പവനായി മാതൃകയിൽ ആളുകൾ ചാടി ജീവനൊടുക്കിയപ്പോൾ അടച്ചു; ഇപ്പോൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അണ്ണാ നഗർ ടവർ വീണ്ടും തുറക്കുന്നു| anna nagar tower| Nadodikkattu
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇപ്പോഴും ആളുകൾ ഓർക്കുന്നു. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ച ഈ സിനിമ എക്കാലത്തേയും ഹിറ്റ് ആണ്.
സിനിമയിലെ ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പവനായി ടവറിന്റെ മുകളിൽ നിന്നും വീണ് മരിച്ചപ്പോൾ ഉണ്ടായ പവനായി ശവമായി ഡയലോഗ് ഇപ്പോവും ശ്രദ്ധേയമാണ്. ഇപ്പോൾ പവനായിയുടെ ജീവനെടുത്ത അണ്ണാ നഗർ ടവർ പാർക്കാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഒരു ദശാബ്ദത്തിന് ശേഷം ചെന്നൈയിലെ അണ്ണാ നഗർ ടവർ വീണ്ടും തുറക്കുകയാണ്. പവനായിയുടെ മാതൃകയിൽ ടവറിൽ നിന്നു ചിലർ താഴേക്കു ചാടി ജീവനൊടുക്കിയതോടെയാണു 12 വർഷങ്ങൾക്കു മുൻപ് ടവറിലേക്കുള്ള പ്രവേശനം നിരോധിച്ചത്. ടവർ അടച്ചെങ്കിലും അണ്ണാ നഗർ പാർക്ക് തുറന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ടവർ തുറക്കുന്നതിന് മുൻപ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ നിലകളിലും ഗ്രിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. മറ്റു ചില ജോലികൾ കൂടി പൂർത്തിയാക്കി 10 ദിവസത്തിനകം തുറക്കാനാണു തീരുമാനം. 12 നിലകളാണു ടവറിലുള്ളത്. നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ടവറിലും ചുറ്റുമുള്ള പാർക്കിലും ഒട്ടേറെ സന്ദർശകർ എത്തിയിരുന്നു. എന്നാൽ പ്രണയിനികളും മറ്റും ടവറിൽ നിന്നു താഴേക്കേു ചാടി ജീവനൊടുക്കിയതോടെ പ്രവേശനം നിരോധിക്കുകയായിരുന്നു.
2011 മുതൽ പാർക്കിൽ മാത്രമാണ് തുടർന്ന് ഇതുവരെ ആളുകളെ പ്രവേശിപ്പിക്കുന്നത്. 30 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ടവറിൽ എല്ലാ നിലകളിലും ഗ്രിൽ സ്ഥാപിച്ച് പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഭിത്തികളിൽ തമിഴ്നാടിന്റെ സംസ്കാരം പ്രതിഫലിക്കുന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.