‘കുഗ്രാമം എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായിട്ടല്ല ഉപയോഗിച്ചത്, വിദൂരഗ്രാമം എന്ന അര്‍ത്ഥമാണ് അന്ന് ഞാനുദ്ദേശിച്ചത്, ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്’; സ്വന്തം നാടായ കൂത്താളിയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അശ്വന്ത് കോക്ക്| aswanth kok| yutuber


സ്വന്തം നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അധ്യാപകനും പ്രമുഖ ഓണ്‍ലൈന്‍ സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളി സ്വദേശിയായ അശ്വന്ത് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജന്മനാടിനെ അധിക്ഷേപിച്ച് സംസാരിച്ചത്. തന്റെ നാടായ കൂത്താളി ഒരു കുഗ്രാമമാണെന്നാണ് കോക്ക് അഭിമുഖത്തില്‍ പറഞ്ഞത്.

അന്ന് നടത്തിയ പരാമര്‍ശത്തിനാണ് അശ്വന്ത് കോക്ക് ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നാട്ടുകാരോട് മാപ്പ് ചോദിക്കുകയും താന്‍ മുമ്പ് പറഞ്ഞതില്‍ വ്യക്തത വരുത്തുകയും ചെയ്തത്. താന്‍ കുഗ്രാമം എന്ന വാക്ക് അന്ന് പറഞ്ഞത് ശബ്ദതാരാവലി എടുത്ത് വച്ച് നോക്കിയ ശേഷമല്ല എന്ന് പറഞ്ഞ അശ്വന്ത് ആ വാക്ക് താന്‍ ഉപയോഗിച്ചത് വിദൂരഗ്രാമം എന്ന അര്‍ത്ഥത്തിലാണ് എന്നും കൂട്ടിച്ചേര്‍ത്തു.

‘എനിക്കിപ്പോള്‍ നാട്ടില്‍ പോലും പോകാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. അവസാനം കൊടുത്ത ഇന്റര്‍വ്യൂവില്‍ എന്റെ സ്ഥലം എവിടെയെന്ന് ചോദിച്ചപ്പൊ പേരാമ്പ്രയ്ക്കടുത്ത് കൂത്താളി എന്ന് കുഗ്രാമമാണ് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. കുഗ്രാമം എന്ന വാക്ക് ശബ്ദതാരാവലി എടുത്ത് വച്ചിട്ടല്ല ഞാന്‍ പറഞ്ഞത്. എ റിമോട്ട് വില്ലേജ് എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത്. മാത്രമല്ല, ഞാന്‍ നാട്ടില്‍ പോകാറ് കാറിലാണ്. കാരണം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പൊ രാത്രിയാവും. എന്നിട്ട് പിറ്റേന്ന് രാവിലെ തന്നെ തിരിച്ച് പോകും. അപ്പൊ നാട്ടുകാരെ ഒന്നും കാണാറില്ല എന്നും ഞാന്‍ പറഞ്ഞിരുന്നു.’ -അശ്വന്ത് കോക്ക് പറഞ്ഞു.

‘നാട്ടിലുള്ള ആള്‍ക്കാര്‍ക്ക് അത് ഭയങ്കര ഒഫന്‍സീവായി മാറി. യഥാര്‍ത്ഥത്തില്‍ ഞാനത് ഒഫന്‍സീഫായി പറഞ്ഞതേയല്ല. ഞാന്‍ പണ്ട് എം.ടിയുടെ നോവലുകളിലും മറ്റുമുള്ള പോലെ പറഞ്ഞതാണ്. കുഗ്രാമമേ എന്ന പാട്ട് ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി എന്ന സിനിമയിലുണ്ട്. കുഗ്രാമം എന്ന വാക്ക് ഞാന്‍ പൊളിറ്റിക്കലി ഇന്‍കറക്ടായല്ല ഞാന്‍ ഉപയോഗിച്ചത്. വിദൂരഗ്രാമം എന്ന അര്‍ത്ഥത്തിലാണ് അത് പറഞ്ഞത്. സത്യം പറഞ്ഞാല്‍ കോഴിക്കോട് നിന്ന് പത്തമ്പത് കിലോമീറ്റര്‍ ദൂരെയുള്ള ഗ്രമം തന്നെയാണ് കൂത്താളി.’ -അശ്വന്ത് തുടര്‍ന്നു.

‘അത് പറഞ്ഞപ്പൊ നാട്ടിലുള്ള ആളുകള്‍ വളരെ സെന്‍സിറ്റീവായി അതിനെ കാണുകയും എനിക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയാവുകയും ചെയ്തു. അവര് പറയുന്നത് ഞാന്‍ സ്വന്തം നാടിനെ അപമാനിച്ചു എന്നാണ്. കുഗ്രാമം എന്ന വാക്കിന് വിദൂരഗ്രാമം എന്ന് മാത്രമല്ല, അപരിഷ്‌കൃതരായ ആളുകള്‍ താമസിക്കുന്ന ഗ്രാമം എന്നും അര്‍ത്ഥമുണ്ടെന്നാണ് അവിടത്തെ ചില വിദഗ്ധര്‍ പറഞ്ഞത്.’

‘കുഗ്രാമം എന്ന വാക്കിന്റെ അര്‍ത്ഥം ഞാനും എടുത്ത് നോക്കി. അതിന് ഈ അര്‍ത്ഥവും ഉണ്ട്. വിദൂരഗ്രാമം എന്ന അര്‍ത്ഥവുമുണ്ട്. അതിന് ശേഷം ഞാനവിടെ പോയിട്ടില്ല. ഞആനെന്റെ നാട്ടുകാരോട് ഇപ്പോള്‍ പറയുകയാണ്, ഞാനങ്ങനെ ഒരുതരത്തിലും ഒഫന്‍സീവായി പറഞ്ഞതല്ല. നാട്ടിലെ ആര്‍ക്കെങ്കിലും അതില്‍ പ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ ഞാനതില്‍ മാപ്പ് ചോദിക്കുന്നു.’ -അശ്വന്ത് കോക്ക് പറഞ്ഞു നിര്‍ത്തി.