”അവന് ഇഷ്ടമുള്ളത് പറയട്ടേ, ഞാൻ ഇനിയെന്തെങ്കിലും പറഞ്ഞാൽ വേറൊരു ഇന്റർവ്യൂവിൽ മറുപടി കിട്ടും”; ബേസിൽ ജോസഫ്| Basil Joseph| Dhyan Sreenivasan


നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കുഞ്ഞിരാമായാണം. 2015ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനും അനിയൻ ധ്യാൻ ശ്രീനിവാസനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ധ്യാനും ബേസിലും തമ്മിലുള്ള സൗഹൃദം ധൃഢപ്പെടുന്നതും ഇവിടെ നിന്നാണെന്ന് വേണം പറയാൻ.

തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരുടെയും പല ഇന്റർവ്യൂകളിൽ നിന്നും വ്യക്തമായതുമാണ്. പൊതുവെ മുൻ പിൻ നോക്കാതെ മനസിലുള്ള കാര്യങ്ങൾ അതേപടി വെട്ടിത്തുറന്ന് പറയുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ സിനിമകളേക്കാൾ ആരാധകർ ഇന്റർവ്യൂവിനാണ്. ഇക്കാര്യം ധ്യാൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരിക്കൽ സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിൽ പോയപ്പോൾ, കുറച്ച് സ്ത്രീകൾ വന്ന് തന്റെ ഇന്റർവ്യൂകൾ തങ്ങൾക്ക് ടെൻഷൻ റിലീഫ് ആണെന്ന് പറഞ്ഞ അനുഭവമെല്ലാം ധ്യാൻ തന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചത്.

ധ്യാൻ ശ്രീനിവാസൻ സിനിമയിലെ തനിക്ക് അറിയുന്നവരെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബേസിലിനെ പരാമർശിച്ചും സംസാരിക്കാറുണ്ട്. എന്നാൽ ധ്യാൻ അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയട്ടേ എന്ന നിലപാടിലാണ് ബേസിൽ. അതിനുള്ള കാരണവും ബേസിൽ പറയുന്നുണ്ട്. താൻ ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ധ്യാൻ മറ്റൊരു ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ അതിനുള്ള മറുപടി പറഞ്ഞ് വഷളാക്കുമെന്നാണ് ബേസിലിന്റെ പേടി.

ബിബൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. കുഞ്ഞിരാമായണം സിനിമയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. ”ധ്യാനിനെ സംബന്ധിച്ച് ഉത്തരങ്ങളൊന്നും പറയാൻ എനിക്ക് താൽപര്യമില്ല. ധ്യാൻ ധ്യാനിന് ഇഷ്ടമുള്ളപോലെ സംസാരിക്കട്ടേ, എന്ത് വേമമെങ്കിലും പറയട്ടേ. ധ്യാനിന്റെ ഇന്റർവ്യൂകളുടെയെല്ലാം ഭയങ്കര ആരാധകനാണ് ഞാൻ.

അതുകൊണ്ട്, അവന് പറയാനുള്ളത് അവൻ പറയട്ടേ, അവനതിൽ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അവൻ ചെയ്യട്ടേ, ഞാൻ അതിനെക്കുറിച്ച് ഇനി വല്ലതും പറഞ്ഞ്, അവൻ ഇനി വേറൊരു ഇന്റർവ്യൂവിൽ പോയിട്ട് അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞ്, പിന്നെയിത് വഷളാക്കാൻ എനിക്ക് താൽപര്യമില്ല”- ബേസിൽ ജോസഫ് വ്യക്തമാക്കി.

തിര എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.