”വീട്ടിലുള്ളവരുടെ അടുത്ത് എടുക്കുന്ന സ്പേസ് എല്ലാവരോടും എടുക്കുമായിരുന്നു, വായിൽ തോന്നിയത് പറയുന്ന ശീലം മാറ്റി”; സിനിമാ വിശേഷങ്ങളുമായി അനാർക്കലി മരയ്ക്കാർ|Anarkali Marikar| sulaikha manzil


വിനീത് ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ലഭിച്ചിരുന്ന പോലെ സ്വീകാര്യതയുള്ള അഭിമുഖമായിരുന്നു ഒരു സമയത്ത് യുവനടി അനാർക്കലി മരയ്ക്കാർക്കും ലഭിച്ചിരുന്നത്. ഉള്ളിലുള്ള കാര്യങ്ങൾ മറച്ച് വയ്ക്കാതെ അതേപോലെ തുറന്ന് പറയുന്നതായിരുന്നു താരത്തിന്റെ പതിവ് രീതി. ഇത് ആളുകൾക്ക് ഇഷ്ടവുമായിരുന്നു. അതേസമയം തന്റെ അഭിമുഖങ്ങളുടെ പേരിൽ ഒരുപാട് ട്രോളുകളും നടി ഏറ്റ് വാങ്ങിയിട്ടുണ്ട്.

എന്നാൽ വായിൽ തോന്നിയത് പറയുന്ന പഴയ ശീലം താൻ നിർത്തിയെന്നാണ് അനാർക്കലി പറയുന്നത്. താൻ അങ്ങനെയാണ് വളർന്നത് എന്നും എന്നാൽ നമ്മൾ എന്താെണെന്ന് ചിന്തിക്കുന്നത് എന്ന് എല്ലായിടത്തും പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി മനസ് തുറന്നത്.

”ഓപ്പൺ ആയിട്ട് സംസാരിക്കാനാണ് ഞാൻ പഠിച്ചത്. എന്റെ അമ്മയോടാണ് ഞാൻ ഏറ്റവും ഓപ്പൺ ആയിട്ട് സംസാരിക്കാറുള്ളത്, അങ്ങനെയാണ് എന്നെ വളർത്തിയത്. എന്തും തുറന്ന് പറയാനുള്ള സ്പേസ് വീട്ടിൽ ഉണ്ടായിരുന്നു. ആ സ്പേസ് ഞാൻ എല്ലാവരുടെ അടുത്തും എടുക്കുമായിരുന്നു. അത് തന്നെയാണ് ഇന്റർവ്യൂകളിലും സംഭവിച്ചത്. അത് നല്ലൊരു കാര്യമായിരുന്നോ എന്നെനിക്ക് അറിയില്ല.

കേൾക്കുന്നവർ ഉറപ്പായിട്ടും എൻജോയ് ചെയ്തിരുന്നു. ആ സമയത്തെ എന്റെ ഒരു ഇന്നസെന്റ്സിൽ ചെയ്തതാണ്. നമ്മൾ എല്ലാം തുറന്ന് സംസാരിക്കുന്ന ആൾക്കാർ ആയിരിക്കണം എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ അങ്ങനെ വിശ്വസിക്കുന്നില്ല. താരെ ഫിൽട്ടർ ചെയ്യാതെ വായിൽ തോന്നുന്നത് എല്ലാം ഓപ്പൺ ആയിട്ട് പറയണ്ട എന്ന് തീരുമാനിച്ചു”- അനാർക്കലി വ്യക്തമാക്കി.

ബാലതാരമായി സിനിമയിൽ എത്തിയ അനാർക്കലി തന്റെ ബിരുദ പഠനകാലത്താണ് സിനിമകളിൽ സജീവമാകുന്നത്. ഇനി സിനിമ അല്ലാതെ വേറെ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നും കൂടുതൽ പഠിക്കണമെന്നുമെല്ലാം ആ​​ഗ്രമുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം, കൃത്യമായ പ്ലാനുകൾ ഉണ്ടായി വരുന്നേയുള്ളൂവെന്നും താരം വ്യക്തമാക്കി.

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തൻ്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള താരമാണ്. ശക്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ താരം കാട്ടാറുള്ള പ്രത്യേക ശ്രദ്ധ ഏറെ പ്രശംസനീയമാണ്. പാർവതി പ്രധാന വേഷത്തിൽ എത്തിയ ‘ഉയരെ’യിൽ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.