”അറിയാതെ ബ്ലഡില്‍ കയറിയതാണ്, ലാലേട്ടാ… നിങ്ങളെക്കാള്‍ കൂടുതല്‍ ഞാന്‍ മറ്റാരെയും സ്‌നേഹിച്ചിട്ടില്ല” മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ച് അശ്വന്ത് കോക്ക് | Aswanth Kok | Mohanlal |
സിനിമ റിവ്യൂകള്‍ ശ്രദ്ധിക്കുന്നവർക്ക് ഏറെ സുപരിചിതനാണ് യൂട്യൂബറായ അശ്വന്ത് കോക്ക്. പല സംവിധായകരുടെയും പേടി സ്വപ്‌നം കൂടിയാണ് അദ്ദേഹം. സിനിമകള്‍ റിലീസ് ചെയ്തതിനു പിന്നാലെ അശ്വന്തിന്റെ റിവ്യൂസിനുവേണ്ടി കാത്തിരുന്ന്, അതിനുശേഷം സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒരു കൂട്ടരെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ അശ്വന്ത് റിവ്യൂസിന് ഇടയില്‍ പലപ്പോഴും കാണാന്‍ കഴിയാറുണ്ട്. ‘ഞാന്‍ ബരോസ്’ പോലുള്ള ലാലേട്ടന്‍ ഡയലോഗുകള്‍ കോക്കിന്റെ പല റിവ്യൂകള്‍ക്കിടയിലും കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ മോഹന്‍ലാല്‍ അനുകരണങ്ങള്‍ തുടര്‍ച്ചയായി വരുന്നതിന്റെ കാരണം അദ്ദേഹം തന്നെ പറയുകയാണ്.
‘മോഹന്‍ലാല്‍ അത്രയും ഇന്‍ഫ്‌ളുവന്‍സ് ചെയ്യുകയാണ്. എന്നില്‍പ്പോലും ഇന്‍ഫ്‌ളുവെന്‍സ്ഡാണ്. ലാലേട്ടന്റെ മോഡുലേഷന്‍ വരുമ്പോലെ മമ്മൂക്കയുടേത് വരികയില്ല. അത് വരണമെങ്കില്‍ ഞാന്‍ കുറച്ച് കോണ്‍ഷ്യസ് ആവും.’ എന്ന് അശ്വന്ത് കോക്ക്.
”വര്‍ഷങ്ങളായി മോഹന്‍ലാലിനെ ആരാധിക്കുന്നയാളാണ് ഞാന്‍. പോസ്റ്റ് ഒടിയന്‍ പിരീഡില്‍ അദ്ദേഹത്തിന് പറ്റിപ്പോയ പ്രശ്‌നങ്ങള്‍ കൊണ്ട് പെര്‍ഫോം ചെയ്യാന്‍ പറ്റാത്തതിന്റെ വിഷമം കൊണ്ട് മോഹന്‍ലാല്‍ എന്ന നടനോട് അല്‍പം അകലം ഫീല്‍ ചെയ്യുന്നുണ്ട്.”
”ദൂരദര്‍ശനില്‍ ഞായറാഴ്ച നാലുമണിക്ക് സിനിമ കാണുന്ന കാലം മുതല്‍ ലാലേട്ടന്‍ ഫാനാണ്. കാരണം അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ക്ക് അത്ഭുതമാണ്. മമ്മൂക്കയുടെ അഭിനയത്തെ കുറച്ച് കാണിച്ചല്ല പറയുന്നത്. നമ്മള് കാണാന്‍ ഇഷ്ടപ്പെടുമ്പോലെ ചാടിമറിയുക, ചവിട്ടുക, റൊമാന്‍സ് കാണിക്കുക, തമാശകാണിക്കുക, അത്തരം മാനറിസങ്ങള്‍, ഫ്‌ളക്‌സിബിലിറ്റി ഇതൊക്കെ കൊണ്ട് ഓരോ മലയാളിയെയും പോലെ ബ്ലഡില്‍ കയറിപ്പോയതാണ്. ഡിഗ്രിക്കൊക്കെ എത്തുന്ന സമയത്ത് ആരാധന അതിന്റെ പീക്കിലെത്തിയിട്ടുണ്ടായിരുന്നു.”
ഫോട്ടോഗ്രാഫി പഠിച്ചശേഷം മോഹന്‍ലാലിന്റെ ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ” പണ്ട് ലാലേട്ടന്റെ ബര്‍ത്ത്‌ഡേയ്ക്ക് സ്ഥിരമായി പോസ്റ്റിടുമായിരുന്നു, ‘നിങ്ങളേക്കാള്‍ കൂടുതല്‍ ഞാന്‍ മറ്റാരെയും സ്‌നേഹിച്ചിട്ടില്ല’ എന്ന്. അങ്ങനെ എന്റെ ഉള്ളിലായിരുന്നു അദ്ദേഹം.” അശ്വന്ത് കോക്ക് വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായികനാക്കി ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അശ്വന്ത് കോക്ക് വെളിപ്പെടുത്തി. എല്‍.ജെ.പി മികച്ച സംവിധായകനാണ്. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറില്‍ മോഹന്‍ലാലിനെ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ എല്‍.ജെ.പിയെന്ന സംവിധായകനും അത് കഴിയും. അതിനാല്‍ ‘മലൈക്കോട്ടെ വാലിബന്‍’ മോഹന്‍ലാലിനെക്കുറിച്ചുള്ള പുത്തന്‍ പ്രതീക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കി.