2009ൽ സ്ലം ഡോഗ് മില്യനയറിന് ശേഷം ഇന്ത്യയ്ക്ക് ഓസ്കാർ ലഭിക്കുന്നത് 2023ൽ, ഇതിന് കൃത്യമായ കാരണമുണ്ട്; വ്യക്തമാക്കി സംഗീത സംവിധായകൻ എആർ റഹ്മാൻ
നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ഓസ്കാർ ലഭിക്കുന്നത്. 2009ൽ മുംബൈയിലെ ചേരികളിലെ മനുഷ്യരുടെ കഥ പറയുന്ന സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിനായിരുന്നു അവസാനം ഓസ്കാർ പുരസ്കാരം ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അക്കാദമി അവാർഡ് അപ്രാപ്യമാകുന്നതിനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ. മുൻ ഓസ്കാർ ജേതാവ് കൂടിയാണ് അദ്ദേഹം.
ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കാറിന് അയക്കുന്നത്. ഇത് പലപ്പോഴും പുരസ്‌കാരം ലഭിക്കാതിരിക്കാൻ കാരണമാകുന്നു. ഓസ്‌കാർ പോലുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കാൻ പാശ്ചാത്യ പ്രേക്ഷകരുടെ അഭിരുചികൾ മനസ്സിലാക്കേണ്ടതുണ്ടെന്നും പാശ്ചാത്യരെ ആകർഷിക്കുന്ന സിനിമകൾ അയയ്‌ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റായ സിനിമകൾ അയക്കുന്നത് നോമിനേഷൻ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നതിന് കാരണമാകുന്നു. ഈ രംഗത്ത് വിജയിക്കാൻ പാശ്ചാത്യ പ്രേക്ഷകരുടെ അഭിരുചികൾ മനസിലാക്കിയേ പറ്റൂ.സാഹചര്യം നന്നായി മനസ്സിലാക്കാൻ നമ്മൾ സ്വയം ഒരു പാശ്ചാത്യന്റെ വീക്ഷണകോണിൽ നിൽക്കേണ്ടതുണ്ടെന്നും എ ആർ റഹ്മാൻ പറയുന്നു.
നമ്മുടെ സിനിമകൾ ചിലപ്പോൾ ഓസ്‌കർ നോമിനേഷൻ വരെ എത്താറുണ്ട്. എന്നാൽ പുരസ്‌കാരങ്ങൾ ലഭിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഞാൻ പാശ്ചാത്യരുടെ വീക്ഷണകോണിൽ നിന്ന് നോക്കി കാണുന്നു. ആ സമയമാണ് നമ്മുടെ സിനിമകളെ എല്ലാവർക്കും തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ടോയെന്ന് മനസിലാവുക”- അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ രണ്ട് ഓസ്കാർ പുരസ്കാരങ്ങളാണ് ഇന്ത്യയിലേക്ക് വന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മികച്ച ഒറിജിനിൽ ഗാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. നടൻ രാം ചരൺ ജൂനിയർ എൻടിആർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും ഇന്ത്യയ്ക്ക് തന്നെയാണ് ലഭിച്ചത്. കാർത്തികി ഗോൺസാൽവ്സ് സംവിധാനം ചെയ്ത ദി എലഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററിയാണ് അവാർഡിന് അർഹമായത്. പുതുമലൈ ദേശീയ ഉദ്യോനത്തിലെ അനാഥരായ രഘു, അമ്മു എന്നീ ആനകളെ പരിപാലിക്കുന്ന ബൊമ്മി, ബെല്ലി എന്നീ ദമ്പതികളുടെ ജീവിതമാണ് ഡോക്യുമെന്ററിയിൽ വിവരിക്കുന്നത്.