”ഇത്രേം വേണോ, ഈ പാനപാത്രത്തിൽ നിന്ന് എന്നെയൊന്ന് ഒഴിവാക്കിക്കൂടെ എന്ന് പലതവണ ചോദിച്ചു, ഒരുപാട് സംവിധായകർ കോമഡി ചെയ്യിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ്”; മനസ് തുറന്ന് ബാബു ആന്റണി| Babu Antoney| Madanolsavam


ഒരുപാട് സംവിധായകർ തന്നോട് കോമഡി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ സ്ക്രിപ്റ്റ് അത് ഡിമാൻഡ് ചെയ്യാത്തത് കൊണ്ട് താൻ അതൊന്നും അം​ഗീകരിച്ചിട്ടില്ലെന്ന് നടൻ ബാബു ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ മദനോൽസവത്തിന്റെ പ്രമേഷൻ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയിൽ ഹാസ്യം കലർന്ന വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ബാബു ആന്റണിയുടെ കരിയറിൽ തന്നെ ആദ്യമായിട്ടായിരിക്കും അദ്ദേഹം ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ചെയ്യുമ്പോഴും താരത്തിന് ഇടയ്ക്ക് ചില ബുദ്ധിമുട്ട് വരുമ്പോൾ തന്നെ ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കിക്കൂടെ എന്ന് സംവിധായകൻ സുധീഷ് ​ഗോപിനാഥിനോട് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബാബു ആന്റണിയെ സംബന്ധിച്ചിടത്തോളം കോമഡി കഥാപാത്രം ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

”ഒരുപാട് ആൾക്കാർ എന്നെക്കൊണ്ട് കോമഡി ചെയ്യിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് കോമഡിക്ക് വേണ്ടി കോമഡി ചെയ്യാൻ പോകുന്ന ഒരു അവസ്ഥയിലേക്ക് പോകും. അത് ആ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുകയോ, അല്ലെങ്കിൽ കഥ ഡിമാൻഡ് ചെയ്യുകയോ.. അങ്ങനെയൊന്നുമില്ല. അത്തരത്തിൽ ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ അതൊന്നും അം​ഗീകരിച്ചില്ല.

പക്ഷേ ഈ കഥ കേട്ട് കഴിഞ്ഞപ്പോൾ, എന്റെ രീതിയിലുള്ള അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു പെർഫോമൻസ് ഈ കഥയ്ക്ക് വളരെയധികം അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. പക്ഷേ ഇടയ്ക്കിടയ്ക്ക് എനിക്ക് സംശയം വരുമ്പോൾ സുധീഷിനോടും മറ്റും ചോദിക്കും, ഇത്രേം വേണോ, ഈ പാനപാത്രത്തിൽ നിന്ന് എന്നെയൊന്ന് ഒഴിവാക്കിക്കൂടെ എന്ന്.

എങ്കിലും ഈ മദനൻ എന്ന് പറയുന്ന കഥാപാത്രം…, അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട്, അതിൽ എത്തിച്ചേരാൻ വേണ്ടി കാണിക്കുന്ന കോപ്രായങ്ങളും കാര്യങ്ങളുമൊക്കെയാണ് ഇതിൽ. അദ്ദേഹം ചിലപ്പോൾ ക്രേസി ആകുന്നുണ്ട്, അദ്ദേഹം സീരിയസ് ആയിട്ട് ചെയ്യുന്ന സംഭവങ്ങൾ ജനങ്ങൾക്ക് കോമഡിയായിട്ട് തോന്നാം. അതൊരു പ്രത്യേക ഷേഡുള്ള കഥാപാത്രമാണ്”- ബാബു ആന്റണി വ്യക്തമാക്കി.

കാസർ​ഗോഡൻ ​ഗ്രാമീണ പശ്ചാത്തലത്തിൽ സൂപ്പർ ഹിറ്റായ ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയൊരുക്കി നവാ​ഗതനായ സുധീഷ് ​ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. സുരാജ് വെഞ്ഞാറമൂട്, ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.