”ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി, പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു”: ബാലക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭിരാമി| Amrutha Suresh| Bala| Abhirami Suresh


ഉദര രോ​ഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ഗുരുതരാവസ്ഥയിലായിരുന്ന ബാലയെ കാണാനായി നടൻ ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തിയിരുന്നു. എൻഎം ബാദുഷ വിഷ്ണു മോഹൻ തുടങ്ങിയവരുടെ കൂടെയായിരുന്നു അദ്ദേഹം ബാലയെ കണ്ടത്. ഇതിനിടെ ബാലക്ക് തന്റെ മകളെ കാണണം എന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു.

ഇപ്പോൾ ബാലയുടെ മുൻ ഭാര്യ അമൃത സുരേഷും മകളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ബാലയെ കണ്ടു. അമൃതയുടെ സഹോദരി അഭിരാമിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തങ്ങൾ കുടുംബസമേതം എത്തി ബാലയെ കണ്ടു എന്ന് അഭിരാമി പറഞ്ഞു. അതേസമയം ബാലയുടെ ഭാ​ഗത്ത് നിന്ന് ആരും അറിയിച്ചിട്ടല്ല, തങ്ങൾ സ്വമേധയാ ആശുപത്രിയിൽ എത്തിയതാണെന്നും അഭിരാമി നേരത്തെ പറഞ്ഞിരുന്നു.

ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു എന്നാണ് അഭിരാമി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. ചെന്നൈയിൽ നിന്ന് ബാലയുടെ സഹോദരൻ ശിവ എത്തിയിട്ടുണ്ടെന്നും നിലവിൽ വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അഭിരാമി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാലയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ചികിത്സയുടെ ഭാഗമായി ബാല ഒരാഴ്ച മുൻപും ആശുപത്രിയിലെത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്നലെ ആശുപത്രിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തും അവരുടെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

നടനും സംവിധായകനുമായ ബാല അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തി 2007ൽ റിലീസ് ചെയ്ത ബി​ഗ് എന്ന ചിത്രത്തിൽ ബാലയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ബാല മലയാളത്തിൽ ധാരാളം ആരാധകരുള്ള നടനായി മാറി.

തുടർന്ന് പുതിയ മുഖം, ഹീറോ, അലക്സാണ്ടർ ദി ​ഗ്രേറ്റ്, ഹീറോ, വീരം, എന്ന് നിന്റെ മൊയ്ദീൻ, പുലിമുരു​ഗൻ, ആനക്കള്ളൻ, ലൂസിഫർ, തമ്പി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എന്നാൽ ഏറെക്കാലമായി മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം 2021ൽ മൈ ഡിയർ മച്ചാൻസ് എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തി. 2022ൽ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

2010ൽ ഐഡിയ സ്റ്റാർ സിം​ഗർ ഫെയിം അമൃത സുരേഷുമായി ബാലയുടെ വിവാഹം കഴിഞ്ഞിരുന്നു. 2012ൽ ഇവർക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാൽ 2019ൽ ബാലയും അമൃതയും വിവാഹമോചിതരായി. തുടർന്ന് 2021ൽ ഡോക്ടറായ എലിസബത്ത് ഉദയനുമായി ബാലയുടെ വിവാഹം നടന്നു.