ബി​ഗ് ബോസ് സീസൺ 5 മത്സരാർത്ഥികൾ ആരൊക്കെയെന്ന് അറിയാം; സൂത്രവിദ്യ പങ്കുവെച്ച് മുൻ ബി​ഗ്ബോസ് താരം ശാലിനി നായർ| shalini nair| Bigg Boss


ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമെന്നറിയാൻ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഉദ്ഘാടന എപ്പിസോഡിൻറെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം അത് ഉണ്ടാവുമെന്നാണ് വിവരം. മോഹൻലാൽ അവതാരകനായ ബി​ഗ് ബോസിന്റെ പ്രമോ വീഡിയോയ്ക്കെല്ലാം വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

അതേസമയം ഇത്തവണയും മത്സരാർഥികൾ ആരൊക്കെയെന്ന പ്രവചനങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. പല യുട്യൂബർമാരും തങ്ങളുടെ സാധ്യതാ ലിസ്റ്റുമായി ഇതിനോടകം രം​ഗത്തെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തവണ ആരൊക്കെ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയണമെങ്കിൽ എല്ലാത്തവണത്തെയും പോലെ ഉദ്ഘാടന എപ്പിസോഡ് വരെ കാത്തിരിക്കേണ്ടിവരും.

സാധാരണ ഉദ്ഘാടന എപ്പിസോഡിലാണ് ബിഗ് ബോസ് ഓരോ സീസണിലെയും മത്സരാർഥികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കാറ്. അതിനിടെ ബിഗ് ബോസ് ടീം അടുത്തിടെ പുറത്തിറക്കിയ പ്രൊമോയിൽ മത്സരാർഥികൾ ആരൊക്കെ ഉണ്ടാവുമെന്നത് സംബന്ധിച്ച് ചില സൂചനകൾ ഉണ്ടെന്നാണ് കഴിഞ്ഞ സീസണിലെ മത്സരാർഥികളിൽ ഒരാളായ ശാലിനി നായരുടെ അഭിപ്രായം.

ബിഗ് ബോസിൻറെ ഇത്തവണത്തെ തീം എന്തെന്ന് പ്രഖ്യാപിച്ചുള്ളതായിരുന്നു രണ്ട് ദിവസം മുൻപ് പുറത്തെത്തിയ പ്രൊമോ. ബാറ്റിൽ ഓഫ് ദി ഒറിജിനൽസ് എന്ന് അവതാരകനായ മോഹൻലാൽ വിശേഷിപ്പിച്ച സീസണിന് എന്തുകൊണ്ട് അങ്ങനെ പേരിട്ടു എന്ന് വിശദീകരിക്കുന്നതായിരുന്നു പ്രൊമോ. സാമൂഹികമായ മോശം മുൻവിധികളെ മറികടന്ന്, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ മടിയില്ലാത്ത യുവ തലമുറയ്ക്കുള്ള ഡെഡിക്കേഷനാവും ഇത്തവണത്തെ സീസൺ എന്നാണ് പ്രൊമോയിലെ സൂചന. എന്നാൽ ഈ പ്രൊമോയിൽ നിന്ന് മത്സരാർഥികലുടെ പേര് കണ്ടെത്തേണ്ടവർക്ക് കണ്ടെത്താമെന്ന് ശാലിനി പറയുന്നു.

പ്രൊമോയിൽ അവതാരകനായ മോഹൻലാൽ എത്തുന്ന സ്ക്രീനിൻറെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ എമ്പാടും വന്നുപോകുന്നുണ്ട്. ഇതിനകം പ്രചരിക്കപ്പെട്ടിട്ടുള്ള പേരുകളിൽ ഉറപ്പിച്ചിട്ടുള്ള പേരുകളിൽ പലതും ഇക്കൂട്ടത്തിൽ നിന്ന് കണ്ടെത്താമെന്ന് ശാലിനി പറയുന്നു. എന്നാൽ ബിഗ് ബോസിൻറെ ഒരു മുൻ മത്സരാർഥി ആയതിനാൽ ആ പേരുകൾ തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും ശാലിനി പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് ശാലിനി ഇക്കാര്യങ്ങൾ വിവരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായ മത്സരാര്‍ത്ഥിയാണ് ശാലിനി നായര്‍. ബിഗ് ബോസ് വീട്ടിലെ നാടിന്‍പുറത്തുകാരിയായിരുന്നു ശാലിനി. ഷോയ്ക്ക് മുമ്പ് അത്ര പരിചിതയല്ലാതിരുന്ന ശാലിനി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയായിരുന്നു. ഈയ്യടുത്തായിരുന്നു ശാലിനി തന്റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.