Ankhitha Vinod talks with Dhanya Mary Varghese about Dulquer Salmaan-Amal Neerad New Film Video Viral | അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ‘സുകുവിന്റെ പ്രണയ’ത്തില്‍ നായികയാവാന്‍ ക്ഷണം; എന്ത് ചെയ്യണമെന്ന് ധന്യ മേരി വര്‍ഗീസിനോട് ചോദിച്ച് അങ്കിത വിനോദ്, പിന്നീട് സംഭവിച്ചത്


മലയാളികളുടെ മനസില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയും ടി.വി ഷോകളിലൂടെയും ഇടംപിടിച്ച താരമാണ് അങ്കിത വിനോദ്. എന്നും മലയാളികളുടെ സ്വീകരണ മുറിയിലെത്തുന്ന അങ്കിതയ്ക്ക് നിരവധി ആരാധകരുണ്ട്. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച അങ്കിതയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ബിഗ് ബോസ് താരവും അഭിനേതാവുമായ ധന്യ മേരി വര്‍ഗീസിനെ അങ്കിത ഫോണ്‍ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. അങ്കിതയുടെ അടുത്ത സുഹൃത്താണ് ധന്യ. വെറൈറ്റി മീഡിയ എന്ന യൂറ്റിയൂബ് ചാനല്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ ഭാഗമായ പ്രാങ്ക് കോള്‍ ആയിരുന്നു സംഗതി.

അവതാരകയുടെ നിര്‍ദ്ദേശപ്രകാരമാണ് അങ്കിത ഫോണ്‍ വിളിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയാവാനായി തനിക്ക് ക്ഷണം ലഭിച്ചുവെന്നാണ് അങ്കിത ധന്യയെ വിളിച്ച് പറയേണ്ടത്. അത്തരമൊരു ക്ഷണം ലഭിച്ചതിന്റെ ടെന്‍ഷനും എന്ത് ചെയ്യണമെന്ന ആശങ്കയുമെല്ലാം പറഞ്ഞ് ധന്യയെ പ്രാങ്ക് ചെയ്യുകയായിരുന്നു ലക്ഷ്യം.

വളരെ രസകരമായി തന്നെയാണ് അങ്കിത ധന്യയെ ഫോണ്‍ വിളിച്ച് പറ്റിച്ചത്. ധന്യ ഫോണ്‍ എടുത്ത് സാധാരണ സംഭാഷണങ്ങള്‍ക്ക് ശേഷമാണ് അങ്കിത പ്രാങ്ക് തുടങ്ങിയത്. ദുല്‍ഖരിന്റെ സിനിമയില്‍ തനിക്ക് ഓഫര്‍ ലഭിച്ചുവെന്ന് പറഞ്ഞാണ് അങ്കിത തന്റെ ‘പറ്റിക്കല്‍ പരിപാടി’ ആരംഭിച്ചത്.

അടുത്ത മാസം ഷൂട്ടിങ് തുടങ്ങുമെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ധന്യയോട് പറഞ്ഞ അങ്കിത ഇത് തട്ടിപ്പാണോ എന്ന് തനിക്ക് അറിയില്ലെന്നും ‘നിഷ്‌കളങ്കമായി’ ധന്യയോട് പറഞ്ഞു. പ്രമോദ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നെ വിളിച്ചതെന്നും അങ്കിത പറഞ്ഞു. ഇതെല്ലാം കേട്ട് ചിരിയടക്കാന്‍ പാടുപെടുന്ന അവതാരകയെയും വീഡിയോയില്‍ കാണാമായിരുന്നു.

സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ അങ്കിത തുടര്‍ന്ന് സിനിമയുടെ പേരും പറഞ്ഞു. ‘സുകുവിന്റെ പ്രണയം’ എന്നാണ് അങ്കിത പറഞ്ഞ സിനിമാ പേര്. സംവിധായകന്റെ പേര് കൂടി കേട്ടതോടെ ധന്യയ്ക്കും തെല്ലൊരു അമ്പരപ്പ് വന്നു. ബിഗ് ബിയും സാഗര്‍ ഏലിയാസ് ജാക്കിയും ഇയ്യോബിന്റെ പുസ്തകവും ഭീഷ്മപര്‍വ്വവുമെല്ലാം നമുക്ക് സമ്മാനിച്ച സാക്ഷാല്‍ അമല്‍ നീരദ്!

അങ്കിത പറഞ്ഞതെല്ലാം ശരിയാണെന്ന് വിശ്വസിച്ച ധന്യ ‘അമല്‍ നീരദ്’ ചിത്രം ‘സുകുവിന്റെ പ്രണയ’ത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തിരക്കി. ഒടുവില്‍ ചിരിയടക്കാന്‍ പാടുപെട്ട അങ്കിത ഇതൊരു പ്രാങ്ക് കോളാണെന്ന് ധന്യയോട് വെളിപ്പെടുത്തി. ഇതോടെ അവതാരക ഉള്‍പ്പെടെ മൂന്ന് പേരും പൊട്ടിച്ചിരിച്ചു. ഇതൊരു സര്‍പ്രൈസ് ആയിരുന്നുവെന്നാണ് ധന്യയുടെ പ്രതികരണം.

ഫോണ്‍ വയ്ക്കുന്നതിന് മുമ്പ് ‘ഞങ്ങള്‍ക്കൊരു ഇന്റര്‍വ്യൂ തരുമോ?’ എന്ന് ധന്യ മേരി വര്‍ഗീസിനോട് ചോദിച്ച് അവതാരകയും ഒരു ഗോള്‍ അടിച്ചു. എന്തായാലും അങ്കിതയുടെ പ്രാങ്ക് കോള്‍ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി, ഫ്‌ളവേഴ്‌സ് ടി.വിയിലെ എന്റെ ഭാര്യ, മഴവില്‍ മനോരമയിലെ എന്നും സമ്മതം, അനുരാഗം എന്നീ സീരിയലുകളിലാണ് അങ്കിത വിനോദ് അഭിനയിക്കുന്നത്. വിവിധ ടെലിവിഷന്‍ ഷോകളിലൂടെയും അങ്കിത പ്രേക്ഷകര്‍ക്ക് ചിരപരിചിതയാണ്. സ്പര്‍ശം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഈ ഇരുപത്തിയേഴുകാരി ശ്രദ്ധേയയാവുന്നത്.

Summary: Ankhitha Vinod prank call with Dhanya Mary Varghese about Dulquer Salmaan-Amal Neerad New Film, Video Goes Viral.