” അങ്ങനത്തെ വൃത്തികെട്ട സംസാരമാണ് അയാളുടേത്, മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍, അഖില്‍ മാരാര്‍ വിവാദമുണ്ടാക്കുന്നത് ബിഗ് ബോസില്‍ കയറാന്‍”; തുറന്നടിച്ച് അശ്വന്ത് കോക്ക് | Aswanth Kok | Mammootty | Akhil Marar


ടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി യൂട്യൂബറും സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനുമായ അശ്വന്ത് കോക്ക്. മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നയാളാണെന്നും അത് ഈ പ്രായത്തില്‍ എത്ര മാറ്റാന്‍ ശ്രമിച്ചാലും മാറില്ലെന്നുമാണ് അശ്വന്ത് കോക്ക് പറഞ്ഞത്.

” മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍ തരത്തിലുള്ള ആളാണ്. പാട്രിയാര്‍ക്കിയുടെ മൂല്യങ്ങള്‍ പേറുന്ന വ്യക്തി. പുള്ളി അപ്‌ഡേറ്റഡൊന്നുമല്ല. ആകെ അപ്‌ഡേറ്റഡ് ഗ്യാഡ്ജറ്റുകളുടെയും കാറുകളുടെ കാര്യത്തില്‍ മാത്രമാണ്. എന്തൊക്കെയാണ് പുള്ളി പറയാറുള്ളത്! ഏതോ ഒരു മീറ്റിങ്ങില്‍ പറഞ്ഞിരുന്നു, ആംബുലന്‍സ് വരുമ്പോള്‍ നമ്മള്‍ വഴിമാറിക്കൊടുക്കുന്നത് ആംബുലന്‍സ് പോകാന്‍ വേണ്ടിയല്ല, നമ്മുടെ വണ്ടിക്ക് ആംബുലന്‍സ് ഇടിക്കുമെന്ന് കരുതിയിട്ടാണ് എന്ന്. അങ്ങനത്തെ വൃത്തികെട്ട സംസാരമാണ്”

പഴയ ചിന്തകള്‍ പേറുന്ന ആള്‍ എന്ന തരത്തിലാണ് അമ്മാവന്‍ എന്ന് താന്‍ പറയുന്നതെന്നും അശ്വന്ത് കോക്ക് വ്യക്തമാക്കി. ഐശ്വര്യ ലക്ഷ്മി ചക്കരേയെന്ന് വിളിച്ചപ്പോള്‍ മമ്മൂട്ടിയുടെ മനസില്‍ അതിന്റെ മധുരമല്ല, കളറാണ് വന്നത്. തന്നെ കറുത്ത കരിപ്പെട്ടിയുമായി താരതമ്യം ചെയ്‌തെന്ന് പറഞ്ഞ് ചിരിക്കുകയാണ് ചെയ്തത്. ക്യാരക്ടര്‍ എന്ന നിലയ്ക്ക് മമ്മൂട്ടി ഒരു സംഭവമേയല്ലെന്നും അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടു.

ജൂഡ് ആന്റണിയ്ക്ക് മുടിയില്ലാത്തതിനെ മമ്മൂട്ടി കളിയാക്കിയത് വിവാദമായിരുന്നു. ഇതോടെ തെറ്റുപറ്റിപ്പോയി ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പിന്നീടും അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ഇങ്ങനെ പറയാതിരിക്കാന്‍ മമ്മൂട്ടിക്കാവില്ല. കാരണം അദ്ദേഹത്തിന്റെ മൈന്‍ഡ് ആ തരത്തില്‍ കണ്ടീഷന്‍ ചെയ്തുപോയതാണ്. ഈ പ്രായത്തില്‍ അത് മാറ്റാന്‍ കഴിയില്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു. ഇതൊന്നും മമ്മൂട്ടിയുടെ കുറ്റമല്ലെന്നും അദ്ദേഹം ജീവിച്ച സാമൂഹ്യ സാഹചര്യങ്ങളുടെ പ്രശ്‌നമാണെന്നും കോക്ക് വ്യക്തമാക്കി.

അതേസമയം അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടി ലെജന്റാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നെഗറ്റീവ് റിവ്യൂകള്‍ സിനിമകളുടെ പരാജയത്തിന് കാരണമാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും അഭിമുഖത്തില്‍ കോക്ക് മറുപടി നല്‍കി. ”സിനിമയുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് കണ്ടന്റ് ക്രിയേറ്റര്‍മാരല്ല. പ്രേക്ഷകരാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തെ തൃപ്തരാക്കുന്ന സിനിമ വിജയിക്കും.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംവിധായകന്‍ അഖില്‍മാരാരുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അശ്വന്ത് പ്രതികരിച്ചു. അഖില്‍ മാരാര്‍ ബിഗ് ബോസില്‍ കയറാന്‍ വേണ്ടിയുണ്ടാക്കുന്ന വിവാദങ്ങളാണ് ഇതൊക്കെയെന്നാണ് അശ്വന്ത് പറഞ്ഞത്. ‘ബിഗ് ബോസില്‍ കയറണമെങ്കില്‍ വിവാദങ്ങള്‍ വേണം. ലൈം ലൈറ്റില്‍ നില്‍ക്കണം. അതിനുവേണ്ടി കളിക്കുകയാണ്. പുള്ളിക്ക് ഇപ്പോള്‍ സിനിമയില്ല. പ്രൊഡ്യൂസറെ കിട്ടുന്നില്ല.’ ബിഗ് ബോസില്‍ പോയാല്‍ വാചകമടികൊണ്ട് അയാള്‍ക്ക് പിടിച്ചുനില്‍ക്കാനാവുമെന്നും അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടു.

”അഖില്‍ മാരാര്‍ക്ക് ഒന്നും അറിയില്ല. അഖില്‍ മാരാര്‍ ഒരു കഴിവില്ലാത്തയാളാണ്. ഡയറക്ടര്‍ എന്ന നിലയ്ക്ക് ഒരു കഴിവുമില്ലാത്തയാളാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ആരും കണ്ടിട്ടില്ല. നാട്ടിലെ കുറച്ചു സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ വിട്ട് ഒരാഴ്ച ഓടിച്ചുവെന്നല്ലാതെ ഒരാളും കണ്ടിട്ടില്ല.” എന്നും അദ്ദേഹം പറഞ്ഞു.
Summary: Aswanth kok speaks about mammootty and akhil marar controversy