”രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, എല്ലാവരും വേണം, അന്നേ താൽപര്യമില്ലെന്ന് പറഞ്ഞതാണ്”; അഭിപ്രായം വ്യക്തമാക്കി ഭീമൻ രഘു| Bheeman raghu | BJP


രാഷ്ട്രീയം താൻ ആദ്യമേ നിർത്തിയതാണെന്നും ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നും നടൻ‌ ഭീമൻ രഘു. പ്രചരണത്തിന് പോകുന്നതും വോട്ട് പിടിക്കുന്നതും തനിക്ക് പറ്റിയ പണിയല്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല തനിക്ക് എല്ലാവരെയും വേണമെന്നും ഭീമൻ രഘു പറഞ്ഞു. ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയം എനിക്ക് താൽപര്യമില്ലാത്ത വിഷയമാണ്. ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു. രണ്ട് ആർട്ടിസ്റ്റുകൾ നിൽക്കുന്നുണ്ട്, ചേട്ടൻ കൂടെ നിന്നാൽ നന്നായിരിക്കുമെന്നൊക്കെ പറഞ്ഞത് കൊണ്ടാണ് അന്ന് സമ്മതിച്ചത്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു. പക്ഷെ രാഷ്ട്രീയം താൽപര്യമില്ലാത്ത കാര്യമാണ്.

രാഷ്ട്രീയക്കാരിൽ വേർതിരിവില്ല. എല്ലാവരേയും അറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയെയുമൊക്കെ അറിയാം. ഷൂട്ടിങ്ങിന് പോകുമ്പോൾ ഇവരെയൊക്കെ പോയി കാണാറുണ്ട്. എന്നാൽ ഇതൊന്നും പാർട്ടിയുടെ ബേസിൽ അല്ല. ഒരു നടൻ എന്ന നിലയിലാണ്,- ഭീമൻ രഘു വ്യക്തമാക്കി.

ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതോടെ തന്നെ ആളുകൾ പുച്ഛിക്കാൻ തുടങ്ങിയെന്ന് താരം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘രാഷ്ട്രീയ ജീവിതത്തിലോട്ട് ഇറങ്ങിയപ്പോൾ തന്നെ എനിക്ക് പടങ്ങൾ ഒരുപാട് കുറഞ്ഞു. എന്നെ ആരും വിളിക്കാതെയായി. പ്രത്യേകിച്ചും ബിജെപിയിലേക്ക് വന്നതോടെ ആളുകളൊക്കെ നമ്മളെ പുച്ഛിക്കാൻ തുടങ്ങി. അതുകൊണ്ട് ഇനി രാഷ്ട്രീയത്തിലേക്കില്ല,’- ഭീമൻ രഘു വ്യക്തമാക്കി.

2016ൽ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിയായി ഭീമൻ രഘു മത്സരിച്ചത്. നടന്മാരായ ജഗദീഷും ഗണേശ് കുമാറും ആയിരുന്നു അന്ന് ഭീമൻ രഘുവിനെതിരെ മത്സരിച്ചത്. താരത്തിന് പതിമൂവായിരത്തിനടുത്ത് വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളു. അതിന് ശേഷം പാർട്ടിക്കാർ പല പാരിപാടികൾക്കും വിളിച്ചെങ്കിലും താരം ക്ഷണം നിരസിക്കുകയായിരുന്നു.

ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ താരത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എസ് ഐ ആയി ജോലി ചെയ്യവേ പ്രശസ്ത നടൻ മധുവുമായി പരിചയത്തിലാവുകയും അദ്ദേഹത്തിൻറെ നിർബന്ധപ്രകാരം ‘പിന്നെയും പൂക്കുന്ന കാലം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നു വന്നത്.

പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായി. പ്രമുഖ നടന്മാർ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലൻ റോളുകൾ രഘുവിനെ തേടിയെത്തി. അടുത്തകാലത്ത് വില്ലൻ കഥാപാത്രങ്ങൾക്ക് പുറമേ ഹാസ്യവേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങി. രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ ‘ക്വിന്റൽ വർക്കി’ എന്ന ഹാസ്യകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.