”ആ കാലം ഞാൻ എങ്ങനെ ഓവർകം ചെയ്തു എന്ന് ഇപ്പോഴും അറിയില്ല, ഞാൻ ഉണ്ടാക്കിയ കഥയാണെന്ന് വരെ കേൾക്കേണ്ടിവന്നു”; ജീവിതത്തിലെ ഇരുണ്ടകാലത്തെ ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറന്ന് ഭാവന|Bhavana| Sharafudeen| Court Room


നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. കേരളത്തിലെ വലിയൊരു ശതമാനം ചലച്ചിത്ര ആരാധകരും ഈ സിനിമ കാണുവാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എന്ന് വേണം പറയാൻ. എന്നാൽ തന്റെ ജീവിതത്തിലെ മോശം സാഹചര്യങ്ങളിലൂടെയെല്ലാം കടന്ന് പോകുമ്പോൾ വളരെ വിരളമായെ ഭാവന പ്രേക്ഷകരോട് മനസ് തുറന്നിട്ടുളളു.

താൻ ജീവിതത്തിൽ ഏറ്റവും ഒറ്റപ്പെട്ടു എന്ന് തോന്നിയ സമയം കോടതിമുറിയിൽ ചിലവഴിച്ച 15 ദിവസങ്ങളാണെന്ന് ഭാവന നേരത്തെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിലുണ്ടായ ദുരന്തം തരണം ചെയ്തതെങ്ങനെയാണെന്ന് ഭാവനയോട് ചോദിച്ചപ്പോൾ, എങ്ങനെ ധൈര്യം കിട്ടി എന്നതിന് ഉത്തരമില്ല, തന്റെ ജീവിതം തന്നെയങ്ങനെ കൊണ്ടുപോവുകയായിരുന്നു എന്നാണ് ഭാവന മറുപടി പറഞ്ഞത്. ട്രുകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.

“നിർഭാ​ഗ്യകരമായൊരു കാര്യം എന്റെ ജീവിതത്തിലുണ്ടായി, ഞാനത് അപ്പോൾ തന്നെ കംപ്ലൈന്റ് ചെയ്തു. അതിന്റെ പേരിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കേൾക്കേണ്ടി വന്നു. ഇത് ഞാൻ ഉണ്ടാക്കിയ കഥയാണെന്ന് വരെ കേൾക്കേണ്ടി വന്നു. നമ്മുടെ ലൈഫിൽ ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞ് നമ്മൾ എഴുന്നേൾക്കാൻ നോക്കുമ്പോൾ, പിന്നെയും അടിച്ച് താഴെയിടുകയാണ്. ആ കാലം ഞാൻ എങ്ങനെയത് ഓവർകം ചെയ്തുവെന്ന് ഇപ്പോഴും എനിക്കറിയില്ല. എനിക്കിപ്പോഴും അതിന്റെ പ്രശ്നങ്ങളുണ്ട്. അല്ലെങ്കിൽ ഒരാളോട്, നിങ്ങൾ ഇങ്ങനെ ചെയ്താൽ ഓക്കെ ആയിരിക്കും എന്ന് എനിക്ക് പറയാൻ അറിയില്ല. അങ്ങനെയുള്ള ഓരോ അനുഭവങ്ങൾ വരുമ്പോൾ നമ്മൾ തനിയെ പഠിക്കുന്നതാണ്, അല്ലാതെ വേറെയാരെങ്കിലും പറഞ്ഞാൽ ശരിയാകില്ല”- ഭാവന വ്യക്തമാക്കി.

തനിക്ക് വേറെ ഓപ്ഷനില്ലാത്തോണ്ട് അതെല്ലാം ഓവർകം ചെയ്യേണ്ടി വന്നു. എനിക്ക് പകരം വേറൊരാൾ നാളെ കോടതിയിൽ പൊയ്ക്കോട്ടേയെന്ന് കരുതാൻ കഴിയില്ല, അത് അഭിമുഖീകരിക്കാതിരിക്കാൻ ഒരു നിവൃത്തിയുമില്ലാതെ വരുന്ന സ്റ്റേജാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് താരം പറയുന്നു. കൂടാതെ, തനിക്ക് മാത്രമല്ല നീതി കിട്ടാതിരിക്കുന്നത്, ഇവിടെ ജീവിക്കുന്ന ഒരുപാട് ആളുകൾ മോശം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നുണ്ടെന്നും തനിക്ക് ലഭിക്കുന്ന പ്രിവിലേജ് അവർക്കുണ്ടാകണമെന്നില്ല എന്നും ഭാവന വ്യക്തമാക്കി.

‘ന്റെപ്പൂപ്പാക്കൊരു പ്രേമണ്ടാർന്നു’ എന്ന ഭാവനയുടെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി താരവും നടനും സംവിധായകനുമായ ഷറഫുദ്ദീനും ചേർന്ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന കുടുംബ ചിത്രമാണിത്. ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടെയ്‌ൻമെന്റ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് സംവിധായകൻ.

ബിജിബാലാണ് പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നത്. അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററുകളിലെത്തും.