”ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ചതാണത്, എന്നാൽ നാസിഫിന് അതിനോട് യോജിപ്പില്ല”; ആരാധകരേറ്റെടുത്ത വീഡിയോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ദിൽഷ| dilsha prasannan| nasif appu | bigg boss
ബിഗ് ബോസ് സീസൺ 5ന് ശേഷം വളരെയേറെ പ്രശസ്തി നേടിയ താരമാണ് ദിൽഷ പ്രസന്നൻ. എന്നാൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് താരം ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്നത്. അതേ ഷോയിലൂടെ തന്നെ ശ്രദ്ധനേടിയ ഡാൻസറും കൊറിയോഗ്രഫറുമായ നാസിഫ് അപ്പുവും ദിൽഷയും ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇവരുടെ ഒരു നൃത്ത വീഡിയോ ഈയടുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാന്ത്പൊട്ട് എന്ന സിനിമയിലെ ഷഹബാസ് അമൻ പാടി ദിലീപും ഗോപികയും ചേർന്നഭിനയിച്ച നൃത്തരംഗമായിരുന്നു ഇരുവരും ചേർന്ന് വീണ്ടും അവതരിപ്പിച്ചത്. ഒരുപാട് പ്രശംസ ലഭിച്ച ആ വീഡിയോ ഭാഗ്യം കൊണ്ട് സംഭവിച്ചതാണെന്നാണ് ദിൽഷ പറയുന്നത്. എന്നാൽ നാസിഫിന് ആ പ്രസ്താവനയോട് യോജിപ്പില്ല. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
നൃത്തരൂപങ്ങളെക്കുറിച്ചുള്ള നാസിഫിന്റെ അറിവ് അപാരമാണ്, അറിവ് മാത്രമല്ല അത് നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിയും. കൊറിയോഗ്രഫിയിലും നാസിഫ് ഒട്ടും പിറകിലല്ല, എന്നാൽ ദിൽഷയോട് കൊറിയോഗ്രഫി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താനൊരു പെർഫോമറാണ്, തനിക്ക് അതാണ് ഇഷ്ടം എന്നുമാണ് താരം പറയുന്നത്.
‘ഞാനൊരു പെർഫോമറാണ്. എനിക്കൊരാൾ എത്ര പെർഫോമൻസ് പഠിപ്പച്ച് തന്നാലും മതിയാവില്ല. എത്ര പഠിക്കാൻ പറ്റുമോ അത്രയും പഠിക്കാൻ ഞാൻ റെഡിയാണ്. അത്രയും ഇന്ററസ്റ്റിംഗാണ് പുതിയ ഡാൻസ് ഫോമുകൾ പഠിക്കാൻ,’ ദിൽഷ പറഞ്ഞു. അതേസമയം, ക്രിയേറ്റ് ചെയ്യാനാണ് തനിക്കിഷ്ടണമെന്ന് നാസിഫ് പറയുന്നു.
ഇന്റർവ്യൂവിനിടയ്ക്ക് ഡാൻസിങ് സ്റ്റാർസ് പരിപാടിയിലെ മെന്റർമാരെക്കുറിച്ചും ജഡ്ജസ്മാരെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. നടി ആശ ശരത്ത് അമ്മയെ പോലെയാണെന്നാണ് ദിൽഷയും നാസിഫും പറയുന്നത്. “നമ്മളെ മക്കളെ എന്നാണ് വിളിക്കുന്നത്. നമ്മളെ കെട്ടിപ്പിടിക്കുമ്പോഴും ചേർത്ത് നിർത്തുമ്പോഴും അമ്മ എന്ന ഫീൽ കിട്ടും”- ദിൽഷ വ്യക്തമാക്കി.
ശ്രീശാന്തിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശ്രീശാന്ത് ഒരു സുഹൃത്ത്, അല്ലെങ്കിൽ ഒരു സഹോദരനെ പോലെയാണെന്നാണ് ദിൽഷ പറഞ്ഞത്. ആൾക്കെന്താണോ പറയാനുള്ളത് അത് പോലെ പറയും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം കാര്യമാക്കില്ല. നമ്മൾ ഒരാളുടെ മുന്നിലിങ്ങനെ ആക്ട് ചെയ്ത് നിൽക്കുന്നതിലും നല്ലതാണത്. ശിൽപ്പ ചേച്ചി എനിക്കൊരു ചേച്ചിയാണെന്നും ദിൽഷ പറഞ്ഞു.
ഇതിനിടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള സംസാരത്തിനിടയിൽ നൃത്തം പ്രഫഷനായി തിരഞ്ഞെടുത്തതിൽ വീട്ടുകാരുടെ ഭാഗത്ത് നിന്നും ഒരു എതിർപ്പുമില്ലെന്നും ദിൽഷ വ്യക്തമാക്കി. വിദ്യാഭ്യാസം വേണം, പക്ഷെ എനിക്ക് നിൽക്കാൻ ഇഷ്ടമുള്ള ഇൻഡസ്ട്രി ഇതാണെന്നും ദിൽഷ വ്യക്തമാക്കി. അടുത്തിടെയാണ് ദിൽഷ പുതിയ വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയത്. അതേസമയം തന്റെ വീട്ടിൽ നിന്ന് എതിർപ്പുണ്ടായിരുന്നെന്നും ഇപ്പോൾ പതിയെ അംഗീകരിച്ച് തുടങ്ങിയെന്നും നാസിഫ് പറഞ്ഞു.