ഫോർട്ട് കൊച്ചിയിലൂടെ കൈപിടിച്ച് നടക്കാനൊരു കാമുകനില്ലാത്ത സങ്കടം പറഞ്ഞ് അർച്ചന കവി; 30 കഴിഞ്ഞിട്ടും പൂച്ചയുടെ അമ്മയായി തുടരാനാണ് വിധിയെന്നും താരം
ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടി അർച്ചന കവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ താരത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.
പതിനഞ്ചിലധികം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും അർച്ചനകവി അഭിനയിച്ചിട്ടുണ്ട്. പല ചാനൽ റിയാലിറ്റി ഷോകളിലും അർച്ചന അവതാരികയായിട്ടുണ്ട്. പക്ഷേ അധികനാൾ കഴിയുന്നതിന് മുൻപേ തന്നെ അർച്ചന സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുക്കുകയായിരുന്നു.
2016ലായിരുന്നു താരത്തിന്റെ വിവാഹം. തന്റെ ബാല്യകാല സുഹൃത്തും സ്റ്റാൻഡപ്പ് കൊമേഡിയനുമായ അബിഷ് മാത്യുവിനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ വൈവാഹിക ജീവിതവുമായി ഒത്തുപോകാൻ കഴിയാതെ വന്നതിനെ തുടർന്ന് 2021ൽ താരം വിവാഹമോചിതയായി. അതിന് ശേഷം വെബ് സീരീസുകൾ ചെയ്തും തന്റെ ചിന്തകളും അഭിപ്രായങ്ങളും റീൽസ് ആയി അവതരിപ്പിച്ചും താരം സാമൂഹ്യമാധ്യമങ്ങൾ വലിയ തോതിൽ സജീവമാണ്. ഇൻസ്റ്റഗ്രാം ആണ് പ്രധാനമാധ്യമം.
പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈയടുത്താണ് താരം മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന പരമ്പരയിലൂടെയായിരുന്നു അർച്ചന മിനിസ്‌ക്രീനിലും വരവറിയിച്ചത്. കുടുംബ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് അർച്ചനയെ സ്വീകരിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ അർച്ചന പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തു.
എല്ലാ ദിവസവും തന്റെ ഓരോ ചിന്തകൾ പെർസ്യൂട്ട് ഓഫ് മാഡ്‌നസ്സ് എന്ന പേരിൽ നടി യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പങ്കുവയ്ക്കാറുണ്ട്. താരം ഇന്ന് പങ്കുവെച്ച രസകരമായ റീൽസാണിപ്പോൾ വൈറലാകുന്നത്. തന്റെ സിംഗിൾ ലൈഫിനെക്കുറിച്ച് അൽപം നീരസം കലർന്ന് തമാശരൂപേണയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
‘സിംഗിൾ ലൈഫിൽ, വളരെ റൊമാന്റിക് ആയ സ്ഥലത്ത് സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പം.. അത് ആരുടെയോ ബേർത്ത് ഡേ ആണെങ്കിൽ, തനിക്ക് 30 വയസ്സ് കഴിഞ്ഞുവെന്നും പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും. പക്ഷെ സത്യമെന്താണെന്ന് നമ്മുക്ക് പൂച്ചയെ പോലും ഇഷ്ടമല്ലെന്നതാണ്,’
‘പക്ഷേ എനിക്ക് ഈ സിംഗിൾ ലൈഫിൽ ചിയേഴ്‌സ് ചെയ്യാൻ ചുറ്റിലും ആളുകളുണ്ട്. ഞാനൊരാളുടെ കൈയ്യും പിടിച്ച് ഫോർട്ട് കൊച്ചിയിലൂടെ ഇങ്ങനെ നടക്കുമ്പോൾ ആളുകൾ കരുതിയേക്കാം, എന്ത് ക്യൂട്ട് കപ്പിൾ ആണ് ഞങ്ങൾ എന്ന്, പക്ഷെ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്. ഞങ്ങൾക്ക് സത്യത്തിൽ സങ്കടമുണ്ട്,’- അർച്ചനയുടെ വാക്കുകളാണിവ.