“ഫാമിലിയാണ് മെയിൻ, ആവശ്യമില്ലാത്തൊരു കോസ്റ്റ്യൂമിൽ പോലും അനു സിത്താരയെ കാണാൻ കഴിയില്ല”; മനസ് തുറന്ന് കലാഭവൻ ഷാജോൺ


അനു സിത്താര, കലാഭവൻ ഷാജോൺ, ആശ അരവിന്ദ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് സന്തോഷം. ഇതിന്റെ ഭാ​ഗമായി താരങ്ങൾ പങ്കെടുത്ത ഒരു അഭിമുഖത്തിൽ ഷാജോൺ അനു സിത്താരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ് അനു സിത്താര എന്നാണ് താരം പറ‍ഞ്ഞത്. ആവശ്യമില്ലാത്ത പരിപാടികളിലോ ​ഗോസിപ്പിലോ അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു കോസ്റ്റ്യൂമിൽ പോലും അനുവിനെ കാണാൻ കഴിയില്ലെന്നാണ് താരം പറയുന്നത്.

സിനിമയിലേക്ക് കടന്നു വന്നപ്പോഴുള്ള അതേ ഇമേജാണ് അവർക്കിപ്പോഴുമുള്ളതെന്നും താരം പറഞ്ഞു. അനു സിത്താരയും ഷാജോണും ആശാ അരവിന്ദും ഒന്നിച്ച് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതിന് മുൻപ് താനും അനുവും അച്ഛനും മകളുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു, സന്തോഷത്തിന് ഷൂട്ടിങ് സമയങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞെന്നും താരം പറഞ്ഞു.

ഇതേ കാര്യം തന്നെയാണ് അനു സിത്താരയും പറഞ്ഞത്. സിനിമയിൽ ഷാജോൺ അനുവിന്റെ മുടി കെട്ടികൊടുക്കുന്ന ഒരു സീൻ ഉണ്ട്. അത് അഭിനയിക്കുമ്പോൾ തന്റെ സ്വന്തം അച്ഛനെ ഓർമ്മ വന്നെന്നുമാണ് അനു പറഞ്ഞത്. മാത്രമല്ല, ഷൂട്ടിങ് ഇടവേളകൾ രസകരമാക്കാൻ താരങ്ങൽ സെറ്റിൽ വെച്ച് അന്താക്ഷരി കളിച്ചതിന്റെ അനുഭവങ്ങളുമെല്ലാം അനു സിത്താര പങ്കുവെച്ചു.

അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിത് ചക്കാലക്കലാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി മല്ലിക സുകുമാരനും ചിത്രത്തിലെ പ്രാധാന്യമുള്ള വേഷമാണ് കൈകാര്യം ചെയ്യുന്നത്. മീസ്-എൻ-സീൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി. തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. കാർത്തിക് എ ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അർജുൻ ടി. സത്യനാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു.