Avatar: The Way of Water Hollywood Movie Malayalam Review | കഥയിൽ പുതുമയില്ലെങ്കിലും വിസ്മയക്കാഴ്ചകളാൽ സമ്പന്നം; അവതാർ: ദി വേ ഓഫ് വാട്ടർ റിവ്യൂ


പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അവതാറിന്‍റെ ആദ്യ ഭാഗവുമായി ജെയിംസ് കാമറൂൺ എത്തിയപ്പോൾ എല്ലാവർക്കും ആ സിനിമ വലിയൊരു അതിശയമായിരുന്നു. എന്നാൽ ഇന്ന് അതിലും വിസ്മയങ്ങൾ സൃഷ്ടിച്ച നിരവധി ചിത്രങ്ങൾ പുറത്തുവന്നു. ഈ സാഹചര്യത്തിൽ റിലീസ് ചെയ്ത അവതാർ ദി വേ ഓഫ് വാട്ടറിന് പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്താൻ സാധിക്കുമോ എന്ന സംശയം ഭൂരിഭാഗം സിനിമാ പ്രേമികൾക്കും ഉണ്ടായിരുന്നു.

എന്നാല്‍ ആ സംശയങ്ങൾ എല്ലാം അനാവശ്യമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അവതാർ ദി വേ ഓഫ് വാട്ടറെന്ന പക്കാ ജെയിംസ് കാമറൂൺ ചിത്രം. അവതാറിന്‍റെ ആദ്യ ഭാഗത്തിൽ പ്രേക്ഷകർ കണ്ട സംഭവങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കാര്യങ്ങളാണ് അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നായകനായ ജേക്കും നെയ്റ്റിരിയും ഇപ്പോള്‍ ഒരു കുടുംബമായി തങ്ങളുടെ മക്കൾക്കൊപ്പം ജീവിക്കുകയാണ്. അതിനിടെ മനുഷ്യരുടെ ഭീഷണി വീണ്ടും പാൻഡോറ ഗ്രഹത്തിലേക്ക് കടന്ന് വരുന്നതും അതിൽ നിന്നുള്ള നേവി വംശജരുടെ ചെറുത്ത് നിൽപ്പുമാണ് അവതാർ ദി വേ ഓഫ് വാട്ടറിലെ പ്രമേയം.

പാൻഡോറയിലെ മെറ്റ്കൈന എന്ന ജന വിഭാഗത്തെയും ഈ സിനിമയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ ജീവിത രീതികളും വിശ്വാസങ്ങളും, അവർ താമസിക്കുന്ന ലോകവുമെല്ലാം വളരെ ആകർഷകമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

മെറ്റ്കൈന ജനവിഭാഗങ്ങളുടെ കടലിനോട് ചേർന്നുള്ള താമസ സ്ഥലം കണ്ണിന് കുളിർമ്മയേകുന്ന ഒട്ടനവധി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ക്രീനിലെത്തിച്ചു. പാൻഡോറയിൽ നമ്മൾ ആദ്യ ഭാഗത്തിൽ കാണാത്ത കൗതുകകരമായ നിരവധി കാഴ്ച്ചകളും ഈ രണ്ടാം ഭാഗത്തിൽ ജെയിംസ് കാമറൂൺ ഒരുക്കി വച്ചിട്ടുണ്ട്.

ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാം വർത്തിംഗ്ടൺ, സോ സാൽഡാന, സ്റ്റീഫൻ ലാങ്ങ് എന്നീ അഭിനേതാക്കൾ ഈ ചിത്രത്തിലും തിരികെ എത്തുന്നുണ്ട്. അവതാറിൽ ജേക്കിന്‍റെയും നെയ്റ്റിരിയുടെയും പ്രണയത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോൾ അവരുടെ മക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

ഈ സിനിമയിലെ പല പുതിയ കഥാപാത്രങ്ങൾക്ക് പിന്നിലും ഒരു ദുരൂഹത സംവിധായകൻ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. ഒരുപക്ഷെ അവതാറിന്‍റെ മൂന്നാം ഭാഗത്തിൽ ഇവയ്ക്ക് ഒരു വിശദീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 മൂന്നാം ഭാഗത്തിന് വേണ്ടിയിട്ടുള്ള സൂചനകൾ ബാക്കി വച്ചുകൊണ്ടാണ് അവതാർ ദി വേ ഓഫ് വാട്ടർ അവസാനിക്കുന്നത്. സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപിടി തമാശകളും ഇമോഷണൽ രംഗങ്ങളും രോമാഞ്ചപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളും ഉണ്ട്. അതുകൊണ്ട് എല്ലാ തരം പ്രേക്ഷകർക്കും രസകരമായ ഒരു അനുഭവം അവതാർ ദി വേ ഓഫ് വാട്ടർ സമ്മാനിക്കും എന്ന് ഉറപ്പാണ്.

ചിത്രം 48 ഫ്രെയിംസ് പെർ സെക്കന്‍റിൽ ഷൂട്ട് ചെയ്തിരിക്കുന്നത് കാരണം ദൃശ്യങ്ങളുടെ മനോഹാരിത ഇരട്ടിച്ചിട്ടുണ്ട്. ദൃശ്യ ഭംഗി കൊണ്ട് അതിശയിപ്പിക്കുമ്പോഴും കഥയുടെ കാര്യത്തിൽ ചിത്രം കുറച്ച് പിന്നിലേക്കാണെന്ന് പറയേണ്ടി വരും. ആദ്യ ഭാഗത്തിൽ കണ്ട കഥയുടെ ഒരു തുടർച്ച എന്നല്ലാതെ മറ്റ് പുതുമകളൊന്നും അവതാർ ദി വേ ഓഫ് വാട്ടറിൽ കാണാൻ സാധിക്കില്ല. ആദ്യ ഭാഗം ചർച്ച ചെയ്യുന്ന ശക്തമായ രാഷ്ട്രീയത്തിന്‍റെ അഭാവവും അവതാർ ദി വേ ഓഫ് വാട്ടറിനുണ്ട്.

Summary: Avatar: Malayalam Review of Hollywood Movie Avatar: The Way Of Water Directed by James Cameron.