”ഞാൻ പുറത്തിറങ്ങാറില്ല, നാട്ടുകാരെന്നെ കണ്ടാലല്ലേ?”; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി അശ്വന്ത് കോക്ക്| Aswanth Kok| Personal Life
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാവുന്ന യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെക്കുറിച്ച് അദ്ദേഹം ചെയ്യുന്ന വീഡിയോകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈയിടയായി ഏറ്റവുമധികം ചർച്ചയാകുന്നത് അശ്വന്ത് കോക്കും സംവിധായാകൻ അഖിൽ മാരാരുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. എന്നാൽ അശ്വന്ത് സിനിമകളെക്കുറിച്ച് ചെയ്യുന്ന നെഗറ്റീവ് കണ്ടന്റുകളെക്കുറിച്ച് വ്യാപകമായി വിമർശനങ്ങളുയർന്ന് വരുന്നുണ്ട്.
താൻ ചെയ്യുന്ന കണ്ടന്റുകളെക്കുറിച്ച് സ്വന്തം നാട്ടുകാരുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ താൻ നാട്ടിൽ പോയാൽ പുറത്തിറങ്ങാറില്ല എന്നാണ് അശ്വന്ത് പറയുന്നത്. വീട്ടിൽ പോയി തിരിച്ചു വരുന്നത് കാറിലാണ്. അതിനിടയ്ക്ക് പുറത്തേക്ക് ഇറങ്ങാറില്ല. അതുകൊണ്ട് നാട്ടുകാരുമായി യാതൊരു ഇന്ററാക്ഷനും തനിക്ക് ഇല്ല എന്നാണ് യൂട്യൂബർ അശ്വന്ത് പറയുന്നത്.
അതേസമയം അശ്വന്ത് കോക്ക് ഒരു സർക്കാർ അധ്യാപകൻ കൂടിയാണ്, അതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നും വരുമാനം ലഭിക്കുന്ന ജോലികൾ ചെയ്യാൻ പാടില്ല എന്ന അഭിപ്രായവും ഉയർന്നു വരാറുണ്ട്. സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ അടക്കമുള്ളവ തുടങ്ങുന്നതിന് എതിരെയാണ് സർക്കാരിന്റെ ഉത്തരവ്. ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ് എന്നാണ് ഉത്തരവിൽ പറയുന്നത്.
യൂട്യൂബ് പോലുള്ള ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്ത് കഴിഞ്ഞ് വീഡിയോയ്ക്ക് കാഴ്ചക്കാരെ ലഭിച്ച് കഴിഞ്ഞാൽ അതിൽ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ് എന്നാണ് ഉത്തരവിൽ പറയുന്നു. യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം ആണ് അപേക്ഷ നൽകിയത്. ഇത് നിരസിച്ച് കൊണ്ട് നൽകിയ മറുപടിയിൽ ആണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാം എന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ യുട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ വ്യക്തികൾ കണ്ട് കഴിഞ്ഞാൽ വരുമാനം ലഭിക്കും. അതിനാൽ നിലവിലെ ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് യുട്യൂബ് ചാനൽ തുടങ്ങുന്നതിന് അനുമതി നൽകാൻ കഴിയില്ല. ഫെബ്രുവരി മൂന്നിന് ആണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.