”എന്റെ പൊന്നു സാറേ എനിക്ക് ഇതിനെപ്പറ്റി യാതൊന്നും അറിയില്ല, നരേന്ദ്ര മോദിയേയും പിണറായിയേയും ഒരുപോലെ ഇഷ്ടമാണ്”; ഭീമൻ രഘു


1983 മലയാള സിനിമാലോകത്ത് വിവിധ തരത്തിലുള്ള വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭീമൻ രഘു. ഇത്രയും കാലത്തെ അഭിനയജീവിത്തതിനിടെ താരം ആദ്യമായി സംവിധാനവും നിർവ്വഹിച്ചിരിക്കുകയാണ്. ഈ സിനിമയുടെ പ്രചരണാർത്ഥം താരം പങ്കെടുത്ത പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളാണ് ഈ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

താൻ കോളജിൽ പഠിക്കുമ്പോൾ ഇടതുപക്ഷ ചിന്താ​ഗതിക്കാരനായിരുന്നു എന്നാണ് ഭീമൻ രഘു പറയുന്നത്. അതേസമയം ബിജെപിയുമായി ഇപ്പോൾ ബന്ധമില്ലെന്നും ഇനി മത്സരിക്കില്ലെന്നും പറഞ്ഞു. ഇതേ പ്രസ്താവന താരം നേരത്തേ പറഞ്ഞിരുന്നതാണ്. പിണറായി വിജയനേയും നരേന്ദ്രമോദിയേയും തനിക്ക് ഒരു പോലെ ഇഷ്ടമാണെന്നും താരം പറഞ്ഞു.

പത്തനാപുരത്ത് രണ്ട് സിനിമാക്കാർ മത്സരിക്കുന്നത്. ആർട്ടിസ്റ്റെന്ന നിലക്ക് മത്സരിച്ചൂടെ എന്ന് ഡൽഹിയിൽ നിന്ന് ഒരാൾ വിളിച്ച് ചോദിച്ചു. എന്റെ പൊന്നു സാറേ എനിക്ക് ഇതിനെപ്പറ്റി യാതൊന്നും അറിയില്ല എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. കോളജിൽ പഠിക്കുന്ന സമയത്ത് ഇടത് പക്ഷമായിരുന്നു. ലെഫ്റ്റ് ചായ്വായിരുന്നു എനിക്ക്. അന്ന് കുറെ ബഹളങ്ങളൊക്കെ വെച്ച് കോളജ് അടപ്പിച്ചിട്ടുണ്ട്. ഞങ്ങൾ കുറെ ആൾക്കാരുണ്ട്, ഇപ്പോഴും അവരൊക്കെയുണ്ട്- അദ്ദേഹം വ്യക്തമാക്കി.

തനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് പിണറായി വിജയൻ എന്നാണ് ഭീമൻ രഘു പറയുന്നത്. പലരും പല കുഴപ്പങ്ങളും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയെക്കുറിച്ച് പലരും പലതും പറയുന്നുണ്ട്. അവിടെ പോയി ഇവിടെ പോയി എന്നൊക്കെ. ഇന്ത്യക്ക് വേണ്ടിയാണ് പോയത്. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയുമായുള്ള ബന്ധമൊക്കെ പോയി. ഇനി ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിജെപിയുടെ രാഷ്‌ട്രീയത്തോട്‌ ഇതുവരെ താൽപ്പര്യം തോന്നിയിട്ടില്ല. ഇപ്പോൾ ഒരു ബന്ധവുമില്ല. നടനെന്ന നിലയിൽ ഒന്നു നിന്നാൽ മതിയെന്ന്‌ പറഞ്ഞാണ്‌ മത്സരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽതേടി കേരളത്തിലെത്തിയ തമിഴ്‌യുവാവിന്റെ ജീവിതമാണ്‌ ഭീമൻ രഘുവിന്റെ സിനിമയുടെ ഇതിവൃത്തം. റിലീസിനൊരുങ്ങിയ ചിത്രത്തിൽ രഘുവിനൊപ്പം മീനാക്ഷി ചന്ദ്രൻ, രാമൻ വിശ്വനാഥ്‌, രഘുചന്ദ്രൻ, സമ്മോഹ്‌ തുടങ്ങിയവരാണ്‌ അഭിനയിക്കുന്നത്‌. കെ ശശീന്ദ്രൻ കണ്ണൂരാണ്‌ നിർമാണം. അജി അലിയറയാണ്‌ കഥയം തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്.