അതിന് വേണ്ടി പത്ത് ദിവസമാണ് കഷ്ടപ്പെട്ടതെന്ന് റോബിന്‍ രാധാകൃഷ്ണന്‍: പുതിയ വെളിപ്പെടുത്തല്‍, പോസ്റ്ററിലെ ബ്രില്യന്‍സിന് പിന്നില്‍|Robin Radhakrishnan| Bigg Boss


ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ഡോക്ടറും മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ രാധാകൃഷ്ണൻ ശ്രദ്ധനേടുന്നത്. ഷോ അവസാനിച്ചിട്ടും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായ റോബിന്റെ സിനിമയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. രണ്ട് ദിവസം മുൻപായിരുന്നു താൻ സംവിധായകനായി അരങ്ങേറുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലും റോബിൻ പുറത്തിറക്കിയത്.

രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാവുന്ന റോബിൻറെ കഥാപാത്രവും ഉണ്ടായിരുന്നു. കഥാപാത്രം ഇരുകൈയിലും ഓരോ വാച്ച് കെട്ടിയിരിക്കുന്നു എന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ടായിരുന്നു. രണ്ട് കയ്യിലും വാച്ച് കെട്ടിയിരുന്നു, വാച്ച് കച്ചവടം ആണോ എന്നെല്ലാമായിരുന്നു കമന്റുകൾ. കൂടാതെ സന്തോഷ് പണ്ഡിറ്റിന്റെ എതിരാളിയാണ് റോബിൻ എന്ന തരത്തിലുള്ള കമന്റുകളും വന്നിരുന്നു.

ഇപ്പോഴിതാ താൻ ഫസ്റ്റ്ലുക്കിൽ ഇരു കയ്യിലും വാച്ച് ഉപയോ​ഗിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. രണ്ട് വാച്ചുകളിൽ ഒന്നിൽ നായകന് തൻറെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാൾക്ക് തൻറെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും റോബിൻ പറയുന്നു. കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാൻ വേണ്ടി ഒരു പത്ത് ദിവസം കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പറ‍ഞ്ഞു.

”ഒരു സാധാരണക്കാരന് കഷ്ടപ്പെട്ട് തന്നെയേ സിനിമ എടുക്കാൻ പറ്റൂ. ആ കഷ്ടപ്പാടുകളൊക്കെ ഞാൻ നേരിടുന്നുണ്ട്. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയ ശങ്കർ ശർമ്മയുടെ പേര് നിർദ്ദേശിച്ചത്. കിംഗ് ഓഫ് കൊത്തയുടെ തിരക്കിലാണ് ജേക്സ്. അല്ലായിരുന്നെങ്കിൽ അദ്ദേഹം ചെയ്തു തന്നേനെ. പക്ഷേ ശങ്കർ ശർമ്മ വളരെ നന്നായി ചെയ്തിട്ടുണ്ട്.

പലർക്കും ഒരു സംശയമുണ്ട്. ഈ പടം ഇറങ്ങുമോ ഇല്ലയോ എന്ന്. ആ ടെൻഷൻ എനിക്കാണ് തരേണ്ടത്. ഈ സിനിമ ഞാൻ എന്തായാലും ചെയ്യും. ഈ ചിത്രം വലിയ സംഭവമൊന്നുമല്ല. ഒരു ചെറിയ പടം. അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ട”- റോബിൻ വ്യക്തമാക്കി.

ഡോ. റോബിൻ രാധാകൃഷ്ണൻ ഫിലിം പ്രൊഡക്ഷൻസിൻറെ ബാനറിൽ റോബിൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. വേണു ശശിധരൻ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശങ്കർ ശർമ്മ സംഗീത സംവിധാനം നിർവ്വഹിക്കും. മോഡലും നടിയും റോബിൻറെ നവ വധുവുമായ ആരതി പൊടിയാകും പുതിയ സിനിമയിൽ നായികാ വേഷത്തിലെത്തുക. നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിൻ രാധകൃഷ്ണൻ പങ്കുവെച്ച പോസ്റ്റ് വലിയ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിൻ രാധാകൃഷ്ണൻ തന്നെയാണ് നടത്തിയത്.