”എനിക്ക് വിവാഹപ്രായം ആയിട്ടില്ല, ഇവരാരും പെണ്ണും അന്വേഷിക്കേണ്ട”; ഇങ്ങനെയൊക്കെ പറയുന്നവന്റെ തലയിൽ ഇടിത്തീവീഴണേയെന്ന് അരിസ്റ്റോ സുരേഷ്| aristo suresh| Bigg Boss


ഗായകനും നടനുമായ അരിസ്റ്റോ സുരേഷ് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ​ഗാനത്തോടെയാണ് പ്രേക്ഷകശ്ര​ദ്ധ നേടിയത്. ഈ ​ഗാനം മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു, ഒപ്പം സുരേഷിനെയും. നല്ലൊരു ​ഗാനരചയിതാവും കംപോസറും കൂടിയാണിദ്ദേഹം. ഈയിടെ സുരേഷ് വിവാഹിതാനാകാൻ പോവുകയാണെന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം.

അത് തികച്ചും അടിസ്ഥാനരഹിതമായൊരു വാർത്തയാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴണേയെന്നും താൻ പ്രാർത്ഥിക്കുന്നുണ്ടെന്ന് സുരേഷ് പറയുന്നു. ഓരോ സമയവും ഓരോ പെൺകുട്ടികളെയും ചേർത്ത് വച്ചിട്ടാണ് ഞാൻ വിവാഹിതൻ ആകുന്നു എന്ന രീതിയിൽ വാർത്തകൾ വരുന്നത്. ഇത് പ്രചരിപ്പിക്കുന്നവന്റെ വീട്ടിൽ പെൺകുട്ടികൾ ഒന്നും ഇല്ലേ. പെൺകുട്ടികൾ വീട്ടിൽ ഇല്ലാത്ത ആളുകൾ ആണോ ഈ വാർത്തകൾ പുറത്തുവിടുന്നതെന്ന് സുരേഷ് ചോദിക്കുന്നു.

വിവാഹം കഴിക്കില്ല എന്ന വാശിയൊന്നുമില്ല തനിക്ക്, പക്ഷെ തന്നെ സംബന്ധിച്ചിടത്തോളം വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല. കുറച്ചൂടെ പ്രായം ആയിട്ട് വിവാഹം കഴിക്കാൻ ആണ് സുരേഷിന്റെ തീരുമാനം. ഈ പറഞ്ഞുണ്ടാക്കുന്ന ആളുകൾ ആരും തനിക്ക് പെണ്ണ് അന്വേഷിച്ചു തരേണ്ടെന്നും തനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ താൻ അതിനെ കണ്ടെത്തിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ബി​ഗ് ബോസിൽ സുരേഷിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുമെന്ന തരത്തിലായിരുന്നു പ്രചരണം. പെൺകുട്ടിയുടെ കൂടെയുള്ള ഫോട്ടോ സഹിതമായിരുന്നു ഫേക്ക് ന്യൂസ് വന്നത്. പെൺകുട്ടി സുരേഷിന്റെ വീട്ടിലെത്തിയപ്പോഴെടുത്ത ഫോട്ടാേയായിരുന്നു അത്. ”വാർത്ത ഞാൻ അറിയുന്നത് എന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് വേളയിൽ ആണ്. സത്യത്തിൽ ഞാൻ എന്ത് പറയാൻ ആണ്. ആ ചിത്രത്തിൽ കാണുന്ന കുട്ടി നമ്മുടെ വീട്ടിൽ വന്നപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ ആരോ പ്രചരിപ്പിക്കുന്നത്”- അദ്ദേഹം വ്യക്തമാക്കി.

”ആദ്യം പറഞ്ഞപോലെ വീട്ടിൽ അമ്മയും സഹോദരിയും പെൺമക്കളും ഇല്ലാത്ത ആളുകൾ ആണ് ഇത്തരത്തിൽ ഉള്ള കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ചിത്രത്തിലുള്ള പെൺകുട്ടിയെ ഞാൻ വിളിക്കാൻ പോയില്ല. ആ കുട്ടിയും ഇത് അറിഞ്ഞിട്ടുണ്ടാകാം. കേസ് ഒന്നും കൊടുക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. കാരണം സമയം ഇല്ല എന്നതാണ് സത്യം. ചാനലിന്റെ റേറ്റിങ് കൂട്ടാൻ ആണ് ഇത്തരക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

എനിക്ക് വിവാഹമോ മറ്റോ ഉണ്ടായാൽ ഞാൻ ഉറപ്പായും ലൈവിലോ മറ്റോ വന്നു പ്രേക്ഷകരെ അറിയിക്കുന്നതാണ്. ഒരിക്കലും ഇത്തരം വ്യാജ വാർത്തകളിൽ വീഴരുത്. ഇപ്പോൾ ഞാൻ വിവാഹിതൻ അല്ല. വിവാഹം കഴിച്ചാൽ ഞാൻ അറിയിക്കാം. എനിക്ക് ഇപ്പോൾ പത്തൻപത്തിയഞ്ചു വയസ്സായി. അപ്പോൾ എന്റെ പ്രായവും ഒത്തൊരു പെണ്ണ് വന്നാൽ വിവാഹം കഴിക്കും. അല്ലാതെ വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല, കഴിച്ചാൽ ഉറപ്പായും എന്നെ സ്നേഹിക്കുന്നവരെ ഞാൻ അറിയിക്കും”- അരിസ്റ്റോ സുരേഷ് പറഞ്ഞു.