”നിങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്”; വിവാഹനിശ്ചയ ചിത്രങ്ങളും സന്തോഷവും പങ്കുവെച്ച് ഡോ. റോബിനും ആരതിപൊടിയും | Bigg boss | Dr Robin Radhakrishnan | Arati Podi


ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. റോബിനും ഫാഷന്‍ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയുമായുള്ള റിലേഷന്‍ഷിപ്പും അത് വിവാഹനിശ്ചയം വരെയെത്തിയെന്ന വാര്‍ത്തയും ആരാധകര്‍ ഏറെ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ സുദിനം വന്നെത്തിയിരിക്കുകയാണ്.

എന്‍ഗേജ്‌മെന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ ആരതിയും പൊടിയും റോബിനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എന്‍ഗൈജ്‌മെന്റിനെത്തിയിരിക്കുന്നത്. ലെഹങ്കയാണ് ആരതിയുടെ വേഷം. റോബിന്‍ കുര്‍ത്തയാണ് ധരിച്ചത്.

പ്രൊഫഷണല്‍ ജീവിതത്തിലെ നേട്ടങ്ങള്‍ക്കുശേഷം താന്‍ വ്യക്തിജീവിതം ആരംഭിക്കാന്‍ പോകുന്നുവെന്ന കുറിപ്പോടെയാണ് ആരതി ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. താന്‍ ഏറെ സ്‌നേഹിക്കുന്നയാളെയാണ് പങ്കാളിയായി ലഭിക്കാന്‍ പോകുന്നതെന്നും ആരതി കുറിച്ചു.

” ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്. ഒരു സംരംഭക, ഡിസൈനര്‍, നടി എന്നീ നിലകളില്‍. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം.’ എന്നും ആരതി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

വിവാഹ നിശ്ചയത്തിന് അണിയേണ്ട മോതിരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞദിവസം റോബിന്‍ തന്റെ പുതിയ വിശേഷത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു.

”ബിഗ് ബോസ് കാരണമാണ് ആരതി പൊടിയെ എനിക്ക് കാണാന്‍ സാധിച്ചതും അവര്‍ എന്റെ ജീവിതത്തിന്റെ വലിയ ഭാഗം ആകുന്നതും. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ എല്ലാവരും ആണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ആ സ്‌നേഹവും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും.’ എന്ന് റോബിനും കുറിച്ചു.