വേദിയിലേക്ക് കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു; എആർ റഹ്മാന്റെ മകൻ രക്ഷപ്പെട്ടത് നിമിഷത്തിന്റെ വ്യത്യാസത്തിൽ| AR Rahman | AR Ameen


ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനുമായ എആർ അമീൻ. ജീവൻ അപായപ്പെടാമായിരുന്ന വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് അമീനും സംഘവും രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്തിന്റെ ചിത്രവും സംഭവത്തെ കുറിച്ചും അമീൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

അമീൻ ഗാനമാലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ നിന്ന് രക്ഷിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് അമീൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. മൂന്ന് ദിവസങ്ങൾക്കു മുൻപായിരുന്നു ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ സെറ്റിലുണ്ടായിരുന്നവരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അപകടം നടന്നത്.

ഇന്ന് ജീവനോടെയിരിക്കാൻ കാരണമായ സർവശക്തൻ, അച്ഛനമ്മമാർ കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, ആത്മീയഗുരു എന്നിവരോട് നന്ദിയറിയിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അമീൻ തന്നെയാണ് സംഭവത്തേക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ക്രെയിനിൽ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങൾ ഒന്നടങ്കം വേദിയിലേക്ക് തകർന്നുവീഴുകയായിരുന്നു. ഈ സമയം വേദിയുടെ ഒത്ത നടുക്ക് ആയിരുന്നു അമീൻ നിന്നിരുന്നത്.

‘ഇഞ്ചുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ, സെക്കൻഡുകൾ ഒരല്പം നേരത്തെയാവുകയോ വൈകുകയോ ചെയ്തിരുന്നെങ്കിൽ മുഴുവൻ സാമഗ്രികളും ഞങ്ങളുടെ തലയിൽ പതിച്ചേനേ. സംഭവത്തിന്റെ നടുക്കത്തിൽ നിന്ന് മുക്തരാവാൻ എനിക്കും ടീമിനും ഇതുവരെ സാധിച്ചിട്ടില്ല.’ അമീൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.