”ബോളിവുഡിലേക്ക് ഉടൻ ഇറക്കുമതി ചെയ്യാവുന്ന ഒരു പ്രഫഷണൽ. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ സ്ട്രെങ്ത്ത് എന്തെന്ന് അറിയാം”; പൃഥ്വിരാജിനെ വാനോളം പുകഴ്ത്തി സംവിധായകൻ| alphonse puthren| Prthviraj
നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംവിധായകൻ അൽഫോൻസ് പുത്രൻ ഗോൾഡ് എന്ന സിനിമ സംവിധാനം ചെയ്തത്. പക്ഷേ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. സിനിമ റിലീസ് ചെയ്തതിന് ശേഷം അൽഫോൻസിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്ലാം ട്രോൾ മഴയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ഇനി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കില്ല എന്ന് പ്രസ്താവിച്ചിരുന്നതുമാണ്.
ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെക്കുറിച്ച് അൽഫോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പരാമർശം. പൃഥ്വിരാജിന്റെ ഏതാനും ഫോട്ടോകൾ സഹിതമാണ് പോസ്റ്റ്. ബോളിവുഡിലേക്ക് ഉടൻ ഇറക്കുമതി ചെയ്യാൻ പോകുന്ന ഒരു പ്രഫഷണൽ എന്നാണ് അൽഫോൻസ് പുത്രൻ പൃഥ്വിയെ വിളിക്കുന്നത്. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ സ്ട്രെങ്ത്ത് എന്തെന്ന് അറിയാമെന്നും പോസ്റ്റിൽ പറയുന്നു.
“ഡയലോഗുകൾ പഠിക്കുമ്പോൾ പൃഥ്വിരാജ് (രാജു) ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെയാണ്. അഭിനയിക്കുമ്പോൾ 6 അഭിനേതാക്കളുടെ ഡയലോഗുകളെങ്കിലും അദ്ദേഹം തിരുത്തിയത് ഞാൻ ഓർക്കുന്നു. ഹോളിവുഡിലേക്ക് ഉടൻ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണൽ. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ ശക്തി അറിയാം. മൊഴി, കനാ കണ്ടേൻ, ഇന്ത്യൻ റുപ്പി, നന്ദനം, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് രാജുവിന്റെ ഇഷ്ടപ്പെട്ട സിനിമകൾ. തനി തങ്കം…”- ഇങ്ങനെയായിരുന്നു അൽഫോൻസിന്റെ വാക്കുകൾ.
നിരവധി ഹൃസ്വ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അൽഫോൻസ് പുത്രന്റെ നേരം ആണ് ആദ്യമായി ശ്രദ്ധ നേടിയത്. വിജയ് സേതുപതി, ബോബി സിൻഹ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച The Angel ആയിരുന്നു അടുത്ത ഷോർട്ട് ഫിലിം. അൽഫോൺസ് ചെയ്ത എല്ലാ ഷോർട്ട് ഫിലിമുകളും തമിഴിലായിരുന്നു. സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ൽ നിവിൻ പോളിയെ തന്നെ നായകനാക്കി അൽഫോൻസ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് ചിത്രത്തിലും അൽഫോൻസ് പുത്രൻ അഭിനയിച്ചിട്ടുമുണ്ട്.