‘അയ്യപ്പന്‍ എന്ന സംഭവമൊന്നും ഇല്ല എന്ന് നമുക്ക് അറിയാം, മാളികപ്പുറം സിനിമയിലെത് മേക്ക് ബിലീഫാണ്’; വീണ്ടും വിവാദ പരാമര്‍ശവുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക്
ചില സിനിമാ സംവിധായകരുടെയെങ്കിലും പേടിസ്വപ്‌നവും നിരവധി പ്രേക്ഷകരുടെ ഇഷ്ട യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. പുതിയതായി തിയേറ്ററുകളിലും ഒ.ടി.ടിയിലുമെത്തുന്ന സിനിമകളെ കുറിച്ചുള്ള തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന അശ്വന്തിന്റെ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ഇത്രയേറെ കാഴ്ചക്കാരെ ഉണ്ടാക്കി നല്‍കിയതും ബി.ഉണ്ണികൃഷ്ണനെ പോലുള്ള ചില സിനിമാ പ്രവര്‍ത്തകരുടെ വിരോധത്തിന് ഇടയാക്കിയതും.
കഴിഞ്ഞ കുറച്ച് കാലമായി വിവാദങ്ങള്‍ക്കൊപ്പമാണ് അശ്വന്തിന്റെ സഞ്ചാരം. ഓണ്‍ലൈന്‍ റിവ്യൂകള്‍ക്കെതിരെ ചില സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും അതിനോട് അശ്വന്ത് പ്രതികരിച്ചതും തുടര്‍ന്ന് സംവിധായകന്‍ അഖില്‍ മാരാരുമായുള്ള ശീതയുദ്ധവുമെല്ലാം അശ്വന്ത് കോക്കിനെ സെബര്‍ ലോകത്തെ വെള്ളിവെളിച്ചത്തില്‍ നിലനിര്‍ത്തി.
ഈ വിവാദങ്ങള്‍ക്ക് ശേഷമാണ് അശ്വന്ത് കോക്ക് നിരവധി ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഓരോ ഇന്റര്‍വ്യൂ കഴിയുമ്പോഴും അശ്വന്തിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തന്റെ നാടായ കോഴിക്കോട് ജില്ലയിലെ കൂത്താളിയെ കുഗ്രാമം എന്നാണ് അശ്വന്ത് ഒരു ഇന്റര്‍വ്യൂവില്‍ വിശേഷിപ്പിച്ചത്. വ്യാപകമായ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്നുണ്ടായത്. ഒടുവില്‍ തന്റെ നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ കഴിഞ്ഞ ദിവസമാണ് അശ്വന്ത് കോക്ക് മാപ്പ് ചോദിച്ചത്.
മാപ്പ് പറഞ്ഞ് ആ വിവാദം അവസാനിപ്പിച്ചതിന് പിന്നാലെ അശ്വന്ത് കോക്കിന്റെ പുതിയ അഭിമുഖം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. സില്ലി മങ്ക്‌സ് മീഡിയ എന്ന ചാനലിലാണ് അശ്വന്തിന്റെ പുതിയ അഭിമുഖം വന്നിട്ടുള്ളത്. പതിവ് പോലെ ഈ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
മോഹന്‍ലാലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴാണ് അശ്വന്തിന്റെ ഭാഗത്ത് നിന്ന് വിവാദ പരാമര്‍ശം ഉണ്ടായത്. സിനിമയുമായി ബന്ധപ്പെട്ട ‘മേക്ക് ബിലീഫ്’ എന്ന പ്രയോഗം മോഹന്‍ലാലിന്റെ ശബ്ദത്തില്‍ അനുകരിച്ച് പറയുന്നതിനെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് ശബരിമല അയ്യപ്പനെ കുറിച്ച് വിവാദമായ പരാമര്‍ശം അശ്വന്ത് നടത്തിയത്.
‘മോഹന്‍ലാല്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച വ്യക്തിയാണ്. അതാണ് റിവ്യൂകളില്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്റെ സ്‌റ്റൈല്‍ പിടിച്ച് ചില പ്രയോഗങ്ങള്‍ നടത്തുന്നത്. അത്തരത്തിലുള്ള ഒരു പ്രയോഗമാണ് മേക്ക് ബിലീഫ്. സിനിമയുമായി ഏറ്റവുമധികം അടുത്ത് കിടക്കുന്ന പ്രയോഗമാണ് മേക്ക് ബിലീഫ്. സിനിമ മേക്ക് ബിലീഫാണെന്ന് ലാലേട്ടന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.’ -അശ്വന്ത് കോക്ക് പറഞ്ഞു.
‘സിനിമാ റിവ്യൂകള്‍ ചെയ്യുമ്പോള്‍ മേക്ക് ബിലീഫ് നടക്കുമ്പോഴും നടക്കാത്തപ്പോഴും എനിക്ക് ഇത് പറയേണ്ടി വരും. ഇപ്പൊ മാളികപ്പുറം എന്ന സിനിമയെ കുറിച്ച് പറയുന്ന സമയത്ത് അതില്‍ മേക്ക് ബിലീഫ് നടന്നിട്ടുണ്ട്. അയ്യപ്പന്‍ എന്ന സംഭവമൊന്നും ഇല്ല എന്ന് നമുക്ക് അറിയാം. പക്ഷേ അയ്യപ്പനൊക്കെ ഉണ്ട് എന്ന് സിനിമയില്‍ കാണിക്കുമ്പൊ ‘മോനേ, ഇതൊക്കെ ഒരു മേക്ക് ബിലീഫ് അല്ലേ’ എന്ന് പറയാന്‍ നമുക്ക് തോന്നും.’ -അശ്വന്ത് പറഞ്ഞു.
ഇതില്‍ ശബരിമല അയ്യപ്പനെ കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ‘അയ്യപ്പന്‍ ഇല്ല എന്ന് നമുക്ക് അറിയാം’ എന്ന് പരസ്യമായി അശ്വന്ത് കോക്ക് പറഞ്ഞതിനെതിരെ തീവ്രവിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ യുക്തിപരമായി ചിന്തിക്കുമ്പോള്‍ കോക്ക് പറഞ്ഞതാണ് ശരി എന്ന് വാദിക്കുന്നവരും ഉണ്ട്.
Content Highlights / English Summary: Online youtube movie reviewer Aswanth Kok makes controversial statement about Sabarimala Ayyappan and Malikappuram movie, in an online interview.