”രണ്ടായിരം പേരുള്ള സീൻ ഡയറക്ട് ചെയ്ത എനിക്ക് ഇരുപതൊക്കെ പുല്ലാ, രണ്ട് ബോംബൊക്കെ പൊട്ടിക്കേണ്ടേ വിനീതേട്ടാ”; ബേസിലിനുള്ള മറുപടിക്കൊപ്പം കൂട്ടച്ചിരി| Vineeth Sreenivasan| Ganesh Raj| Basil Joseph
തീയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ‘ആനന്ദം’ എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പൂക്കാലം. വയോധിക ദമ്പതികളുടെ കഥ പറയുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗണേഷ്, വിനീത്, ബേസിൽ എന്നിവർ പങ്കെടുത്ത അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
ദി ക്യൂവിന് മൂവരും ചേർന്ന് നൽകിയ അഭിമുഖത്തിൽ മൂവരും തങ്ങളുടെ രസകരമായ സിനിമാനുഭവങ്ങൾ പങ്കുവെച്ച് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുകയാണ്. പൂക്കാലത്തിന്റെ ചിത്രീകരണ സമയത്ത് ഇരുപത് ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിച്ച് അഭിനയിക്കുന്ന ഒരു സീൻ ഡയറക്ട് ചെയ്യാനുണ്ടായിരുന്നു. എല്ലാവരുടെയും എക്സ്പ്രഷൻ കൃത്യമായി കിട്ടേണ്ടി വരുന്നത് കൊണ്ട് തനിക്ക് അത് ചെയ്യാൻ മടി തോന്നി എന്നാണ് ഗണേഷ് പറയുന്നത്.
മാത്രമല്ല ആർക്കും മലയാളം അറിയാത്തത് കൊണ്ട് ഭാഷാ പ്രശ്നവുമുണ്ടായിരുന്നു. ഇങ്ങനെയിരിക്കുന്ന സമയത്ത് ബേസിൽ തന്റെയടുത്ത് വന്ന് ഞാൻ ഈ സീൻ എടുത്ത് തരട്ടേയെന്ന് ചോദിച്ചു. താൻ സന്തോഷത്തോടെ സമ്മതിച്ചു എന്നാണ് ഗണേഷ് പറയുന്നത്. ”അവൻ അവരുടെ മുന്നിൽപ്പോയി അഭിനയിച്ച് കാണിച്ച് കൊടുത്തു, കറക്റ്റ് റിയാക്ഷൻ വന്നു. പ്രോപർ ആയി ഡയറക്റ്റ് ചെയ്ത് വന്നിട്ട് എന്നോട് പറഞ്ഞു രണ്ടായിരം പേരെ വെച്ച് ഞാൻ ചെയ്തിട്ടുണ്ട് ഈ പരിപാടി. ഇരുപതൊന്നും എനിക്കൊരു പുല്ലുമല്ല. നമുക്ക് അപ്പോൾ സന്തോഷം. നമ്മുടെ പണിയും കുറഞ്ഞ് കിട്ടി, അവനും സന്തോഷം”- ഗണേഷ് പറയുന്നു.
ഇതിന് പിന്നാലെ മിന്നൽ മുരളിയിൽ ബോംബ് പൊട്ടിക്കുന്ന സീൻ സംവിധാനം ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചാണ് ബേസിലിന് പറയാനുണ്ടായത്. ”ബോംബ് പൊട്ടിക്കുമ്പോൾ എല്ലാവരും കരഞ്ഞ് കൊണ്ടാണ് ഓടേണ്ടിയിരുന്നത്. എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകൾ പലരും ചിരിച്ച് കൊണ്ട് ഓടി. ഈ ചിരിച്ച് കൊണ്ട് ഓടുന്ന ഷോട്ടൊക്കെ വൺ മോർ എന്ന് പറഞ്ഞാലേ, ഒരു ബോംബിന് 50,000 രൂപയാണ്. അപ്പോൾ അവിടന്ന് വിളി വരും. പ്രൊഡക്ഷൻ ടീമിനോട് ഇത് പറയുമ്പോൾ വിഎഫ്എക്സ് വെച്ച് എഡിറ്റ് ചെയ്തൂടെ എന്നൊക്കെയാണ് ചോദിച്ചത്. അവസാനം ഒരു ബോംബ് കൂടെ പൊട്ടിച്ചു. ആ ടെൻഷൻ ഇപ്പോഴുമുണ്ട്”- ബേസിൽ വ്യക്തമാക്കി.
അതേസമയം താൻ ഭയങ്കര ഹാപ്പി ആയിട്ടാണ് ഇതുവരെ ഷൂട്ട് ചെയ്തിട്ടുള്ളത്. അവസാനത്തെ ഹൃദയം സിനിമ വരെ അങ്ങനെയായിരുന്നു എന്നാണ് വിനീത് പറയുന്നത്. ബോംബൊന്നുമില്ല തന്റെ സിനിമയിൽ, ഒന്ന് മുഖത്തടിച്ചാൽ ആയി എന്നും വിനീത് പറഞ്ഞു. അപ്പോൾ ബേസിൽ വിനീതിനോട് രണ്ട് ബോംബൊക്കെ പൊട്ടിക്കേണ്ടേ വിനീതേട്ടാ, ഇങ്ങനെയൊക്കെ നടന്നാൽ മതിയോ എന്നാണ് തമാശയായി ചോദിക്കുന്നത്.