”ഹായ്, ഹലോ പറയുന്നവർക്ക് പോലും മറുപടി കൊടുക്കാൻ പറ്റാത്ത അവസ്ഥയായി, നേക്കഡ് ഫോട്ടോ ഇടാമോ എന്നാണ് ചോദിക്കുന്നത്”; ദുരനുഭവം വെളിപ്പെടുത്തി അഞ്ജന രാഹുൽ| Anjana Rahul| Content Creator


മലയാളത്തിൽ കണ്ടന്റ് ചെയ്യുന്ന ക്രിയേറ്റർമാരിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലുള്ള കണ്ടന്റുകൾ‌ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് അഞ്ജന രാഹുൽ. വെസ്റ്റേൺ വീഡിയോകളുടെ തിരുവനന്തപുരം വേർഷൻ ആണ് അജ്ഞനയുടെ ഏറ്റവും ഹിറ്റ് ഐറ്റം. ഇള്ളോളം എന്ന പേരിലുള്ള ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഇവർ കണ്ടന്റുകൾ പുറത്ത് വിടുന്നത്.

ഇതേ കണ്ടന്റുകൾ ഫേസ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിലും തനിക്ക് കൂടുതൽ ആരാധകർ ഇൻസ്റ്റ​ഗ്രാമിലാണെന്നാണ് അഞ്ജന പറയുന്നത്. ഇപ്പോൾ വെറൈറ്റി മീഡിയയ്ക്ക് താരം നൽകിയ അഭിമുഖമാണ് ചർച്ചയാകുന്ന്. ലെറ്റ്സ് ചിരി വിത്ത് പൂജ എന്ന പരിപാടിയിൽ വിജെ പൂജയ്ക്കൊപ്പമാണ് അഞ്ജന വിശേഷങ്ങളുമായി എത്തിയത്.

അമേരിക്കയിൽ പത്ത് വർഷത്തോളം സോഫ്റ്റ് വെയർ എൻജിനീയർ ആയി ജോലി നോക്കിയതിന് ശേഷമാണ് തിരുവനന്തപുരം സ്വദേശിനിയായ അഞ്ജന ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം നാട്ടിൽ സ്ഥിര താമസമാക്കിയത്. പക്ഷേ ഇവിടെയും താരത്തിന് ജോലി മടുപ്പായിരുന്നു. ഒടുവിൽ സ്വന്തം താൽപര്യത്തിൽ കണ്ടന്റ് ക്രിയേറ്റർ ആയി മാറുകയായിരുന്നു.

തന്റെ പ്രാദേശിക ഭാഷയായ തിരുവനന്തപുരം സ്ലാങ്ങിന് യാതൊരു മാറ്റവും വരുത്താതെയുളള അവതരണ രീതിയും അഞ്ജനയുടെ പ്രത്യേകതയാണ്. ഇങ്ങനെ ചെയ്യുന്ന യൂട്യൂബർമാർ വേറെയുമുണ്ടെങ്കിലും അഞ്ജനയുടെ സംസാരം കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് എന്നുള്ളതാണ് സത്യം.

ഇൻസ്റ്റ​ഗ്രാമിൽ 119കെ ഫോളോവേഴ്സ് ഉള്ള അഞ്ജനക്ക് ആരാധകരെപ്പോലത്തന്നെ ഹേറ്റേഴ്സുമുണ്ട്. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന പല കമന്റുകളും അസഹനീയമാണെന്നാണ് താരം പറയുന്നത്. എന്നാൽ, മോശം കമന്റ് ചെയ്യുന്നവരോട് എന്തെങ്കിലും പറയാനുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിനോട്, മോശം കമന്റുകൾ ഇട്ടോളു, അത് നിർത്തരുത് എന്നായിരുന്നു അഞ്ജന പറഞ്ഞത്.

അതേസമയം, സോഷ്യൽ മീ‍ഡിയയിൽ കണ്ടന്റ് ചെയ്യുന്ന എല്ലാ സ്ത്രീകളും പറയുന്ന പരാതി അഞ്ജനയ്ക്കുമുണ്ട്. തനിക്കും ധാരാളം അശ്ലീല മെസേജുകൾ വരാറുണ്ടെന്നാണ് ഇവർ പറയുന്നത്. ഹലോ, ഹായ് എന്ന് മെസേജ് അയയ്ക്കുന്നവർക്ക് പോലും മറുപടി കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. മറുപടി കൊടുത്താൽ ഉടനെ അശ്ലീല മെസേജുകളാണ്. നേക്കഡ് ഫോട്ടോ ഇടാമോ എന്നെല്ലാം ചോദിക്കും- അഞ്ജന രാഹുൽ പറഞ്ഞു. മാത്രമല്ല, ഫേസ്ബുക്ക് അമ്മാവൻമാർ മാത്രമല്ല, ഇൻസ്റ്റ​ഗ്രാമിലും അങ്ങനെയുണ്ട്. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്ക് പോലെയായി എന്നാണ് അഞ്ജനയുടെ അഭിപ്രായം.