്തി മാരാര്‍ ഹൗസ് മേറ്റ്‌സിന് മുമ്പില്‍ അവതരിപ്പിച്ചത്. മാങ്ങാക്കച്ചവടം ഒഴിച്ച് ബാക്കി താന്‍ ചെയ്ത പണികളെല്ലാം നഷ്ടക്കച്ചവടമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകള്‍:

2015 ലാണ് എന്റെ വിവാഹം കഴിഞ്ഞത്. 2013 മുതല്‍ എന്റെ അമ്മായിയമ്മ ഞാനുമായിട്ട് അടുപ്പമാണ്. രണ്ടരവര്‍ഷക്കാലം അവരുടെ വീടിന്റെ പണി മുടങ്ങിക്കിടന്ന സമയത്ത് നാട്ടില്‍ അത്യാവശ്യം ചട്ടമ്പിയും കുഴപ്പക്കാരനുമായിട്ട് നിന്ന എന്റെയൊരു സഹായം വേണമെന്ന് തോന്നിയപ്പോള്‍ വക്കീലായ എന്റെ അമ്മായിയമ്മ എന്നോടുവന്ന് സംസാരിക്കുകയും ആ വിഷയത്തില്‍ ഞാന്‍ ഇടപെടണമെന്ന് പറയുകയും ചെയ്തു. എന്തോ ശിക്കാരി ശംഭു കണക്ക്, ഞാന്‍ ഇടപെട്ടതൊന്നുമില്ല, ആ കോണ്‍ട്രാക്ടര്‍ തെണ്ടി ഈ പരിപാടി അങ്ങ് സെറ്റ് ചെയ്ത് കൊടുത്തു. അതോടുകൂടി രണ്ടരവര്‍ഷമായി മുടങ്ങിക്കിടന്ന വീടുപണി രണ്ടുമാസം കൊണ്ട് തീര്‍ന്നു. അതോടെ അമ്മായിയമ്മ വിചാരിച്ചു, ഇവന്‍ കൊള്ളാം, ഇവനെ എന്റെ മരുമകനാക്കണം എന്ന്. അങ്ങനെയൊരു ആഗ്രഹം ഇവര്‍ക്കുവരികയും ചെയ്തു.”

പിന്നീട് 2015ല്‍ താനും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയതിന് പിന്നാലെ തന്റെ അച്ഛന്‍ പെണ്ണ് അന്വേഷിച്ച് പോയെങ്കിലും അവര്‍ വിവാഹം ചെയ്തു തരാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. അതോടെ മകളെ വിളിച്ചുകൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അഖില്‍ പറഞ്ഞു. ”എന്നെ സംബന്ധിച്ച് രണ്ടുവര്‍ഷം എന്നെ വിശ്വസിച്ച പെണ്ണിന്റെ മുമ്പില്‍ ഇറങ്ങി വാ എന്നതിനപ്പുറം ഒന്നും പറയാനില്ല.” എല്ലാം കൂടി വലിയ ബഹളത്തിനിടെ നടന്ന കല്ല്യാണമായിരുന്നു തന്റേതെന്നും അഖില്‍ പറയുന്നു.

2018 ആകുമ്പോഴേക്കും ഡീസല്‍ ടവറിനകത്ത് ഡീസല്‍ ഫില്‍ ചെയ്യുന്ന കോണ്‍ട്രാക്ട് ഏറ്റെടുത്ത് ചെയ്തിരുന്നു. മാസം ഒന്നരലക്ഷം രൂപ കിട്ടുന്ന കോണ്‍ട്രാക്ട് ആയിരുന്നു അത്. നാലുമാസം കഴിയുമ്പോഴേക്കും രാഷ്ട്രീയമായ ഇഷ്യൂവില്‍ എന്റെ കോണ്‍ട്രാക്ട് ക്യാന്‍സല്‍ ആവുന്ന തരത്തില്‍ എനിക്ക് പാരവെപ്പ് വരുന്നു. അങ്ങനെ കേസായി. ആ കോണ്‍ട്രാക്ടും പോയി മൂന്നാല് ലക്ഷം രൂപ അങ്ങോട്ടും കൊടുക്കേണ്ടിവന്നു.

”ഞാന്‍ ആകെ സക്‌സസ് ആയ ബിസിനസ് എന്ന് പറയുന്നത് മാങ്ങാക്കച്ചവടമായിരുന്നു. തെങ്കാശി ടൂര്‍ പോകുമ്പോള്‍ അവിടുന്ന് കുറച്ച് മാങ്ങയുമായി തിരിച്ചുവരും കാറിനകത്ത് നിറയെ മാങ്ങയിട്ട് കിലോ പത്ത് കിലോ പത്ത് എന്ന് വിളിച്ച് വില്‍ക്കും. അത് ലാഭമാണ്. ആ ഒരു പരിപാടി ഒഴിച്ച് തൊട്ടതെല്ലാം നഷ്ടമാണ്. കുറേ ചെയ്തിട്ടുണ്ട്. അതിന്റെടുക്ക് ഒരു ജീപ്പെടുത്ത്് പണിത്. പഞ്ചാബില്‍ നിന്നും ടയറൊക്കെ ഇറക്കി, ഹമ്മറ് കണക്കെ ഇരിക്കും എന്റെ ജീപ്പ് കണ്ടാല്‍. ഇത് പണിഞ്ഞ് എണ്‍പത് വയസുള്ള അമ്മച്ചിക്ക് മിഡിയും ടോപ്പും ഇട്ടതുപോലെ ആയിപ്പോയി. കാരണം എണ്‍പതിലെ ജീപ്പെടുത്ത് വെച്ചിട്ട്, വണ്ടിയെനിക്ക് ഓടിക്കാന്‍ വയ്യ. അപ്പോഴേക്കും സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു, പഴയ വണ്ടി നിരോധിക്കുമെന്ന്. അവസാനം ആറേഴ് ലക്ഷം രൂപയ്ക്ക് പണിതിട്ട് ഒരുലക്ഷം രൂപയ്ക്ക് വില്‍ക്കേണ്ടിവന്നു. അത് ലാഭം. ഇതിന്റയിടക്ക് കൃഷിയും ചെയ്തു. ഓഖി വന്ന് അടിച്ച് പത്ത് നൂറ്റിയമ്പത് വാഴയും ഒടിഞ്ഞുപോയി. അതും നഷ്ടം”