”അസീസ് മോഷ്ടിച്ചത് ചങ്ങമ്പുഴയുടെ വാഴക്കുലയും പാത്തുമ്മായുടെ ആടിനേയും”; ബേസിൽ ജോസഫ് ബ്രില്യൻസെന്ന് ആരാധകർ| basil Joseph| Azeez Nedumangad
തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. മികച്ച ആവിഷ്കരണ രീതി കൊണ്ടും സംവിധാനം കൊണ്ടും ചിത്രം വേറിട്ട് നിന്നു. അമാനുഷികതകൾ കൊണ്ട് വിസ്മയം തീർത്ത നിരവധി സൂപ്പർ ഹീറോകൾക്കിടയിലേക്കായിരുന്നു മിന്നൽ മുരളിയായി ടൊവിനോ തോമസ് എത്തിയത്.
2021ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കൂടാതെ ‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡും ലഭിച്ചിരുന്നു. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നായിരുന്നു മിന്നൽ മുരളി ഈ നേട്ടം സ്വന്തമാക്കിയത്.
ഇപ്പോൾ ചിത്രത്തിൽ നിന്നും എടുത്ത രണ്ട് സന്ദർഭങ്ങൾ കൂട്ടിയിണക്കിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മൂവി മാനിയ മലയാളം എന്ന യൂട്യൂബ് ചാനലിൽ വന്ന വീഡിയോയ്ക്ക് ഇതിനോടകം തന്നെ 40K മുകളിൽ ലൈക്കുകളായി. ഷോർട് വീഡിയോ ആയാണ് സംഭവം അപ്ലോഡ് ചെയ്തിരിക്കുന്നത്.
മിന്നൽ മുരളിയിൽ നടൻ അസീസ് നെടുമങ്ങാട് ഒരു കള്ളന്റെ വേഷത്തിലായിരുന്നു അഭിനയിച്ചത്. ചിത്രത്തിൽ അസീസ് ആദ്യം മോഷ്ടിക്കുന്നത് ഒരു വാഴക്കുലയാണ്. അത് പ്രശസ്ത കവി ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതാ സമാഹാരമാണെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്.
അടുത്തത്, അസീസിന്റെ കഥാപാത്രം ഒരാടുമായി വഞ്ചിയിൽ പോകുന്ന സീനാണ്. തുടർന്ന് അസീസിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം നടൻ ബൈജു അവതരിപ്പിച്ച പൊലീസ് കഥാപാത്രം അസീസിനോട് ചോദിക്കുന്നുണ്ട്, നീയാ പാത്തുമ്മായുടെ ആടിനെ മോഷ്ടിച്ചു അല്ലേടാ എന്ന്. ഇതും ഡയറക്ടർ ബ്രില്യൻസ് ആയാണ് വീഡിയോയിൽ പറയുന്നത്. ബേസിൽ ബ്രില്യൻസ് എന്ന തലക്കെട്ടോടുകൂടി തന്നെയാണ് ഈ ഷോർട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ആയിരുന്നു നായകനായെത്തിയത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റൽ അവാർഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റിൽ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ നാമനിർദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാർഡിലും ചിത്രം തിളങ്ങി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നലേറ്റ് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സൺ കുറുക്കൻമൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.