”ചെറിയ സിനിമയാണോ വലിയ സിനിമയാണോയെന്ന് നോക്കിയിട്ടല്ല ഞാൻ പ്രമോഷൻ ചെയ്യുന്നത്”; സംയുക്തക്കെതിരായ പരാതിയിൽ പ്രതികരണവുമായി അനിഖ സുരേന്ദ്രൻ|Samyuktha menon| anikha surendran


ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രമോഷന് നടി സംയുക്ത മേനോൻ പങ്കെടുക്കാതിരുന്നത് ഈയിടെ ചർച്ചയായിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അജി മേടയിലും നടൻ ഷൈൻ ടോം ചാക്കോയും പത്രസമ്മേളനത്തിൽ താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് നടി അനിഖ സുരേന്ദ്രൻ.

വലിയ സിനിമയാണോ ചെറിയ സിനിമയാണോയെന്ന് താനിതുവരെ നോക്കിയിട്ടില്ലെന്നാണ് അനിഖ പറഞ്ഞത്. ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ പ്രസ് മീറ്റിൽ ബൂമറാങ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയായാണ് താരം ഇത്തരത്തിൽ സംസാരിച്ചത്.

ഏത് സിനിമ ആണെങ്കിലും ഞാൻ ഈക്വൽ എഫേർട്ടാണ് എടുക്കുന്നത്. കൊമേർഴ്സ്യൽ പർപ്പസിനാണെങ്കിലും വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാൻ ഇതുവരെ നോക്കിയിട്ടില്ല- അനിഖ വ്യക്തമാക്കി. ഇതേ വിഷയത്തിൽ നടി മഞ്ജു പിള്ളയും തന്റെ നിലപാട് വ്യക്തമാക്കി. പ്രൊഡക്ഷൻ മുതൽ സംവിധായകർ വരെ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് സിനിമയെന്നും ഇതിൽ ഒരാൾ പോലുമില്ലെങ്കിൽ വലിയ നഷ്ടമാണെന്നും താരം വ്യക്തമാക്കി.

എല്ലാവരും കഥാപാത്രങ്ങളെയാണ് തരുന്നത്, എല്ലാവരും കാശാണ് തരുന്നത്. നമ്മുടെ അന്നമാണ്. അപ്പോൾ എല്ലാം ഒരുപോലെ തന്നെയാണ്. മക്കളെ രണ്ടായിട്ട് കാണാൻ പറ്റില്ലല്ലോ. എല്ലാവരും ഒരേ എഫോർട്ടാണ് ഇടുന്നത്. പ്രൊഡക്ഷനിൽ ചായ തരാൻ നിൽക്കുന്ന പയ്യൻ മുതൽ പ്രൊഡ്യൂസറും ഡയറക്ടറും വരെ ഒരേ എഫോർട്ടാണ് ഇടുന്നത്. ഇവരെല്ലാം ചേരുന്നതാണ് സിനിമ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ- മഞ്ജു പിള്ള വ്യക്തമാക്കി.

ബൂമറാങ് സിനിമയുടെ പ്രമോഷനിടെ സംയുക്ത തന്റെ ജാതിവാൽ ഒഴുവാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തെ അധികരിച്ചായിരുന്നു ഷൈൻ ടോം ചാക്കോ നടി വരാത്തതിനെതിരെ പ്രതികരിച്ചത്. വളരെ രൂക്ഷമായ രീതിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ സിനിമയുടെ പ്രമോഷന് അവർ വന്നില്ല?– എന്നായിരുന്നു ഷൈൻ ടോം ചോദിച്ചത്.

‘‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്. ’– ഇങ്ങനെയായിരുന്നു ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ.