”ആരതി പൊടിയെ ബി​ഗ്ബോസിലേക്ക് വിളിച്ചിട്ടുണ്ട്, എന്നെ ഹിന്ദിയിലേക്കും, പക്ഷേ പോവില്ലെന്ന് തീരുമാനിച്ചു”; കാരണം പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ| Robin Radhakrishnan| Arati Podi| Bigg Boss


മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ് ബോസ് സീസൺ 4ലൂടെയാണ് പ്രശസ്തനായത്. ബി​ഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം മോഡലും നടിയുമായ ആരതി പൊടിയുമായി താരം പ്രണയത്തിലാവുകയും ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്ത് ഏറെ ആഘോഷമായി നടക്കുകയും ചെയ്തിരുന്നു.

വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് വരാനിരിക്കുകയാണ്. ആരതി പൊടി ബി​ഗ് ബോസിൽ മത്സരാർത്ഥിയാകുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ തനിക്ക് കോൾ വന്നെങ്കിലും താൽപര്യമില്ലാത്തത് കൊണ്ട് അത് നിരസിക്കുകയായിരുന്നു എന്നാണ് ആരതി പറയുന്നത്.

അതേസമയം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇനി ഹിന്ദി ബി​ഗ് ബോസിൽ മത്സരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണിച്ചെന്നും തനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിൻ പറഞ്ഞത്. സംസാരിക്കാൻ അറിയാതെ താൻ അവിടെ പോയി എന്ത് ചെയ്യാൻ ആണെന്നും റോബിൻ ചോദിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം.

‘ഹിന്ദി ബി​ഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. ആരതി പോകാൻ പറഞ്ഞു. പക്ഷേ എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാത്തതുകൊണ്ട് കോൺഫിഡൻസില്ല. സംസാരിക്കാൻ അറിയാതെ പോയിട്ട് ഞാൻ എന്ത് ചെയ്യാനാ’. ചിലരൊക്കെ പറയുന്നുണ്ട് ബി​ഗ് ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ഒരാഴ്ച കൂടിപ്പോയാൽ രണ്ടാഴ്ച മാത്രമെ അതിന്റെ അലയൊലികൾ ഉണ്ടാകൂ എന്ന്. അവർക്കുള്ള ഉത്തരമാണ് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ പ്രൊമോയിൽ ചെറുതായിട്ട് എന്റെ പേര് വന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു.

വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഹെൽത്തിയായിട്ട് വിമർശിച്ചാൽ പോരെ എന്നായിരുന്നു റോബിൻ ചോദിച്ചത്. അത് ഞങ്ങൾ സ്വീകരിക്കും. ഞാൻ വിചാരിച്ചതിനും അപ്പുറമായി മനോഹരമായി എൻ​ഗേജ്മെന്റ് നടന്നു. ഞാൻ 32 വയസുവരെ വെയ്റ്റ് ചെയ്തതിന് അർ‌ഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചിരുന്നത് കൊണ്ടാണ് വിവാ​ഹം വൈകിയത്. എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.

മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്റെ എൻ​ഗേജ്മെന്റിന് ഞാൻ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാൻ മാറില്ല. കല്യാണത്തിനും ഞാൻ അലറും’- റോബിൻ വ്യക്തമാക്കി.