”ചിലര്‍ വിളിച്ച് പറയുകയാണ്, ഞാന്‍ ബൈക്കോടിച്ച് പോകുന്നതല്ലേ ലോറിയുടെ അടിയില്‍ പെടാതെ നോക്കിക്കോ, നിന്നെ ജീവനോടെ വെച്ചേക്കില്ല” നേരിട്ട ഭീഷണികള്‍ വെളിപ്പെടുത്തി ദില്‍ഷ പ്രസന്നന്‍ | Bigg Boss | Dilsha Prasannan
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ തനിക്ക് ഒരുപാട് ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അത് മാനസികമായി ഏറെ തളര്‍ത്തിയെന്നും വെളിപ്പെടുത്തി ബിഗ് ബോസ് സീസണ്‍ ഫോര്‍ വിജയിയായ ദില്‍ഷ പ്രസന്നന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ ഇക്കാര്യം പറയുന്നത്.
വെറുതെ ഇങ്ങനെ വിഷമിച്ചിരിക്കുന്നയാളല്ലായിരുന്നു താന്‍. എപ്പോഴും കളിച്ച് ചിരിച്ച് ആഘോഷിച്ച് നടക്കുന്ന വ്യക്തിയായിരുന്നു. ഒരുപാട് മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്ത ആളാണ്. അങ്ങനെയുള്ള താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം ഒരിക്കലും മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്. ഇത് തന്നെ വല്ലാതെ തളര്‍ത്തിയെന്നാണ് ദില്‍ഷ പറയുന്നത്.
‘കുറേദിവസം ഞാനെന്റെ കൈകൊണ്ട് മൊബൈലൊന്നും തൊട്ടിട്ടേയുണ്ടായിരുന്നില്ല. എനിക്ക് കുറേ കോളുകള്‍ വരുന്നുണ്ട്. എത്ര ഓഫറുകള്‍ വന്നിട്ടുണ്ടെന്ന് അറിയുക പോലുമില്ല. കുറേ പേര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്, ബിഗ് ബോസില്‍ നിന്നും ഇറങ്ങിയശേഷം ദില്‍ഷയെ ഇങ്ങനെയൊരു സിനിമയ്ക്ക് വിളിച്ചിട്ടുണ്ടായിരുന്നു, ഇങ്ങനെയൊരു സംഭവത്തിന് വിളിച്ചിട്ടുണ്ടായിരുന്നു, എത്ര മെസേജ് അയച്ചുവെന്നൊക്കെ. തമിഴില്‍ ഒരു വലിയ പ്രോജക്ടിന് എന്നെ കോണ്ടാക്ട് ചെയ്തിട്ട് അവര്‍ക്ക് എന്നെ കിട്ടിയിട്ടില്ല. ഞാനൊരു ഭാഗത്ത് സൈലന്റായിട്ട് ഇങ്ങനെ ഇരിക്കുകയാണ്. എന്നെ കാണുമ്പോള്‍ എന്റെ അച്ഛനും അമ്മയ്ക്കും വിഷമമാകുകയാണ്.”
കുടുബംത്തിലെ ചെറിയ ചെറിയ ആഘോഷങ്ങള്‍ ഒരിക്കലും വേണ്ടെന്ന് വെക്കാത്തവരാണ് തങ്ങള്‍. അങ്ങനത്തെ തനിക്ക് ബിഗ് ബോസില്‍ നിന്നിറങ്ങിയതിനു പിന്നാലെ ജൂലൈ പതിനഞ്ചിന് അനുജത്തിയുടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോലും പറ്റിയില്ലെന്നും ദില്‍ഷ പറയുന്നു.
”ഞങ്ങളന്ന് പറക്കാട്ടിന്റെ റിസോര്‍ട്ടില്‍ പോയിരുന്നു. അവരാണ് അന്ന് കേക്ക് കൊണ്ടുവന്നുതന്ന് വൈകുന്നേരം ഞങ്ങള്‍ കട്ട് ചെയ്തത്. ആ ഒരു ആഘോഷം മാത്രമേയുണ്ടായിരുന്നുള്ളൂ. കാരണം അന്ന് വരെ അവിടെ കരച്ചിലും ബഹളവുമായിരുന്നു. ചിലര് വിളിച്ചു പറയുന്നു, ഞാന്‍ ബൈക്കോടിച്ച് പോകുന്നതല്ലേ, ലോറിയിന്റെ അടിയില്‍ പെടാതെ നോക്കിക്കോ. ചിലര് പറയുന്നു, നിന്നെ ജീവനോടെ വെച്ചേക്കില്ല. എന്റെ നമ്പര്‍ വരെ എങ്ങനെ കിട്ടിയെന്ന് എനിക്കറിയില്ല. എന്റെ ചുറ്റുമുള്ളവര്‍ക്ക് വരുന്നുണ്ട് കുറേ കോളുകള്‍. എന്റെ കൂടെ നിന്ന് ഫോട്ടോയെടുത്താല്‍ അവര്‍ക്കും ഭീഷണിയാണ്.”
ആദ്യമൊക്കെ ഇത്തരം സംഭവങ്ങളെ പേടിയോടെ കണ്ടിരുന്നു. പിന്നെ പിന്നെ അത് ശീലമായി. ഇപ്പോള്‍ ഇതൊന്നും തന്നെ ഏല്‍ക്കുന്നില്ലെന്നും ദില്‍ഷ പറയുന്നു.