“എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും”; രോഷാകുലനായി റോബിൻ രാധാകൃഷ്ണൻ|Robin radhakrishnan|big boss|Riyas salim


ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ തർക്കങ്ങളും വിവാദങ്ങളുമാണ് ഉടലെടുക്കുന്നത്. ആരതിയുടെ വസത്രത്തെ ചുറ്റിപ്പറ്റിയാണ് ചർച്ചകളിലേറെയും. ഇതിനെതിരെ പ്രതികരിച്ച് റോബിൻ രംഗത്തെത്തിയിരിക്കുകയാണ്.

ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനർ സ്ഥാപനം രംഗത്തെത്തുകയായിരുന്നു. ഇത് ബിഗ് ബോസ് സീസൺ 4 താരമായ റിയാസ് പങ്കുവെച്ചതോടെ വിവാദം കനത്തു. ഒടുവിൽ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം വിശദീകരണ കുറിപ്പ് പങ്കുവെച്ചിരുന്നു.

വിവാഹ നിശ്ചയ ദിവസം വയലറ്റ് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആരതി പൊടി ധരിച്ചത്. താൻ ഡിസൈൻ ചെയ്ത ലെഹങ്കയാണെന്നും രണ്ട് ലക്ഷം രൂപ വരുന്നതണ് ലെഹങ്കയെന്നും ആരതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജെസാഷ് ആരോപണം ഉയർത്തിയത്. തങ്ങളുടെ ഡിസൈൻ അതേ പടി ആരതി പകർത്തിയെന്നായിരുന്നു ഇവർ ആരോപിച്ചത്. ഇവരുടെ സ്റ്റോറി പങ്കുവെച്ച് കൊണ്ട് റിയാസ് ആരതിയുടെ പേര് പറയാതെ വിമർശനം ഉയർത്തുകയായിരുന്നു.

കോപ്പിയടിക്കുമ്പോൾ കുറഞ്ഞപക്ഷം ക്രെഡിറ്റ് പറയാൻ എങ്കിലും തയ്യാറാകണമെന്നായിരുന്നു റിയാസ് കുറിച്ചത്. ഇതിന് പിന്നാലെ തന്നെ മറുപടിയുമായി ആരതി രംഗത്തെത്തി. വേണെമെങ്കിൽ നിയമപരമായി തന്നെ നേരിടാം എന്നായിരുന്നു ആരതിയുടെ പ്രതികരണം. മാത്രമല്ല വ്യാജ ആരോപണം ഉയർത്തിയ റിയാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരതി പൊടി വ്യക്തമാക്കി.

പിന്നീട് തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി ജെസാഷ് സ്റ്റുഡിയോ രംഗത്തെത്തി. നിരവധി പേർ ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങളുടെ ഡിസൈൻ ആണ് ആരതി ഉപയോഗിച്ചതെന്ന് തെറ്റിധരിച്ചെന്നും വിവാഹ നിശ്ചയ ദിവസം തന്നെ ആരതിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുന്നുവെന്നും സ്ഥാപനം പറഞ്ഞു. റിയാസ് സലീം എന്ന വ്യക്തിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും സ്ഥാപനം വ്യക്തമാക്കി.

നിരവധി സൈബർ അധിക്ഷേപങ്ങൾ നേരിടുന്ന സാഹചര്യം ഉണ്ടെന്നും ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് കടുത്ത അധിക്ഷേപമാണ് തങ്ങൾക്കെതിരെ ഉണ്ടാകുന്നതെന്നും ജെസാഷ് പറഞ്ഞു. ആരതി ഒരു സെലിബ്രിറ്റിയാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നില്ല . റിയാസും ആരതി പൊടിയും തമ്മിലുള്ള വ്യക്തിപരമായ വിഷയങ്ങളെ കുറിച്ച് തങ്ങൾ ഇപ്പോഴാണ് മനസിലാക്കിയതെന്നുമുള്ള വിശദീകരണ കുറിപ്പ് സ്ഥാപനം പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ റോബിന്റെ പ്രതികരണം. ‘അപ്പോൾ കോസ്റ്റ്യൂം ആരതി പൊടി. നോട്ട്-ആരതി പൊടി ഇപ്പോൾ ഔദ്യോഗികമായി എന്റെ പെണ്ണായിരിക്കുകയാണ്. അവൾക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിച്ച് വരികയായിരുന്നു. ഇപ്പോൾ ഞാനൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഇനിയും ആരെങ്കിലും എന്റെ പെണ്ണിനെ മനപ്പൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചെങ്കിൽ അവന്റെ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും, ഞാൻ ചെയ്യും, അതുകൊണ്ട് സൂക്ഷിച്ചോ, ഇതൊരു മുന്നറിയിപ്പായി പരിഗണിക്കണം’, എന്നായിരുന്നു റോബിൻ ആരതിയുടെ ഫോട്ടോ പങ്കിട്ട് കൊണ്ട് കുറിച്ചത്. ഇതിന് തൊട്ട് താഴെ കമന്റുമായി ആരതി എത്തി. തലയിൽ കൈവെച്ച് നിൽക്കുന്ന ഇമോജിയാണ് ആരതി പങ്കിട്ടത്.