”എനിക്ക് ഭയങ്കര ഭാ​ഗ്യമാണ് ഇദ്ദേഹത്ത പോലൊരാൾക്ക് വേണ്ടി ട്രാൻസിലേറ്റ് ചെയ്യാൻ സാധിച്ചതിൽ’, പ്രസം​ഗം പഠിക്കാതെ സ്റ്റേജിൽ കയറേണ്ടിവന്ന രസകരമായ അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്-Basil Joseph Award Function Minnal Murali


ബേസിലിനെ കുറിച്ച് ഒറ്റവാക്കിൽ പറയാനാണെങ്കിൽ ബ്രില്യന്റ് എന്ന വാക്ക് കുറഞ്ഞ് പോകും. അത്രയ്ക്കും ​ഗംഭീര അഭിനശേഷിയും സംവിധാനമികവുമാണ് അദ്ദേഹത്തിന്. പതിയ, പതിയെ പടവുകൾ കയറി വരുന്നത് പോലെയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം. എൻജിനീയറിങ് ബിരുദദാരിയായ ബേസിൽ 2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. അതേ വർഷം തന്നെയാണ് ശ്…. എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്.

2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. അതിന് ശേഷം തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചുകൊണ്ടാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.

2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് ബേസിൽ ഒരു സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞുപോയ ചിത്രം ഹിറ്റാവുകയും ബേസിലെന്ന സംവിധായകനെ പ്രേക്ഷകർ ശ്രദ്ധിക്കാനും തുടങ്ങി.

2017 മേയിൽ ബേസിൽ ഗോദ സംവിധാനം ചെയ്തു. ഇതിന് ശേഷം താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. അഭിനയവും സംവിധാനവും തനിക്കൊരേപോലെ വഴങ്ങുമെന്ന് താരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിലും ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തിയ ജയ ജയ ജയഹേ ബേസിലിന് ഏറെ കയ്യടി നേടിക്കൊടുത്ത ചിത്രമാണ്.

പക്ഷേ 2021ൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രമായിരുന്നു ബേസിലിന്റെ കരിയറിനെ ഉന്നതിയിലേക്കെത്തിച്ചത്. ഒരു സംവിധായകനെന്ന നിലയിൽ അഭിമാനിക്കാവുന്ന മുഹൂർത്തമെന്നതിൽ സംശയമില്ല. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസിൽ ജോസഫിന് ലഭിച്ചു. മിന്നൽ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ നെറ്റ്ഫ്ലിക്‌സിലൂടെ പ്രദർശനത്തിനെത്തിയ പാൻ ഇന്ത്യൻ സിനിമയായ മിന്നൽ മുരളി ഭാഷക്ക് അധീതമായി സിനിമ എന്ന നിലയിൽ വലിയ ചർച്ചയായിരുന്നു.

അവാർഡ് ലഭിച്ചതിന് ശേഷം ബേസിൽ വേദിയിൽ വെച്ച് നടത്തിയ പ്രസം​ഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ വീഡിയോ റിലീസ് ചെയ്ത ദിവസം കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രേമികളുടെയും സ്റ്റാറ്റസിലും സ്റ്റോറിയിലുമെല്ലാം ബേസിൽ ജോസഫ് നിറഞ്ഞുനിന്നു. എന്നാൽ അവാർഡ് ധാനവുമായി ബന്ധപ്പെട്ട് അധികമാർക്കും അറിയാത്തൊരു കഥ പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് താരം. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ മനസ് തുറന്നത്.

യഥാർത്ഥത്തിൽ തനിക്ക് അവാർഡ് ലഭിക്കുമെന്ന് യാതൊരു പ്രീക്ഷയുമില്ലെന്നായിരുന്നു ബേസിൽ പറയുന്നത്. ധാരാളം സംവിധായകർക്കിടയിൽ നോമിനിയായാണ് ബേസിൽ ഇരുന്നത്. മാത്രമല്ല, ജപ്പാനിൽ നിന്നുമുള്ള സംവിധായകന് ലഭിച്ച ഹൈപ്പുകൂടി കണ്ടപ്പോൾ അവാർഡ് കിട്ടില്ലെന്നുറപ്പായി ബേസിലിന്. ജപ്പാനിലെ സംവിധായകന് ഭാഷാപ്രശ്നമുള്ളതിനാൽ സ്പീച്ച് തർജ്ജമ്മ ചെയ്യാൻ ആളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ട്രാൻസിലേറ്റ് ചെയ്യാൻ കഴിഞ്ഞത് ഭാ​ഗ്യമാണെന്ന് കൂടെ കേട്ടപ്പോൾ ബേസിൽ ഉറപ്പിച്ചു, തനിക്കായിരിക്കില്ല അവാർഡെന്ന്.

ഒടുവിൽ അവാർഡ് നൽകാൻ തന്റെ പേര് അനൗൺസ് ചെയ്തപ്പോൾ ശെരിക്കും ഞെട്ടിപ്പോയെന്നാണ് താരം പറയുന്നത്. കാണികളിരിക്കുന്നിടത്ത് നിന്ന് പടവുകൾ കയറി വേദിയിലിരിക്കും വരെ രസകരമായൊരു ചിരി ബേസിലിന്റെ ചുണ്ടിലുണ്ടായിരുന്നു. എന്നാൽ താൻ ഉള്ളിൽ ടെൻഷനടിക്കുകയായിരുന്നെന്നാണ് ബേസിൽ പറഞ്ഞത്. കാരണം അവാർഡ് കിട്ടില്ലെന്ന് കരുതി താരം പ്രസം​ഗം പഠിച്ചില്ല. പിന്നെ നമ്മൾ കേട്ടത് താരത്തിന്റെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ്.