”ഈ മനോഹരമായ ഓപ്പണിങ്ങിന് അനൂപ് ഏട്ടന് നന്ദി, നിങ്ങളൊരു അത്ഭുത മനുഷ്യനാണ്”; ബി​ഗ് ബോസ് താരം ദിൽഷ പ്രസന്നന്റെ ആദ്യ സിനിമ അണിയറയിൽ| Dilsha Prasannan | Bigg Boss


ബി​ഗ് ബോസ് സീസൺ ഫോർ മത്സര വിജയിയും അറിയപ്പെടുന്ന നർത്തികിയുമായ ദിൽഷ പ്രസന്നൻ സിനിമയിലേക്ക്. ഓ സിൻഡ്രല്ല എന്നാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്ന സിനിമയുടെ പേര്. ദിൽഷ നായികയായെത്തുന്ന ചിത്രത്തിൽ അജു വർ​ഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്കാര്യം ദിൽഷ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

” എന്റെ അരങ്ങേറ്റ ചിത്രം, ഓ സിൻഡ്രെല്ല. എല്ലാറ്റിനും ആദ്യം ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ചേട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടനും നന്ദി. എന്നെ വിശ്വസിച്ചതിനും മുന്നോട്ടു നയിച്ചതിനും നന്ദി. നിങ്ങളൊരു അത്ഭുത മനുഷ്യനാണ്. എല്ലാവരുടെയും പിന്തുണയും വേണം”- ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ദിൽഷ കുറിച്ചു.

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷവും വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്ന താരമാണ് ദിൽഷ പ്രസന്നൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയും സീരിയലിലൂടെയും മുമ്പും ദിൽഷ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നെങ്കിലും ബി​ഗ് ബോസ് നാലാം സീസണിൽ വിജയിയായ ശേഷം ദിൽഷയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. നടിയുടെ മിക്ക ഡാൻസ് ഷോകളും റീൽ വീഡിയോകളും ഇന്ന് വൈറലാവാറുണ്ട്.

അതേസമയം, താരം വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. ബി​ഗ് ബോസിൽ സഹ മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണനുമായുണ്ടായിരുന്ന സൗഹൃദ​വും പിന്നീടുണ്ടായ അകൽച്ചയുമാണ് ഇതിന്റെ പ്രധാന കാരണം.

ബിഗ് ബോസിന് ശേഷം ഇപ്പോൾ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദിൽഷ. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ഡാൻസിംഗ് സ്റ്റാർസ് എന്ന ഷോയിലാണ് ദിൽഷ ഇപ്പോൾ പങ്കെടുക്കുന്നത്. ഡാൻസ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിൽഷ നേരത്തെ പറഞ്ഞിരുന്നു. ഏതാനും ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്.