”കമന്റിനും വീഡിയോയ്ക്കും പ്രത്യേകം പൈസയാണ്, ബിഗ് ബോസില്‍ കിരീടം നേടാന്‍ അവര്‍ പൈസ കൊടുത്ത് പി.ആര്‍.വര്‍ക്ക് ചെയ്യുന്നു, തെളിവുകള്‍ കയ്യിലുണ്ട്” ആരോപണവുമായി മുന്‍ബിഗ് ബോസ് മത്സരാര്‍ത്ഥി ആര്യ


 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ജനപ്രിയ ഷോയ്ക്ക് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ആരൊക്കെയാകും ഇത്തവണത്തെ മത്സരാർത്ഥികൾ ആകുക എന്നതാണ് പ്രധാന ചോദ്യം. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുമുണ്ട്.

ഇതിനിടെ ബി​ഗ് ബോസ് രണ്ടിലെ മത്സരാർത്ഥിയായ ആര്യ ബാബു ബി​ഗ് ബോസിനെക്കുറിച്ച് അധികമാരും കേൾക്കാത്ത ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ്. ബി​ഗ് ബോസിൽ ചില താരങ്ങൾക്ക് വേണ്ടി പൈസ കൊടുത്ത് പിആർ വർക്ക് ചെയ്യിപ്പിക്കാറുണ്ടെന്നാണ് ആര്യ പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

പിആർ വർക്ക് ചെയ്യാൻ വേണ്ടി വാട്സ്ആപ് ​ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത്, അതിലേക്ക് ആളുകളെ ആഡ് ചെയ്യും. അധികവും കോളജ് സ്റ്റുഡന്റ്സിനെയാണ് ഇവർ ​ഗ്രൂപ്പിൽ ചേർത്തുന്നത്. ശേഷം ഏതെങ്കെലും മത്സരാർത്ഥികളെ ടാർ​ഗറ്റ് ചെയ്ത് ആഴ്ച തോറും അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കയറി അധിഷേപിക്കുന്ന രീതിയിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുക, യൂട്യൂബിൽ വീഡിയോ ക്രിയേറ്റ് ചെയ്യുക എന്നിവയൊക്കെയാണ് പരിപാടി.

കമന്റിനും വീഡിയോയ്ക്കും പ്രത്യേകം പൈസയാണ്. കമന്റ് മാത്രം ചെയ്യുന്നവർക്ക് ആഴ്ചയിൽ 2000 രൂപ ലഭിക്കുമെന്നാണ് ആര്യ പറയുന്നത്. ഇത് താൻ വെറുതെ പറയുന്നതല്ല, ആവശ്യമായ തെളിവുകൾ കയ്യിലുണ്ടെന്നും ആര്യ പറഞ്ഞു. ആര്യയുടെ ചില കസിൻസ് ഇതേ ​ഗ്രൂപ്പിൽ കയറിപ്പറ്റിയതിന് ശേഷം ​ഗ്രൂപ്പിൽ വന്ന കമന്റുകളുടെയും വോയ്സ് നോട്ടുകളുടെയും സ്ക്രീൻ റക്കോർഡുകൾ ശേഖരിച്ചു. അങ്ങനെയാണ് ആര്യയ്ക്ക് തെളിവ് ലഭിച്ചത്.

തങ്ങൾക്കെതിരെയുള്ള സൈബർ ബുള്ളീയിങ് അതിര് വിട്ടപ്പോഴായിരുന്നു ആര്യ, രേഷ്മ, മഞ്ജു എന്നീ ബി​ഗ് ബോസ് മത്സരാർത്ഥികൾ സൈബർ സെല്ലിൽ പരാതി ഫയൽ ചെയ്തത്. തുടർന്നുണ്ടായ അന്വേഷണത്തിൽ വാട്സ്ആപ് ഗ്രൂപ്പിനെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഭൂരിഭാ​ഗവും വിദ്യാർത്ഥികളാണ് ഈ ​ഗ്രൂപ്പിലെ അം​ഗങ്ങൾ. പോക്കറ്റ് മണിക്ക് വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞതായി ആര്യ വെളിപ്പെടുത്തി.

എന്നാൽ എല്ലാ ബി​ഗ് ബോസ് താരങ്ങളും ഇങ്ങനെ ചെയ്യുമെന്ന് താൻ പറയില്ല എന്നും ആര്യ പറയുന്നുണ്ട്. ചിലപ്പോൾ ബി​ഗ് ബോസിൽ മത്സരിക്കുന്നതിനിടെ പുറത്ത് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത് അറിയണമെന്ന് കൂടിയുണ്ടാകില്ല എന്നും താരം വ്യക്തമാക്കി.