സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ഗുരുതര പരിക്ക്| amitabh bachchan| injured
ബോളിവുഡ് താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. രാംഗോപാൽ വർമയുടെ ‘ഡിപ്പാർട്ട്‌മെന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ നെഞ്ചിൽ പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പറഞ്ഞു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു.
വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്.
താരത്തിന് പരിക്കേറ്റതിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. ദീപിക പദുക്കോൺ ആണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.
‘ഗുഡ്‍ബൈ’ എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ‘ഗുഡ്‍ബൈ’ക്കുണ്ട്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്തത്. വികാസിൻറേത് തന്നെയാണ് ചിത്രത്തിൻറെ രചനയും. നീന ഗുപ്‍ത, സുനിൽ ഗ്രോവർ, പാവൈൽ ഗുലാത്തി, ഷിവിൻ നരംഗ്, സാഹിൽ മെഹ്‍ത, അഭിഷേക് ഖാൻ, എല്ലി അവ്‍റാം, ടീട്ടു വർമ്മ, പായൽ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹൻസ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
1982ല്‍ ബോളിവുഡിലെ യുവതാരമായി കത്തിനില്‍ക്കുന്ന വേളയില്‍ കൂലിയെന്ന സിനിമയുടെ ഷൂട്ടിങിനിടെ ബച്ചന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമായത്.