ഇടിയുടെ ആശാനോടൊപ്പം പൂവന് പ്രമോഷനുമായി ആന്റണി പെപ്പെ (വീഡിയോ കാണാം)
ഇതെന്താടാ റീല് റീലടിയോ ? മിനുട്ടിന് നാലടി.
സ്റ്റെയ്ല്ലേ ?
ഈ അടീം പിടീം ഒക്കെ നിർത്തിയിട്ട് ഒരടിയെങ്കിലും നീ ചെയ്യൂ.
നടൻ ആന്റണി പെപ്പേയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇടിയുടെ ആശാനോടൊപ്പം എന്ന അടിക്കുറുപ്പോടെ ബാബു ആന്റണിയുമൊത്തുള്ള രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണി പെപ്പേയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പൂവന്റെ പ്രമോഷന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിലാണ് ആന്റണി പെപ്പേയും ബാബു ആന്റണിയും തമ്മിൽ തമാശ രൂപേണയുള്ള സംഭാഷണം നടക്കുന്നത്. അടിയില്ലാത്ത പടം ചെയ്യാനുപദേശിക്കുന്ന ബാബു ആന്റണിയോട് ഇതാരാണ് പറയുന്നതെന്നാണ് പെപ്പേ ചോദിക്കുന്നത്. എന്നാൽ വൈശാലിയിലും ഇടുക്കി ഗോൾഡിലുമൊന്നും താൻ അടിയുമിടിയും ചെയ്തിട്ടില്ലെന്ന് ബാബു ആന്റണി മറുപടി കൊടുക്കുന്നുമുണ്ട്.
സമാധാനപരമായ ഒരു പടം താൻ ചെയ്തിട്ടുണ്ടെന്നും അതിന്റെ പേര് പൂവനെന്നാണെന്നും ജനുവരി 20 നാണ് അതിന്റെ റിലീസെന്നും വീഡിയോയുടെ അവസാനഭാഗത്ത് പെപ്പേ പറയുന്നുണ്ട്. കൂടാതെ ആശാനറിയാവുന്ന ഏതെങ്കിലും ഒരു അടവ് തനിക്കായി പറഞ്ഞു തരണമെന്നു പറയുന്ന പെപ്പേയുടെ കൈ പിടിച്ച് തിരിച്ച് അദ്ദേഹത്തെ വീഴ്ത്തിയിടുന്ന ബാബു ആന്റണിയുടെ പ്രകടനം വീഡിയോ കാണുന്ന പ്രേക്ഷകരുടെ മുഖത്ത് ചിരി പടർത്തും.
സിനിമകളുടെ പ്രമോഷനായി സംവിധായകരും അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരുമുൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും വ്യത്യസ്തവും കൗതുകകരവുമായ നിരവധി മാർഗങ്ങൾ ഇപ്പോൾ സ്വീകരിച്ച് വരുന്നുണ്ട്. അത്തരത്തിൽ പൂവൻ സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പെപ്പെ തുടർച്ചയായി ഇൻസ്റ്റഗ്രാം അക്കൗണ് വഴി പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഒന്നാണ് മലയാളികളുടെ പ്രിയ നടൻ ബാബു ആന്റണിയുമൊത്തുള്ള ഹാസ്യാത്മക വീഡിയോ.
രണ്ടായിരത്തി പതിനേഴിൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ വിൻസന്റ് പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാ പ്രവേശം നടത്തിയ ആന്റണി വർഗീസ് പിന്നീട് പ്രേക്ഷകർക്കിടയിൽ കഥാപാത്രത്തിന്റെ പേരായ പെപ്പെ എന്ന പേരിൽ തന്നെ ശ്രദ്ധേയനാവുകയായിരുന്നു.
പെപ്പെയുടെ 2023 ലെ ആദ്യ സിനിമയാണ് വരുൺ ധര എഴുതി വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പൂവൻ. ജനുവരി 20 ന് തീയേറ്ററിൽ റിലീസിനെത്തുന്ന ചിത്രത്തിൽ പെപ്പെക്കൊപ്പം വിനീത് വാസുദേവൻ, വിനീത് വിശ്വം, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
വീഡിയോ കാണാം