” ആ ഒരൊറ്റക്കാരണം കൊണ്ടാണ് സ്ഫടികം അവാര്‍ഡിന് പോകാഞ്ഞത്… അവന്മാരില്‍പ്പെട്ട രണ്ട് മൂന്ന് പേരാണ് ഈ ചിത്രത്തെ തഴഞ്ഞത്” സ്ഫടികം അവാര്‍ഡിന് പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ഭദ്രന്‍


ലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാലിന്റെ എക്കാലത്തെയും മാസ് കഥാപാത്രമാണ് സ്ഫടികത്തിലെ ആടുതോമ. തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ആടുതോമ എന്ന കഥാപാത്രവും സ്ഫടികം എന്ന ചിത്രവും അന്നത്തെ കാലത്ത് തന്നെ വന്‍ ഹിറ്റായിരുന്നിട്ടും ചിത്രം ഏതെങ്കിലും തരത്തിലുള്ള അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രന്‍.

സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനില്‍ അദ്ദേഹം പറയുന്ന തെറിയാണ് ചിത്രത്തെ അവാര്‍ഡിന് പരിഗണിക്കാതെ പോയതിന്റെ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ”സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ക്യാരക്ടറിനെ എസ്റ്റാബ്ലിഷ് ചെയ്യുന്നതിനായാണ് ‘പൂക്കോയി %#&& മോനേ’ എന്ന തെറിവാക്ക് ഉപയോഗിച്ചത്. ഈ ഒരൊറ്റക്കാരണംകൊണ്ടാണ് ചിത്രം അവാര്‍ഡിന് നിരസിച്ചത്” ഭദ്രന്‍ പറയുന്നു

സ്ഫടികത്തെ ഒഴിവാക്കാന്‍വേണ്ടി ഏറ്റവും ശബ്ദമുയര്‍ത്തിയ ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരു പറയുന്നില്ലെന്നും ഭദ്രന്‍ പറഞ്ഞു. ‘ഇതാണ് നമ്മുടെ ഗതികെട്ട അവാര്‍ഡ് കമ്മിറ്റി. ബുദ്ധിജീവി കളിച്ച് ഇങ്ങനെ നടക്കുകയാണ്. താന്‍ ചെയ്ത സിനിമകളാണ് ഏറ്റവും നല്ല സിനിമകള്‍ അതിനപ്പുറം സിനിമകള്‍ ഇല്ല എന്നുകണ്ട് വിശ്വസിച്ച് നടക്കുന്ന കുറേ ആള്‍ക്കാരുണ്ട്. അതുപോലുള്ള സ്യൂഡോ ആളുകള്‍ ഇന്നുമുണ്ട്. അന്നത്തെക്കാലത്ത് കുറച്ച് കൂടുതലായിരുന്നു. അവരാന്മാരില്‍പ്പെട്ട രണ്ട് മൂന്ന് പേരാണ് ഈ സിനിമയെ തഴഞ്ഞത്.” അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് ഈ സിനിമയെ അവാര്‍ഡിന് പരിഗണിച്ചില്ലയെന്ന് എത്രയോ ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് സ്ഫടികം എന്ന ചിത്രത്തെ കിടപിടക്കുന്ന സാങ്കേതിക മികവുള്ള ചിത്രം ഉണ്ടായിട്ടില്ല. ഇത് തന്റെ അഭിപ്രായമല്ല. അന്നത്തെ അറിയപ്പെടുന്ന ഫിലിംമേക്കേഴ്‌സ് പറഞ്ഞതാണെന്നും ഭദ്രന്‍ പറയുന്നു.

സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ആര്‍ട്രിബ്യൂട്ട് ചെയ്യുന്ന കോഡായിരുന്നു ആ ഡയലോഗ്. അത് ചെയ്യുന്ന സമയത്ത് ”ആദ്യ ഡയലോഗാ, ഇത്തിരി ഒച്ച കുറച്ച് പറഞ്ഞോട്ടെ’ എന്ന് മോഹന്‍ലാലും ചോദിച്ചിരുന്നെന്നും ഭദ്രന്‍ വെളിപ്പെടുത്തുന്നു.