”ഡോക്ടറോട് പ്രണയം പറഞ്ഞത് മുതൽ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നത്, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഒരു സ്ത്രീക്കില്ലേ”?; തുറന്നടിച്ച് ആരതി പൊടി| Robin Radhakrishnan | Arathi Podi
ബിഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ട് അധികമായിട്ടില്ല. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് ചർച്ചയായിട്ടുണ്ടായിരുന്നു. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതി.
തങ്ങളെ ഇരുവരേയും തെറ്റിക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയിരുന്നുവെന്നാണ് പേര് പറയാതെയുള്ള ആരതിയുടെ വിമർശനം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരതിയുടെ പ്രതികരണം. ഡോക്ടറോട് പ്രണയം പറഞ്ഞത് മുതൽ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നതെന്നും ആരതി പൊടി പറയുന്നു.
”മാസങ്ങൾക്ക് മുൻപാണ് ഇത് സംഭവിക്കുന്നത്. അവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും നേരിട്ടുള്ളതായിരുന്നില്ല. അന്നത്തെ ദിവസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ആഴ്ചകൾക്ക് മുൻപേ തന്നെ അയാൾ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഞങ്ങൾ രണ്ട് പേർക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ അയാളും സുഹൃത്തുക്കളും ശ്രമിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ വളച്ചൊടിച്ച് ഞങ്ങളെ രണ്ട് പേരെയും അയാൾ കൈകാര്യം ചെയ്തു’
‘ചില കഥകൾ പറഞ്ഞ് അയാൾ എന്നെ മാനസികമായി തളർത്തി. മാത്രമല്ല അയാൾ എന്നെ കുറിച്ച് ഡോക്ടറോട് മറ്റ് ചില കഥകൾ പറഞ്ഞ് കൊടുത്തു.ഇതെല്ലാം എങ്ങനെ കളിക്കണമെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. ആ റോൾ അയാൾ കൃത്യമായി ചെയ്യുകയും ചെയ്തു. ഡോക്ടർക്കെതിരെ കഥകൾ മെനഞ്ഞ് അയാൾ അതെന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്.
എന്നാൽ ഞങ്ങൾ ഒരുമിച്ച് കണ്ടപ്പോൾ തെറ്റിധാരണകൾ എല്ലാം മാറുകയും ഞങ്ങൾ അയാളെ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു.ഞങ്ങൾ അയാളെ ചേട്ടാ എന്നാണ് വിളിച്ചിരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെയായിരുന്നു ഞങ്ങൾ അദ്ദേഹത്തെ കണ്ടത്. ഒരു സഹോദരനെന്ന നിലയിലാണ് അദ്ദേഹം ഡോക്ടറുമായി ചങ്ങാത്തത്തിലായത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ജീവിതത്തിൽ അയാൾക്ക് ഉണ്ടായ റോൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
അയാളെ സംബന്ധിച്ച് കഥകൾ മെനയലും കാര്യങ്ങൾ വളച്ചൊടിക്കുന്നതും വളരെ എളുപ്പമുള്ള കാര്യമാണ്.അത് അയാൾ ആ സമയത്ത് വളരെ നല്ല രീതിക്ക് തന്നെ നടത്തിക്കൊണ്ടിരുന്നു, കാരണം ഞങ്ങളുടെ ദൗർബല്യങ്ങളും അയാൾക്ക് അറിയാമായിരുന്നു. ആ ദിവസം ഇപ്പോഴും എന്നെ വല്ലാതെ വേട്ടയാടുന്നതാണ്. അതിനെ കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് കുടുംബവും കുഞ്ഞുങ്ങളും ഉള്ളതിനാൽ ഒന്നും ഞാൻ പൊതുഇടത്ത് പറയാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചോട്ടെ. തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഒരു സ്ത്രീക്കില്ലേ? അതെല്ലാം ഒരു സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് അല്ലേ?, ആരതി പൊടി ചോദിച്ചു.
നവംബർ മാസത്തിൽ ആരതി ശാലുവിനോട് സംസാരിച്ചുവെന്ന് കാണിക്കുന്ന ചാറ്റ് ആണ് പുറത്ത് വിട്ടത്. ഫേസ്ബുക്ക് മെസഞ്ചർ വഴിയും വാട്സ്ആപ് വഴിയും ഇരുവരും സംസാരിക്കുന്നുണ്ട്. ഇതിന്റെ സ്ക്രീൻ റക്കോർഡ് ഫസ്റ്റ് റിപ്പോർട്ട് എന്ന മീഡിയ വഴിയാണ് പ്രചരിക്കുന്നത്. കൂടാതെ, ശാലു റോബിനെതിരെ പല വെളിപ്പെടുത്തലുകളും നടത്തുന്നുമുണ്ട്.
ആരതിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ റോബിൻ അവരെ അതിൽ നിന്നും പിൻമാറാനായി നിർബന്ധിക്കുന്നു എന്ന തരത്തിലാണ് വാട്സ്ആപ്, മെസഞ്ചർ സന്ദേശങ്ങൾ. റോബിനെ പേടിയാണ് എന്നും ആരതി പറയുന്നുണ്ട്. ഇതിന് ശേഷം ആരതിയും ശാലുവും എറണാകുളത്ത് വെച്ച് നേരിട്ട് കണ്ടു സംസാരിച്ചു എന്നും ശാലു പേയാട് വീഡിയോയിൽ പറയുന്നുണ്ട്.