”രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചതിൽ പിന്നെ ​ഗ്രൂപ്പായി ആക്രമിക്കപ്പെടുന്നു”; പൊട്ടിത്തെറിച്ച് റോബിൻ രാധാകൃഷ്ണൻ| Bigg Boss | Robin Radhakrishnan


ആലുവ യുസി കോളജിലെ ഉദ്ഘാടന ചടങ്ങിനെത്തിയ റോബിൻ രാധാകൃഷ്ണന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പരിപാടിക്കെത്തി വേദിയിലേക്ക് പ്രവേശിക്കും മുൻപേയാണ് ഒരു കൂട്ടം വിദ്ധ്യാർത്ഥികളുടെ നടുവിൽ നിന്ന് റോബിൻ മൈക്കുമായി സംസാരിക്കുന്നത്. മുൻ സുഹൃത്തുക്കളായ ശാലുപേയാടും ആരവും ഉന്നയിച്ച ആരോപണങ്ങൾ മറുപടി നൽകാനാണ് റോബിൻ ആ പശ്ചാത്തലം ഉപയോ​ഗിച്ചത്.

”ഒരുപാട് ആരോപണങ്ങൾ എനിക്കെതിരായി സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്. ഞാൻ വേണ്ട, വേണ്ട എന്ന് വിചാരിക്കുമ്പോൾ ആവശ്യമില്ലാതെ എന്റെ അച്ഛനേയും ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാവരും പരിധികൾ വിട്ടപ്പോഴാണ് എന്റേതായിട്ടുള്ള കുറച്ച് കാര്യങ്ങൾ കൂടി പറയാമെന്ന് ഞാനും കരുതിയത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം പലരും എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. എന്നാൽ ഒരു അഞ്ച്-ആറ് ആളുകൾ എന്റെ അടുത്തത് വന്നത് മോശം ലക്ഷ്യളുമായിട്ടായിരുന്നു.

എന്റെ അടുത്ത് നല്ല രീതിയിൽ സ്നേഹത്തോടെ നിൽക്കുകയാണെങ്കിൽ ഞാനും അതുപോലെ തന്നെ നിൽക്കും. എന്നാൽ ദുരുദ്ദേശത്തോട് കൂടി എന്റെ അടുത്ത് വന്ന്, എന്നെ ഉപയോഗിച്ച്, എനിക്കിട്ട് പണി തന്നാൽ ഞാനും തിരിച്ച് പണിയും. എനിക്ക് എന്റെ അച്ഛനേയും അമ്മയേയും കല്യാണം കഴിക്കാൻ പോവുന്ന പെൺകുട്ടിയേയും മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി. ഒന്നും ഇല്ലാതിരുന്ന സീറോയിൽ നിന്നാണ് റോബിൻ ഇവിടെ വരെ എത്തിയത്. ഇനി വീണ്ടും സീറോയിലേക്ക് പോയാലും ഞാൻ അവിടുന്ന് ഉയർത്തെഴുന്നേറ്റ് വരും”- റോബിൻ പറയുന്നു.

അതേസമയം, താൻ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇറങ്ങും എന്ന് പറഞ്ഞതിന് ശേഷമാണ് തന്നെയിങ്ങനെ സംഘടിതമായി ആക്രമിക്കുന്നത് എന്നാണ് റോബിന്റെ അഭിപ്രായം. കൂടാതെ തന്നെ ആക്രമിക്കുന്നവരെയൊക്കെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുകയാണ് റോബിൻ.

”ഞാൻ തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുമ്പിൽ അന്തസ്സായി ജീവിച്ച് കാണിക്കും. അത് വാശി മാത്രമല്ല, തീരുമാനവും കൂടിയാണ്. ഞാൻ സിനിമയിലേക്ക് രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നു എന്ന് പറഞ്ഞതിന് ശേഷം സംഘടിതമായ ആക്രമമാണ് നടക്കുന്നത്. നിനക്കൊക്കെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും. എനിക്കൊരു കുന്തവും ഇല്ല”- റോബിൻ വ്യക്തമാക്കി.

ഇതിനിടെ റോബിൻ തന്റെ ബിഎംഡബ്ല്യൂ കാറിന്റെ ഇഎംഐ അടയ്ക്കുന്നില്ലെന്ന് സുഹൃത്ത് ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം കാർ എടുത്ത് കൊടുത്ത മറ്റൊരു സുഹൃത്തിന് വീഡിയോ കോൾ ചെയ്ത് താൻ എല്ലാ ഇഎംഐയും കൃത്യമായി തീയതിക്ക് പത്ത് ദിവസം മുൻപായി അടയ്ക്കാറുണ്ടെന്ന് പറയിപ്പിക്കുകയാണ് ചെയ്തത്.