അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനല്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങിയോ? പുതിയ സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോക്കിന്റെ സിനിമാ റിവ്യൂ ചാനല്‍ പൂട്ടുമെന്ന അഭ്യൂഹം ശക്തം


ഓണ്‍ലൈന്‍ സിനിമാ റിവ്യൂ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യമെത്തുന്ന പേരാണ് അശ്വന്ത് കോക്കിന്റെത്. ഓരോ സിനിമയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ ബി.ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരുടെ അനിഷ്ടവും അതിലേറെ ആരാധകരുടെ ഇഷ്ടവും പിടിച്ചുപറ്റിയ കണ്ടന്റ് ക്രിയേറ്ററാണ് കോക്ക്.

അശ്വന്ത് കോക്കിന്റെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും അശ്വന്ത് കോക്കിന്റെ ആരാധകരും കോക്കിന്റെ സിനിമാ റിവ്യൂ കാത്തിരിക്കുന്നവരുമാണ്. നെഗറ്റീവ് ആയാലും പോസിറ്റീവായാലും വെട്ടിത്തുറന്ന് പറയുന്ന അശ്വന്ത് കോക്കിന്റെ തനത് ശൈലി തന്നെയാണ് ഇതിന് കാരണം.


Related News: ”അങ്ങനത്തെ വൃത്തികെട്ട സംസാരമാണ് അയാളുടേത്, മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍, അഖില്‍ മാരാര്‍ വിവാദമുണ്ടാക്കുന്നത് ബിഗ് ബോസില്‍ കയറാന്‍”; തുറന്നടിച്ച് അശ്വന്ത് കോക്ക്


എന്നാല്‍ ഈ മനോഭാവം കാരണം തന്നെയാണ് കോക്ക് അടുത്തിടെ വലിയ വിവാദങ്ങളില്‍ അകപ്പെട്ടതും. ആറാട്ട് എന്ന ചിത്രത്തിനെതിരായ റിവ്യൂ പറഞ്ഞതിനെ തുടര്‍ന്ന് ബി.ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും തന്റെ ജോലി കളയാന്‍ വരെ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ കോക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ഓണ്‍ലൈന്‍ റിവ്യൂകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ സംവിധായകന്‍ അഖില്‍ മാരാരുമായി കൊമ്പ് കോര്‍ത്തതും വലിയ വിവാദമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഇരുവരും പരസ്പരം ആക്രമിച്ചിരുന്നു. വിവാദമുണ്ടാക്കി ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇടം പിടിക്കുകയാണ് അഖില്‍ മാരാരുടെ ലക്ഷ്യമെന്നാണ് അശ്വന്ത് കോക്ക് തുറന്നടിച്ചത്.

സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് തന്റെ അധ്യാപക ജോലി ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് കോക്ക് നേരത്തേ ആരോപിച്ചിരുന്നു. കൂടാതെ സിനിമാ റിവ്യൂ അവസാനിപ്പിക്കാന്‍ പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കോക്ക് പറഞ്ഞിരുന്നു. കോക്കിന്റെ യൂട്യൂബ് ചാനലിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് അന്ന് തന്നെ കിംവദന്തി പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ഈ വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയ ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരുടെ എണ്ണത്തിന് അനുസരിച്ച് സാമ്പത്തിക നേട്ടം ഉണ്ടാകും എന്ന വാദമാണ് ഈ തീരുമാനം സാധൂകരിക്കാനായി സര്‍ക്കാര്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സ്‌കൂളിലെ അധ്യാപകനായ അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനലിന് ഇത് ബാധകമാണെന്നും കോക്കിന്റെ ചാനല്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ ഉത്തരവെന്നുമെല്ലാം സൈബര്‍ ലോകത്ത് ഇതിനകം അഭ്യൂഹങ്ങള്‍ പരന്നുകഴിഞ്ഞു. ബി.ഉണ്ണികൃഷ്ണനെ പോലെ അശ്വന്ത് കോക്കിനാല്‍ മുറിവേറ്റവരാണ് ഇതിന് പിന്നിലെന്ന് വരെ പലരും ആരോപണമുയര്‍ത്തി.


Also Read: അശ്വന്ത് കോക്ക് ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് മൂന്നേ മൂന്നുപേരെ മാത്രം: ആരെയൊക്കെ?, എന്തുകൊണ്ട്?- അദ്ദേഹം പറയുന്നു


എന്നാല്‍ അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനലിനെ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് എന്ന വാദം അടിസ്ഥാനരഹിതമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. യൂട്യൂബ് ചാനല്‍ തുടങ്ങാനായി അനുമതി തേടിയ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോഴത്തെ വാര്‍ത്തയ്ക്ക് ആധാരമായത്.

അതേസമയം ഈ ഉത്തരവ് അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനലിനെ ബാധിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. അശ്വന്തിന്റെ കിടിലന്‍ റിവ്യൂകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കോക്ക് ആരാധകര്‍. പൗരന്മാരുടെ ക്രിയാത്മകതയില്‍ കൈകടത്തുന്നുവെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള ചര്‍ച്ചയും ഓണ്‍ലൈന്‍ ലോകത്ത് സജീവമാണ്.

English Summary / Content Highlight: There are strong rumors spreading in social media aswanth kok will shut down his movie review youtube channel as per new government order. Here is the fact.